ഭൂതം, പ്രേതം, മരിച്ചുപോയവരുടെ ശല്യം: എന്താണ് യാഥാർത്ഥ്യം?

1521

പ്രേതം, ഭൂതം, മരിച്ചുപോയവരുടെ ആത്മാവിന്റെ ശല്യം. ആധുനിക ടെലിവിഷൻ ഷോകളിൽ ഏറ്റവുമധികം പ്രേക്ഷകരുള്ള പരിപാടികളിൽ ഒന്നാം സ്ഥാനം നേടുന്നവയുടെ പ്രമേയങ്ങളാണിവ.

എബിസി ടെലിവിഷൻ ചാനലിലെ വളരെ ജനപ്രീതിയാർജിച്ച ഷോയാണ് ‘റിസറക്ഷൻ’. ജേക്കബ് എന്ന എട്ടുവയസ്സുകാരൻ പുഴയിൽ മുങ്ങിമരിച്ചു. 32 വർഷംകഴിഞ്ഞ് ചൈനയിൽ അവൻ തിരിച്ചുവരുന്നു…

നോബൽ സമ്മാനംപോലും നേടിയിട്ടുള്ള ഫ്രഞ്ച് നോവലിസ്റ്റ് സ്റ്റീഫൻ കിങ്ങിനെപ്പോലുള്ളവർ നിരവധി നോവലുകളിലും രചനകളിലും മരിച്ചവരുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള വിവരണങ്ങൾ നൽകിയാണ് വായനക്കാരുടെ മനസിനെ കീഴടക്കിയിട്ടുള്ളത്.

ജേസൻ മോട്ടിന്റെ ‘ദ റിട്ടേൺട്’ ഒരു കാലത്ത് അനേകായിരങ്ങളുടെ ചിന്തകളെ ഇളക്കിമറിച്ച നോവലായിരുന്നു. തന്റെ മരിച്ചുപോയ അമ്മയെക്കുറിച്ചുള്ള സ്വപ്‌നത്തിൽനിന്നുരുത്തിരിഞ്ഞ ആ നോവലിൽ മരിച്ചവർ പല സ്ഥലങ്ങളിലും തിരിച്ചുവന്ന് വലിയ കോളിളക്കം സൃഷ്ടിക്കുന്നതാണ് പ്രമേയം. സി.എൻ.എൻ പോലുള്ള ചാനലുകൾ വലിയ രീതിയിൽ ചർച്ചചെയ്ത നോവലായിരുന്നു അത്.

2004 ൽ പുറത്തിറങ്ങിയ ‘ദേ കെയ്ം ബാക്ക്’ അന്തർദേശീയ തലത്തിൽ അംഗീകാരം നേടുകയും എമ്മി അവാർഡുപോലും സ്വന്തമാക്കുകയും ചെയ്തു. മരിച്ചവർ തിരിച്ചുവരുന്നതായിരുന്നു പ്രമേയം. അതിന്റെ രണ്ടാം സീസൺ പ്രൊഡക്ഷൻ ആരംഭിച്ചുകഴിഞ്ഞു.

2002 ൽ പുറത്തിറങ്ങിയ ജാപ്പനീസ് ഫിലിം ‘യോമിഗേരി’ ആസോ നഗരത്തിൽ പൊടുന്നനെ ഉയിർത്തെഴുന്നേൽക്കുന്ന മരിച്ചവരെക്കുറിച്ചാണ് സംസാരിക്കുന്നത്. ബിബിസി 3 സീരീസ് ‘ഇൻ ദ ഫ്‌ളഷ്’ റോവാർട്ടൺ എന്ന സാങ്കൽപിക നഗരത്തിൽ മരിച്ചവരിൽനിന്ന് അനേകർ തിരിച്ചുവരുന്ന കഥയാണ് പ്രമേയമായി അവതരിപ്പിക്കുക.

