ഭ്രൂണഹത്യ കല്ലറയിലെ ജീവിതം, ജനനം തടയുന്ന നിയമങ്ങൾ അർത്ഥശൂന്യം:കർദ്ദിനാൾ വിൽഫ്രണ്ട് നേപ്പിയർ

0
245

കേപ്ടൗൺ: ഭ്രൂണഹത്യ കല്ലറയിലെ ജീവിതമാണെന്നും ജീവിത പ്രതിസന്ധികളെ ഓർത്ത് ജനനത്തെ തന്നെ തടയുന്ന നിയമ വ്യവസ്ഥ അർത്ഥശൂന്യമാണെന്നും ഡർബാൻ അതിരൂപതാദ്ധ്യക്ഷനും കർദ്ദിനാളുമായ വിൽഫ്രണ്ട് നേപ്പിയർ. കഴിഞ്ഞവർഷം മൂന്ന് ലക്ഷത്തോളം കുഞ്ഞുങ്ങൾ നിയമവിധേയമായി ഭ്രൂണഹത്യക്കിരയായെന്ന പ്രോലൈഫ് നേതാവ് ഒബിയാനുജു എക്കോച്ചവിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗർഭസ്ഥ ശിശുക്കൾ നേരിടുന്ന അനീതിയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരണങ്ങൾ ഉണ്ടാകണമെന്ന് എക്കോച്ച ആവശ്യപ്പെട്ടിരുന്നു.

“ഭ്രൂണഹത്യാസംസ്‌ക്കാരം സമാധാനവും സന്തോഷവും നിറഞ്ഞ ഭാവി പ്രദാനം ചെയ്യില്ല. അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഭ്രൂണഹത്യ ക്ലിനിക്കുകളിൽ ആഫ്രിക്കൻ ശിശുക്കളെ ഗർഭഛിദ്രത്തിനിരയാക്കുന്നത് വംശഹത്യപരമാണ്”. കർദിനാൾ പറഞ്ഞു. ഗർഭഛിദ്രം പ്രസവത്തേക്കാൾ ജീവൻ രക്ഷിക്കുന്ന വിശുദ്ധ കർമ്മമാണെന്ന ഒഹിയോയിലെ ഭ്രൂണഹത്യാ കേന്ദ്രത്തിന്റെ പരസ്യത്തെയും കർദ്ദിനാൾ രൂക്ഷമായി വിമർശിച്ചു.

മുൻപും ഗർഭഛിദ്രത്തെ ശക്തമായി വിമർശിച്ച് കർദിനാൾ രംഗത്തെത്തിയിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ അനധികൃത ഭ്രൂണഹത്യ വ്യാപിപ്പിക്കുന്നതിനായി ധനസഹായം നൽകുന്നതിനെതിരെയും മാരിയ സ്റ്റോപ്പ്‌സ് ഇന്റർനാഷണൽ എന്ന ഭ്രൂണഹത്യ വക്താക്കൾക്കെതിരെയും കർദിനാൾ കഴിഞ്ഞ വർഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.