ഭ്രൂണഹത്യയ്ക്ക് ഇരയായ കുഞ്ഞുങ്ങൾക്കായി അമേരിക്കയിൽ ദേശീയ ദിനാചരണം

142

ഷിക്കാഗോ: ഭ്രൂണഹത്യയിലൂടെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ സ്മരിച്ചു അമേരിക്കയിൽ ദേശീയദിനാചരണം നടന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് മിസിസ്സിപ്പിയിലെ ജാക്ക്‌സണിൽ ഗർഭഛിദ്രത്തിലൂടെ വധിക്കപ്പെട്ട കുഞ്ഞുങ്ങളുടെ സ്മരണാർത്ഥം രാജ്യം അഞ്ചാം ദേശീയദിനം ആചരിച്ചത്. ദേശീയദിനാചരണത്തോടനുബന്ധിച്ച് അമേരിക്കയിലെ 172 പ്രോലൈഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രാർത്ഥനാ യോഗങ്ങളും, അനുസ്മരണ സമ്മേളനങ്ങളും നടന്നു.

നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയാത്ത ഒരു ദുരന്തം തന്നെയാണ് ഭ്രൂണഹത്യയെന്നും അമേരിക്കയിൽ പ്രതിദിനം 3000-ത്തോളം ഭ്രൂണഹത്യ നടക്കുന്നുണ്ടെന്നും ദേശീയദിനാചരണത്തിന്റെ സഹഡയറക്ടറായ എറിക്ക് ഷിദ്‌ലർ പറഞ്ഞു. പ്രോലൈഫ് പ്രവർത്തകർ ഗർഭഛിദ്രത്തിന് വിധേയമായ കുഞ്ഞുങ്ങളുടെ പതിനായിരകണക്കിന് മൃതദേഹങ്ങൾ 50 ശ്മശാനങ്ങളിലായി മറവ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

മിസിസിപ്പിയിൽ മാത്രം കഴിഞ്ഞവർഷം ഏകദേശം 2,000-ത്തോളം ഗർഭഛിദ്രങ്ങൾ നടന്നുവെന്ന് പ്രോലൈഫ് സംഘടനയുടെ പ്രസിഡന്റായ ഡാനാ ചിഷോം പറഞ്ഞു. ഭ്രൂണഹത്യകൾ തടയാൻ തങ്ങളെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രോലൈഫ് പ്രവർത്തകർ പ്രതിജ്ഞ ചെയ്തു. 1973 മുതൽ ഏതാണ്ട് 60 ദശലക്ഷത്തോളം ഭ്രൂണഹത്യകളാണ് അമേരിക്കയിൽ നടന്നത്‌.