ഭ്രാന്തൻ

0
1300

ആ ഇടവഴിയിൽ എനിക്ക് സുപരിചിതനായ ഒരു ഭ്രാന്തൻ ഉണ്ടായിരുന്നു. ഇന്നും ഞാൻ ഓർക്കുന്നു കലാലയത്തിലേക്കുള്ള യാത്രയിൽ ആ ഇടവഴി തിരിയുമ്പോൾ അവന്റ അട്ടഹാസങ്ങളെ ആ ഇടവഴി ഏറ്റുമുളിയത്. ശാന്തമായി ഭ്രാന്തമായി ഒരു ഇളം കാറ്റിന്റെ കുളിരറിഞ്ഞു അവൻ എന്നും ആ ഇടവഴി ഓരത്തെ മാവിൻ ചോട്ടിലുണ്ടാകും. ആ ഇടവഴി താണ്ടിപോകുന്ന ഓരോ കുരുന്നുകൾക്ക് നേരേയും ഭ്രാന്തമായി അവൻ മധുര മുട്ടായികൾ വലിച്ചെറിയും. ചെറു നോവ് നൽകി സ്നേഹിക്കുന്ന ഭ്രാന്തന്റെ മനസിത്.

അന്ന് എപ്പോയോ അവൻ ആ പൂക്കാത്ത മാവിൻ ഓരത്തു ചേർന്നിരുന്നുറങ്ങി. കാടും മേടും കടന്നു, സൂര്യകാന്തിയും ലില്ലിയും മരതകവും വിരിയുന്ന പൂപാടത്തിൽ അവൻ വണ്ടായി പറന്നു നടന്നു. ഒരു നിമിഷം ചിറകു തളർന്നു അവൻ ആ പൂക്കാത്ത പൂവിന് മുട്ടിൽ തളർന്നിരുന്നു ഉറങ്ങുമ്പോൾ, ആ ചിത്ര ശലഭത്തിന്റെ ചിറകടി അവന്റെ ഉറക്കത്തെ കെടുത്തി. ആ ചിറകടി ഒച്ച അവളുടെ പാത സ്വരങ്ങളുടേതാണ് എന്ന് അറിഞ്ഞപ്പോൾ അവൻ ഉറക്കം മുണർന്നു. ചുണ്ടിൽ ചെറു പുഞ്ചിരി നിറച്ചു, കവിളിൽ ചെറു നാണം ഒളുപ്പിച്ചു അവൾ അവന്റെ മുൻപിൽ വന്നു നിൽകുമ്പോൾ അവൻ വീണ്ടും ഭ്രാന്തമായി ചിരിച്ചു …

‘എന്തേ ഈ മാവിൻ ചോട്ടിലിങ്ങനെ തനിച്ചിരിക്കുന്നതു?’

അവൾ ഒരു പക്ഷെ ഇവിടെ പുതിയതായിരിക്കും അല്ലെങ്കിൽ പിന്നെ തന്നെ പോലുള്ള ഒരു ഭ്രാന്തനോട് ഇങ്ങനെ ആര് ചോദിക്കാനാണ് …

ആർത്തട്ടഹസിച്ചു അവൻ ഉത്തരം നൽകി: ‘ഞാൻ ഭ്രാന്തനാണ് കുട്ടി.’

മറുപടികേട്ടതും എന്തോ തമാശ കേട്ടമാതിരി അവൾ ചിരിച്ചു തുടങ്ങി.

‘ഞാൻ സത്യമായിട്ടും പറഞ്ഞതാ കുട്ടി, ഞാൻ ഭ്രാന്തനാണ്.’

‘നല്ല തമാശ കേട്ടോ, ആദ്യമായിട്ടാ ഇങ്ങനെ ഒരാളെ പരിചയപ്പെടുന്നത്.’

അവൾ പറഞ്ഞുവെച്ചു.

ഇവളെ എന്ത് പറഞ്ഞാണ് ഒന്ന് മനസിലാക്കിക്കുക … തമാശപോലും എന്ത് തമാശയാണ് താൻ പറഞ്ഞത്. നാടും നാട്ടാരും തനിക്കു ചാർത്തിത്തന്ന പേരാണിത്… പലരും അങ്ങനെ വിളിക്കുമ്പോൾ അത് ഒരു തമാശയായി തോന്നിയിട്ടില്ല ..അയാൾ ഓർത്തു…

വീണ്ടും ഭ്രാന്തൻ പറഞ്ഞു: ‘കുട്ടി ഞാൻ പറഞ്ഞത് നേര്, ഞാൻ ഭ്രാന്തൻ തന്നെ, ഈ ഇടവഴി താണ്ടിപോകുന്ന കുരുന്നുകളെ മധുര മുട്ടായിയിൽ എറിയുന്നവൻ ഞാൻ.’

വീണ്ടും അവൾ ചിരിച്ചു. ‘കുരുന്നുകൾക്ക് നേരെ മിട്ടായി എറിയുന്നത് എങ്ങനെ ഭ്രാന്താകും. അവരെ ഏറെ സ്നേഹിക്കുന്നത് കൊണ്ടല്ലേ അങ്ങനെ ചെയ്യുന്നത്.’