‘ദ 4400’, ‘പെറ്റ് സമറ്ററി’, ‘ഡെത്ത് വിത് ഇന്ററപ്ഷൻസ്’, ‘ഫെയ്‌സിംഗ് എ പിറ്റിലെസ് വോയ്ഡ്’ തുടങ്ങി നോവലുകളും സിനിമകളും ഷോകളും നിരവധിയാണ് – മരിച്ചവർ തിരിച്ചുവരുന്ന പ്രമേയമുള്ളത്… അവയുടെ അവതരരീതിയിലും പ്രമേയത്തിലും വ്യത്യസ്തതകളും ആകർഷണങ്ങളുമുണ്ടെങ്കിലും എല്ലാവരും മുന്നോട്ട് വയ്ക്കുന്ന ആശയം മരിച്ചവർ തിരിച്ചുവരുന്നതിനെക്കുറിച്ചാണ്…

ഈ നാളുകളിൽ നിരവധി നോവലുകളും ടെലിവിഷൻ ഷോകളും മരിച്ചവരുടെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുകയും വലിയ മുതൽമുടക്കോടെ പ്രേക്ഷകരിലെത്തുകയും ചെയ്യുന്നുണ്ട്. പണമാണ് പ്രധാനം! മറ്റൊരു യാഥാർത്ഥ്യത്തെക്കുറിച്ചും ഈ ഷോകൾക്ക് പിന്നിലുള്ളവർ ചിന്തിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. സത്യത്തിൽനിന്ന് മനുഷ്യരെ എത്ര വ്യതിചലിപ്പിക്കുന്നുവെന്നുപോലും.

മുതിർന്നവർക്ക് വെറുമൊരു ‘എന്റർടെയ്ൻമെന്റായി’ അതിനെ ചിലപ്പോൾ തള്ളിക്കളയാനായേക്കാം. പക്ഷേ, നമ്മുടെ കുഞ്ഞുങ്ങളുടെയും യുവതലമുറയുടെയും സ്ഥിതി അതല്ല. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകളാണ് ഇത്തരത്തിലുള്ള എല്ലാ ഷോകളും നൽകുന്നത്. പിശാച് ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒരു കാര്യവും ഇതുതന്നെയാണ്; മരണാനന്തര ജീവിതത്തെക്കുറിച്ച് ആർക്കും വ്യക്തതയുണ്ടാവാൻ പാടില്ല.

മരിച്ചവർ തിരിച്ചുവരുമോ?

മരിച്ചവർക്ക് ഏതെങ്കിലും വിധത്തിൽ ഭൂമിയിലുള്ളവരെ സ്വാധീനിക്കാനും ഇവിടേക്ക് തിരിച്ചുവരാനും സാധിക്കുമോ? കത്തോലിക്കാ വിശ്വാസമനുസരിച്ച് മരിച്ചവർ മൂന്ന് സ്ഥലങ്ങളിലാണ് പോകുവാൻ സാധ്യതകളുള്ളത്; സ്വർഗത്തിലും, നരകത്തിലും, ശുദ്ധീകരണസ്ഥലത്തും. ഔദ്യോഗികമായി ആരും നരകത്തിൽ പോയതായി സഭ പ്രഖ്യാപിച്ചിട്ടില്ല, ഇന്നുവരെ. എന്നാൽ സ്വർഗത്തിൽ വസിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്. അവരാണ് നാമകരണം ചെയ്യപ്പെട്ട ഓരോ വിശുദ്ധരും. നരകത്തിൽപോയ ധനവാനെക്കുറിച്ച് ഉപമയായിട്ടാണെങ്കിലും ബൈബിളും രേഖപ്പെടുത്തുന്നുണ്ട്.

