ഭ്രൂണഹത്യാബിൽ: പ്രാർത്ഥനായജ്ഞത്തിന് അർജന്റീനിയൻ ബിഷപ്പുമാരുടെ ആഹ്വാനം

0
114

ബ്യൂണോസ് എയർസ്: അർജന്റീനയിൽ പതിനാല് ആഴ്ചവരെയുള്ള ഗർഭഛിദ്രങ്ങൾ നിയമവിധേയമാക്കാൻ കോൺഗ്രസ് ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തെ ബിഷപ്പുമാർ ഗർഭസ്ഥശിശുക്കൾക്കായി പ്രാർത്ഥനാ യജ്ഞത്തിന് ആഹ്വാനം ചെയ്തു. “പ്രാർത്ഥനയ്ക്ക് രൂപാന്തരപ്പെടുത്തുന്ന ശക്തിയുണ്ട്. ഇത്തരത്തിലുള്ള ഒരു തീരുമാനമെടുക്കുന്നവരുടെ വിവേകത്തെ അത് സ്വാധീനിക്കും”; അർജന്റീനിയൻ ബിഷപ്പുമാരുടെ സമ്മേളനം വ്യക്തമാക്കി. മെയ് പതിമൂന്നിന് തുടങ്ങിയ പ്രാർത്ഥനായജ്ഞം ജൂൺ മൂന്നിന് സമാപിക്കും.

ബലാത്സംഘം, അമ്മയുടെ ആരോഗ്യം അപകടത്തിലാകുക എന്നീ സാഹചര്യങ്ങളിലൊഴികെ നിലവിൽ അർജന്റീനയിൽ ഗർഭഛിദ്രം നിയമവിധേയമല്ല. ഗർഛിദ്രം നിയമവിധേയമാക്കാനുള്ള ശ്രമത്തെ ശക്തമായി എതിർക്കുന്ന പ്രസിഡന്റ് മൗറീഷ്യോ മക്രി വിഷയത്തിൽ ഉത്തരവാദിത്തപൂർണ്ണമായ ചർച്ചകൾ നടക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയുന്നു. എന്നാൽ, കോൺഗ്രസ് ബിൽ പാസാക്കിയാൽ തനിക്ക് വീറ്റോ അധികാരം ഉപയോഗിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോൺഗ്രസിന്റെ അധോമണ്ഢലമായ ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ ജൂണിൽ ബില്ലിന്മേലുള്ള വോട്ടെടുപ്പ് നടക്കും. വ്യക്തിപരമായും ഇടവകാ സമൂഹങ്ങളിലും ദിവ്യബലിയിലും കുടുംബങ്ങളിലും സുഹൃത്തുക്കൾക്കിടയിലും ജോലിക്കിടയിലും കത്തോലിക്കരോട് നിർത്താതെ ഗർഭസ്ഥ ശിശുക്കൾക്കായി പ്രാർത്ഥിക്കണമെന്ന് ബിഷപ്പുമാർ ആഹ്വാനം ചെയ്തിട്ടുണ്ട്. എവരി ലൈഫ് മാറ്റേഴ്‌സ് എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ബിഷപ്പുമാർ കത്തോലിക്കരോട് പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രാർത്ഥനാ യജ്ഞത്തെ പിന്തുണക്കുന്നതിന്റെ ഭാഗമായി, വിശുദ്ധ ജോൺപോൾ രണ്ടാമൻ രചിച്ച പ്രയർ ഫോർ ലൈഫ് എന്ന പ്രാർത്ഥന ഉൾപ്പടെയുള്ള നിർദേശങ്ങൾ ഓരോ ഇടവകയിലേക്കും ബിഷപ്പുമാർ അയച്ചിട്ടുണ്ട്. ദൈവാലയത്തിലെ എല്ലാ ശുശ്രൂഷകളുടെയും മധ്യേ പാപ്പയുടെ പ്രയർ ഫോർ ലൈഫ് എല്ലാവരും ഏറ്റുചൊല്ലും.

അർന്റീനിയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 370,000 ത്തിനും 522,000 ത്തിനും ഇടയിലുള്ള സ്ത്രീകളാണ് ഓരോ വർഷവും നിയമവിരുദ്ധമായി അബോർഷന് വിധേയരാകുന്നത്. കഴിഞ്ഞ മാർച്ച് 25 ന് ഗർസ്ഥ ശിശുക്കളുടെ ദിനം എന്ന പേരിൽ ഭ്രൂണഹത്യക്കെതിരെ സംഘടിപ്പിച്ച മാർച്ചിൽ 150,000 പേർ പങ്കെടുത്തിരുന്നു.