ഭാരത സഭയ്ക്കു പുതിയ രണ്ടു മെത്രാന്മാർ

0
314

ന്യൂഡൽഹി: ഭാരത സഭക്ക് രണ്ടു പുതിയ മെത്രാൻമാരെ പ്രഖ്യാപിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പയുടെ നിയമന ഉത്തരവ്. പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് രൂപതയുടെ അദ്ധ്യക്ഷനായി ഫുൾജെൻസ് അലോഷ്യസ് തിഗയെയും അരുണാചൽ പ്രദേശിലെ മിയാവോ രൂപതയുടെ സഹായമെത്രാനായി സലേഷ്യൻ അംഗമായ ഡെന്നീസ് പൻപിച്ചൈയെയുമാണ് മാർപാപ്പ നിയമിച്ചത്. ബെട്ടൈയ്യ രൂപതയുടെ വികാരി ജനറാളായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു റായ്ഗഞ്ച് രൂപതയുടെ നിയുക്തമെത്രാൻ ഫുൾജെൻസ് അലോഷ്യസ് തിഗ.

ഗുംല രൂപതയിലെ 1965 മാർച്ച് 3 നായിരുന്നു അദ്ദേഹത്തിൻറെ ജനനം. വരാണസിയിലും ഭോപ്പാലിലുമായി, തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കുകയും അലഹബാദ് സർവ്വകലാശാലയിൽ നിന്ന് ബിഎ ബിരുദം നേടുകയും ചെയ്ത അദ്ദേഹം 1997 മാർച്ച് 3ന് മുസാഫർപൂർ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. 1998-ൽ സ്ഥാപിതമായ ബെട്ടൈയ്യ രൂപതയിൽ സേവനം ആരംഭിച്ച അദ്ദേഹം വിവിധ ഇടവകകളിൽ വികാരി, രൂപതാദൈവവിളി സമിതിയുടെ മേധാവി, രൂപതാ ആരാധനാക്രമസമിതിയുടെ അദ്ധ്യക്ഷൻ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

അരുണാചൽ പ്രദേശിലെ മിയാവോ രൂപതയുടെ സഹായ മെത്രാനായി നിയമിതനായ ഡെന്നിസ് പൻപിച്ചൈ തമിഴ്‌നാട്ടിലെ കോട്ടാർ രൂപതയിൽ ഉൾപ്പെട്ട കൊളച്ചെൽ സ്വദേശിയാണ്. 1958 ജൂലൈ 27ന് ജനിച്ച അദ്ദേഹം സലേഷ്യൻ സമൂഹത്തിൽ ചേരുകയും നാഷിക്, തിൻസുക്കിയ എന്നിവിടങ്ങളിലായി തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് ദൈവശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തരബിരുദം കരസ്ഥമാക്കി. 1991 ഡിസംബർ 27ന് പൗരോഹിത്യം സ്വീകരിച്ചു. സലേഷ്യൻ സമൂഹത്തിൻറെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവി, ഇടവക വികാരി, സലേഷ്യൻ സഭയുടെ പ്രൊവിൻഷ്യൽ സമിതിയംഗം തുടങ്ങിയ വിവിധ പദവികൾ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.