മരിച്ചവർ തിരിച്ചുവന്നതിനെക്കുറിച്ച് ബൈബിളിൽ പലയിടത്തും വായിക്കാം. ”നീ എന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയതെന്തിന്?” (1 സാമുവൽ 28:15). സാവൂളിന്റെ നിർദേശപ്രകാരം ഒരു മന്ത്രവാദിനി മരിച്ചുപോയ സാമുവലിനെ വിളിച്ചുവരുത്തുന്ന ഭാഗമാണിത്. ശേഷം കർത്താവിന് സാവൂളിനോട് പറയാനുള്ള കാര്യങ്ങളാണ് സാമുവൽ പറയുന്നതും. മന്ത്രവാദിയുടെ സഹായത്തിനായി സാവൂൾ എത്തുന്നത് വഴിതെറ്റിയല്ല, ദൈവം സഹായിക്കുന്നില്ല എന്ന പരാതിയുമായിട്ടാണ്. ദൈവം സഹായിക്കാത്തതിന്റെ കാരണം പറഞ്ഞുകൊടുക്കുന്നത് സാമുവലാണ്. സാവൂളിന്റെ ജീവിതത്തെ രക്ഷിക്കാൻ ദൈവം അനുവദിച്ച ഒരു ‘അത്ഭുതം’ എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. അത്ഭുതങ്ങൾ സാധാരണ സംഭവങ്ങൾക്കുള്ള അപവാദമാണല്ലോ.

മരിച്ചവർ തിരിച്ചുവരും എന്നുസ്ഥാപിക്കാൻ പലരും ഉപയോഗിക്കുന്ന പഴയനിയമ ബൈബിൾ ഭാഗവും ഇതാണ്. ഒരുപരിധിവരെ മരിച്ചതിനുശേഷം തിരിച്ചുവന്ന ചിലരെയെങ്കിലും പുതിയ നിയമത്തിലും കാണുന്നുണ്ട്. ലാസർ മരിച്ചതിനുശേഷം തിരിച്ചുവന്ന വ്യക്തിയാണല്ലോ. ജായ്‌റോസിന്റെ മകളും മരിച്ചശേഷം തിരിച്ച് ജീവനിലേക്ക് വന്നവരാണ്. പക്ഷേ, അവർ യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങിവന്നുവെന്നുമാത്രം. ഇന്നത്തെ ചിന്തകളിൽ കാണുന്നപോലെ, പ്രേതമായിട്ടോ ആത്മാവായിട്ടോ ഒന്നുമല്ല.

പുനരുത്ഥാനം ഒരു യാഥാർത്ഥ്യമാണ്. അതു തെളിയിക്കുന്നതിനാണ് ഈശോ ലാസറിനെ ഉയിർപ്പിച്ചതും. മരണത്തോടെ ഒരു മനുഷ്യൻ അവസാനിക്കുന്നില്ല എന്ന വലിയ സന്ദേശമാണ് പുനരുത്ഥാനവും ജീവനുമായവൻ കാട്ടിത്തന്നത്. മരിച്ച് നാലുദിവസമായി അഴുകിത്തുടങ്ങിയ ലാസറിനെ ജീവനിലേക്ക് നയിക്കാൻ സാധിച്ച ദൈവത്തിന്, കുറെ വർഷങ്ങൾ കഴിഞ്ഞവരെയും, നൂറ്റാണ്ടുകൾ പിന്നിട്ടവരെയും ഉയിർപ്പിക്കാൻ കഴിയുമെന്ന് നമുക്ക് വിശ്വസിക്കാം. പക്ഷേ, യേശു ഉയിർപ്പിച്ച ആരും ആത്മാവായി ചുറ്റിക്കറങ്ങുകയായിരുന്നില്ല. യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു.

ദൈവം അനുവദിക്കുമ്പോൾ മരിച്ചവർക്ക് ഈ ഭൂമിയിലുള്ളവരോട് സംസാരിക്കാനും ആശയങ്ങൾ കൈമാറാനും സാധിക്കുമെന്നതിലും സംശയം വേണ്ട. അൽഫോൻസാമ്മയുടെ ജീവിതകാലത്ത് പ്രത്യക്ഷനായ ചാവറയച്ചന്റെ ദർശനം ഉദാഹരണമാണ്. പൈശാചികമായിരുന്നു അതെന്ന് വിലയിരുത്താൻ രണ്ടുപേരുടെയും ജീവിതസാക്ഷ്യം അനുവദിക്കുന്നില്ലല്ലോ. ഇവിടെ ദർശനമാണോ യഥാർത്ഥ പ്രത്യക്ഷപ്പെടലാണോ എന്നതും വിവേചിച്ചറിയേണ്ടതുണ്ട്. ദർശനം – കാണുന്നവന് ലഭിക്കുന്ന വരമാണത്. യാഥാർത്ഥ്യം – കണ്ടില്ലെങ്കിലും ഉള്ളതാണ്.

