ഭവനരഹിതർക്ക് ആശ്വാസഗോളുമായി ‘ടീം എഫ്.സി’

0
288
യു.കെ: കാൽപ്പന്തുകളിയിലെ ഐക്യവും ഊർജസ്വലതയും ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കും പ്രസരിപ്പിക്കാൻ ഫുട്‌ബോൾ ക്ലബ്ബുകൾ മത്‌സരിക്കുമ്പോൾ, ഭവനരഹിതർക്ക് ലഭിക്കും നിരവധി ആശ്വാസഗോളുകൾ! പ്രീമിയർ ലീഗിലെ രണ്ട് പ്രമുഖ ക്ലബ്ബുകളായ ഹഡേഴ്‌സ് ഫീൽഡ് എ.എഫ്.സിയും സൗതാംപ്ടൺ എഫ്.സിയും തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കായി  ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതികളാണ് ആശ്വാസഗോളുകളായി വിശേഷിപ്പിക്കുന്നത്.
തെരുവിൽ അന്തിയുറങ്ങുന്ന നിരാലംബരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഹഡേഴ്‌സ് ഫീൽഡിന്റെ ചാരിറ്റി വിഭാഗമായ ‘ദ ടൗൺ ഫൗണ്ടേഷൻ’ മാർച്ച് ഒൻപതിന് നടത്തുന്ന ‘ബിഗ് നൈറ്റ് ഔട്ട്’ മുന്നേറ്റമാണ് ഇതിൽ  പ്രധാനം.
ഹഡേഴ്‌സ് ഫീൽഡ് എ.എഫ്.സി ചെയർമാൻ ഡീൻ ഹെയ്‌നിന്റെ നേതൃത്വത്തിൽ സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖർ ജോൺ സ്മിത്ത് ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ അന്നേ ദിനം അന്തിയുറങ്ങും. അതിനോട് അനുബന്ധിച്ച് നടത്തുന്ന ധനസമാഹരണം പൂർണമായും ഭവനരഹിതർക്ക് സഹായത്തിനായി ചെലവഴിക്കാനാണ് തീരുമാനം.
ഭവനരഹിതരെ കണ്ടെത്തി അവർക്ക് അനുയോജ്യമായ മേഖലകളിൽ തൊഴിൽ പരിശീലനവും തുടർന്ന് അനുബന്ധ സ്ഥാപനങ്ങളിൽ തൊഴിലും ലഭ്യമാക്കുന്ന സൗതാംപ്ടൺ എഫ്.സി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ക്ലബ്ബിന്റെ ചാരിറ്റി വിഭാഗമായ ‘ദ സെയ്ന്റ്‌സ് ഫൗണ്ടേഷ’നാണ് ഇതിന് നേതൃത്വം കൊടുക്കുക.  ഇതിനകം നാലുപേർക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിച്ചെന്ന് സൗത്താപ്റ്റൺ എഫ്.സി അതികൃതർ വ്യക്തമാക്കി.
ഇംഗ്ലണ്ടിലെ ജനജീവിതത്തിന്റെ ഭാഗമായ ഫുട്‌ബോൾ ക്ലബ്ബുകൾ ഇത്തരം ഗുണകരമായ പദ്ധതികളുമായി മുന്നോട്ടുവരുന്നത് ശ്ലാഘനീയമാണെന്ന് വെസ്റ്റ് മിനിസ്റ്റർ രൂപതയുടെ സ്‌പോർട്ട് ചാപ്ലൈനായ മോൺ. വ്‌ളാട്മീർ ഫെൽസ്മാൻ അഭിപ്രായപ്പെട്ടു. അനുകരണീയമായ ഈ മാതൃക രാജ്യത്തെ മറ്റു ക്ലബ്ബുകളും പി
ന്തുടർന്ന് ആലംബഹീനരുടെ കണ്ണീരൊപ്പാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഭവനരഹിതരെ സഹായിക്കുന്ന സന്നദ്ധസംഘടനയായ ‘ദപാസേജി’ന്റെ ട്രസ്റ്റിയും ‘ജോൺ പോൾ സെക്കൻഡ് ഫൗണ്ടേഷൻ ഫോർ സ്‌പോർട്‌സി’ന്റെ സി.ഇ.ഒയുമാണ് മോൺ വ്‌ളാട്മീർ. ഇംഗ്ലണ്ടിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആഹ്ലാദത്തോടെയാണ് പൊതുസമൂഹം ഇതിനെ നോക്കിക്കാണുന്നത്.