ഭവനരഹിതരെ അന്വേഷിച്ചുള്ള സര്‍വേയില്‍ ആര്‍ച്ച് ബിഷപ് പങ്കെടുത്തു

0
448

ബംഗളൂരു: ഭവനരഹിതരെ തേടിയുള്ള സര്‍വേയില്‍ ബംഗളൂരു അതിരൂപതാധ്യക്ഷന്‍ ഡോ. പീറ്റര്‍ മെക്കാഡോയും പങ്കാളിയായി. അനാഥകുട്ടികളെ സംരക്ഷിക്കുന്ന ഡ്രീം ഇന്ത്യ നെറ്റ്‌വര്‍ക്കിന്റെ സ്ഥാപകന്‍ ഫാ. എഡ്വേര്‍ഡ് തോമസിനെ സര്‍വേ നടത്താന്‍ ബംഗളൂരു കോര്‍പ്പറേഷന്‍ നിയോഗിക്കുയായിരുന്നു.

തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന ഭവനരഹിതരുടെ സ്ഥിതിവിവരക്കണക്ക് എടുക്കാന്‍ രാത്രി പത്തിനും പന്ത്രണ്ടിനും ഇടയിയില്‍ നടന്ന സര്‍വേയിലാണ് രണ്ടു ദിവസം ഡോ. പീറ്റര്‍ മെക്കാഡോ പങ്കെടുത്തത്. കല്ലാരിപാളയം ടെമ്പിള്‍, കെസഗുസാ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്തു.
സര്‍വേക്കുശേഷം ആര്‍ച്ച് ബിഷപ് മെക്കാഡോ വീടില്ലാത്തവരുടെ കൂടെ ജെസ്റ്റിക്കില്‍ കുര്‍ബാനയര്‍പ്പിക്കുകയും അത്താഴം കഴിക്കുകയും ചെയ്തു. ഇതിനൊരു പരിഹാരം കാണുവാന്‍ എല്ലാവരും ഏകമനസായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡ്രീം ഇന്ത്യ നെറ്റ് വര്‍ക്കിന്റെ നേതൃത്വത്തില്‍ ബംഗളൂരു സിറ്റിയിലെ വിവിധ ഭാഗങ്ങളില്‍ സര്‍വേ നടത്തി. ഫാ. തോമസും ഇംപാക്ട് ഇന്ത്യയുടെ കണ്‍വീനര്‍മാരായ ഉഭയകുമാറും സര്‍വേക്ക് നേതൃത്വം നല്‍കി.

സര്‍വേ ടീമിനെ ഒരുക്കാന്‍ ബോസ്‌കോ മെയില്‍ ഒരു ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു. ജില്ലയുടെ പല ഭാഗങ്ങളില്‍ വീടില്ലാതെ കഴിയുന്ന വ്യക്തികള്‍ക്ക് വീടുണ്ടാക്കുവാന്‍ സ്ഥലം ലഭ്യമാണെന്നും സഹോദരങ്ങള്‍ ഭവനമില്ലാതെ തെരുവില്‍ കഴിയുന്നത് വളരെ ഹൃദയഭേദകമാണെന്നും നാം അവര്‍ക്കുവേണ്ടി കെട്ടിടങ്ങള്‍ പണിയണമെന്നും ഫാ. എഡ്വേര്‍ഡ് തോമസ് പറഞ്ഞു. പരിപാടികളില്‍ പങ്കെടുക്കാന്‍ പല എന്‍ജിഒയുടെ പ്രതിനിധികളും എത്തിച്ചേര്‍ന്നിരുന്നു. സര്‍വേ ഡെപ്യൂട്ടി കമ്മീഷണര്‍ ജഗദീഷ് സര്‍വേ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസത്തോളം നീണ്ടുനിന്നു. സര്‍വേയില്‍ പാര്‍പ്പിടമില്ലാത്ത 1255 കുടുംബങ്ങളെ കണ്ടെത്തി.