പിശാചിന്റെ ‘സ്ഥാനം’!

മരണാനന്തരവുമായി ബന്ധപ്പെട്ട് പിശാചിന്റെ താല്പര്യം എടുത്തുകാട്ടുന്നതാണ് ആദ്യം നാം വിശകലനം ചെയ്ത മിക്ക സിനിമ, നോവൽ പ്രമേയങ്ങളും. ഈ ഭൂമിയിൽ ജീവിക്കുന്നവർക്ക് ദ്രോഹം ചെയ്യാനായി മരിച്ചവർ പ്രേതം കണക്ക് അലഞ്ഞുനടക്കുന്ന പ്രതിഭാസമൊന്നും യാഥാർത്ഥ്യമല്ല. ജീവിച്ചിരിക്കുന്ന മനുഷ്യനിൽ കയറിക്കൂടുന്ന മരിച്ചുപോയ മറ്റു മനുഷ്യരുടെ ആത്മാക്കളെക്കുറിച്ചുള്ള സങ്കല്പങ്ങളും യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല.

അപ്പോൾ ചിലരെങ്കിലും ചോദിച്ചേക്കാം. പ്രകടമായ, തൊട്ടറിയാൻ കഴിയുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ച് എന്തുപറയും? പിശാച് പ്രഭാപൂർണനായ മാലാഖയുടെ വേഷം അണിയും എന്ന് അപ്പസ്‌തോലൻ പറയുമ്പോൾ മരിച്ചുപോയവരുടെ ആത്മാക്കളുടെ വേഷമണിയാനുള്ള അവന്റെ സാധ്യതകളെ മാറ്റിനിർത്തേണ്ടതില്ലല്ലോ. ഇത്തരം പ്രകടനങ്ങളിൽ ആവശ്യം, പിശാചിനെ പുറത്താക്കുന്ന പ്രാർത്ഥനകളും അവന്റെ പ്രവർത്തികളെ നിരാകരിക്കുന്ന നിലപാടുകളുമാണ്. ഭാഷപറയുന്നതും, ഭാവി പറയുന്നതും, മരിച്ചവന്റെ ചരിത്രം പറയുന്നതുമായതെല്ലാം പിശാചിന്റെ കെണികളാണെന്ന് തരിച്ചറിയണം. മരണാനന്ത ജീവിതത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടുകൾ നൽകുവാൻ തിന്മ ഒരുക്കുന്ന കെണികൾ. ടെലിവിഷൻ ഷോകളിൽ മിക്കതും ഇതുതന്നെയാണ് ഹൈലൈറ്റ് ചെയ്യപ്പെടുന്നത്. മരണശേഷമുള്ള ജീവിതത്തോട് തോക്കും പീരങ്കിയുമായി പോരിനിറങ്ങുന്ന ഷോകളും എത്രയോ പാപ്പരത്വമുള്ളതാണ്. ഓജോ ബോർഡുകളും മറ്റും തുറന്നിടുന്ന വാതായനവും മരിച്ചവരെക്കാൾ, പിശാചിന് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്.

പേടിപ്പെടുത്തുന്ന ഒരു മരണം കണ്ടതിനുശേഷം മരിച്ചുപോയ വ്യക്തിയുടെ സ്വഭാവം കാണിക്കുന്ന വ്യക്തികളെക്കുറിച്ചൊക്കെ കേട്ടിട്ടുണ്ട്. ഭയത്തെയും വിശ്വാസക്കുറവിനെയും പിശാച് ഉപയോഗിക്കുന്നു എന്നതിൽകവിഞ്ഞ് മരിച്ചുപോയ വ്യക്തി ജീവനുള്ള ആളുടെ കൂടെക്കൂടി എന്നു കരുതേണ്ടതില്ല.