‘ഞാൻ ഭ്രാന്തൻ, വഴിയാത്രക്കാരനായ പരദേശിക് തണുപ്പകറ്റാൻ, അമ്പലത്തിലെ മരത്തിൽ തീർത്ത ദേവി വിഗ്രഹം തീയിൽ ഇട്ടവൻ ഞാൻ.’ നാട്ടുകാർ മുഴുവൻ തന്നെ ഭ്രാന്തനെന്നു വിളിച്ച ഈ സംഭവം കേൾക്കുമ്പോൾ തന്നെ ഭ്രാന്തൻ എന്ന് വിളിച്ചു അവൾ ഓടി അകലും എന്നു അവൻ ചിന്തിച്ചു…

പക്ഷേ… അവൾ പറഞ്ഞു: ‘ജീവനില്ലാത്ത വിഗ്രഹം എരിച്ച് ജീവനുള്ളവന്റെ തണുപ്പകറ്റിയതു ഏങ്ങനെ ഭ്രാന്താകും …?’

ആരാണിവൾ. തന്റെ ഭ്രാന്തുകളെ അതിന്റെ പൂർണതയിൽ തിരിച്ചറിയുന്ന ഇവൾ ആരാണ്?

‘നീ…നീ… ആരാണ് പെണേ്ണ…?’ ഭ്രാന്തമായി അവൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു: ‘ഞാൻ ഭ്രാന്തി, നല്ല മനുഷ്യരുടെ കുഞ്ഞു കുഞ്ഞു ഭ്രാന്തുകളെ പ്രണയിക്കുന്നവൾ.’

ഇതും പറഞ്ഞു അവൾ ആ ഇടവഴിയിൽ എവിടേയോ മറഞ്ഞു…

സ്‌നേഹത്തിന്റെ മുഖമായി അവൾ മാറിയ നാളുകൾ…

അവൾക്കും അവനും ഇടയിൽ അനശ്വര പ്രണയത്തിന്റെ ഇതളുകൾ വിരിഞ്ഞത് അന്ന് … ഋതുക്കൾ എത്ര കടന്നു പോയി… എത്ര എത്ര മരങ്ങൾ പൂത്തുലഞ്ഞു… നിറവും മെയ്യഴകും മറന്നു അവർ പ്രണയിച്ചു… ആ ചുടലപ്പറമ്പിൽ അവനു കൂട്ടായി അവളും അവൾക്കു കൂട്ടായി അവനും… നാടും നാട്ടാരും കല്ലെറിഞ്ഞു…അസഭ്യ വാക്കുകൾ ഉച്ചരിച്ചു… കൂടെ കിടക്കാൻ ക്ഷണിച്ചവരോട് അഭിമാനത്തോടെ അവൾ പറഞ്ഞു: ‘ഭ്രാന്തന്റെ പെണ്ണാണ്.’

ഭ്രാന്തനെ മനസിലാക്കാൻ ഭ്രാന്തിക്കും, ഭ്രാന്തിയെ മനസിലാക്കാൻ ഭ്രാന്തനും കഴിഞ്ഞപ്പോൾ അവരുടെ ചുടലപ്പറമ്പ് സ്വർഗ്ഗമായി…

ഞാനും ഒരു വിവാഹം കഴിച്ചു… പക്ഷേ ജീവിതം സ്വർഗസദൃശമായില്ല, കാരണം ഇരുവർക്കും പരസ്പരം മനസിലാക്കാൻ കഴിഞ്ഞില്ല… കാരണം ഞാൻ ഭ്രാന്തനായിരുന്നില്ല… അവളുടെ ചെറു നോവുകൾ എനിക്ക് ഭ്രാന്തായി തോന്നി… എന്റെ തിരക്കുകൾക്കിടയിൽ അവളെ കേൾക്കാൻ എനിക്ക് നേരം ഉണ്ടായിരുന്നില്ല…

ചുടലപ്പറമ്പിലെ ഭ്രാന്തന് അവന്റ പെണ്ണിനോട് അതുകഴിഞ്ഞു… ഇന്നെനിക്കു ഭ്രാന്തനോട് അസൂയയാണ്… കാരണം അവന്റെ ഭ്രാന്താണ് അവന്റെ ജീവിത വിജയങ്ങൾക്കു കാതൽ.

അവസാനം ഞാൻ അതും കേട്ടു. ഭ്രാന്തന്റെ പെണ്ണായിരുന്നാൽ മതിയായിരുന്നു എന്ന് പറയുന്ന എന്റെ പെണ്ണിനെ… ഇടവഴിയിലെ ആ ഭ്രാന്തനാകാനുള്ള എന്റെ പരിശ്രമങ്ങൾ ഇതിനോടകം ഞാൻ തുടർന്നു കഴിഞ്ഞു … പ്രാർത്ഥിക്കു, ഒന്ന് ഞാൻ ഒരു ഭ്രാന്തനാകുവാൻ പ്രിയ ലോകമേ ….

ജിബു