മരിച്ചവരുടെ ഉയിർപ്പും, മരിച്ചവരുടെ തിരിച്ചുവരവും!

വിശ്വാസപ്രമാണത്തിൽ നാം മരിച്ചവരുടെ ഉയിർപ്പിലും, ശരീരത്തിന്റെ ഉത്ഥാനത്തിലുമുള്ള വിശ്വാസം ഏറ്റുപറയുന്നുണ്ട്. അത് ഈ ഭൂമിയിലെ പിന്നീടുള്ള ജീവിതത്തിനുവേണ്ടിയോ, ഇവിടെ ആരെയെങ്കിലും സ്വാധീനിക്കാനോ അല്ല. നിത്യതയിൽ ദൈവത്തോടൊന്നിക്കുന്നതിനാണ്. ഉത്ഥാനം ചെയ്ത ശരീരം, അടക്കം ചെയ്യുന്ന ശരീരം തന്നെയായിരിക്കും എന്നതാണ് യാഥാർത്ഥ്യം. ഒഴിഞ്ഞ കല്ലറയും മാറ്റിവയ്ക്കപ്പെട്ട കച്ചയും നൽകുന്ന സൂചനയാണിത്. എസക്കിയേൽ പ്രവാചകന്റെ പുസ്തകം പറയുന്ന അസ്ഥിക്കഷണങ്ങളുടെ കൂടിച്ചേരലും, മാംസം വയ്ക്കലും, ജീവവായു സ്വീകരിക്കലും ഉത്ഥാനത്തിന്റെ മുന്നാസ്വാദനം തന്നെ.
കണ്ണിമയ്ക്കുന്ന വേഗത്തിൽ രൂപാന്തരപ്പെടുന്ന ഉത്ഥാനത്തിന്റെ സ്വഭാവം ഉത്ഥിതനായ ക്രിസ്തുവിന്റെ ശരീരം പോലെയായിരിക്കാം. കല്ലറയിൽനിന്നു പുറത്തുകടക്കാൻ കല്ലുരുട്ടി മാറ്റിയെന്നും, അടച്ചിട്ടിരുന്ന വാതിലുകടന്ന് അപ്പസ്‌തോലന്മാരെ കാണാൻ എത്തിയെന്നും, മീൻ ഭക്ഷിച്ചെന്നും പറയുന്ന ആ ഉത്ഥാനശരീരം മരണശേഷംവും അവശേഷിക്കുന്ന അനന്തമായ സാധ്യതകളിലേക്ക് വിരൽചൂണ്ടുന്നു. മരണംകൊണ്ട് ഒന്നും അവസാനിക്കുകയല്ല, എല്ലാം തുടങ്ങുകയാണെന്ന് സാരം. നൈമിഷികമായതെല്ലാം ഇവിടെ അവസാനിക്കും. സ്ഥായിയും സ്ഥിരവും അക്ഷയവുമായത് ആരംഭിക്കും, മരണത്തിലൂടെ.
അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം – മരിച്ചവരുടെയല്ല ജീവിക്കുന്നവരുടെ ദൈവം എന്ന വാക്കുകളാണ് ഉത്ഥാനത്തെക്കുറിച്ച് യേശു നൽകുക. ദൈവത്തിന് എല്ലാവരും ജീവിക്കുന്നവരാണത്രേ – മരിച്ചുപോയവരും, ജീവിച്ചിരിക്കുന്നവരും. എന്നുപറഞ്ഞാൽ മരണത്തെ ഭയക്കുന്നവർ മനുഷ്യരാണ്, ദൈവമല്ല. അവിടുത്തേക്ക് എല്ലാവരും ഒരുപോലെതന്നെ, ജീവനുള്ളവർ.

ജിന്റോ മാത്യു