മതത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾ അപലപിക്കപ്പെടണം: ഫ്രാൻസിസ് പാപ്പ

0
180

വത്തിക്കാൻ: മതത്തിന്റെ പേരിൽ നടത്തുന്ന ആക്രമണങ്ങൾ മതത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും ഇവ അപലപിക്കപ്പെടണമെന്നും ഫ്രാൻസിസ് പാപ്പ. മതത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങൾ തടയുന്നതിനെ സംബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ത്രിദിന സമ്മേളനത്തിൽ പങ്കെടുത്ത രാഷ്ട്രീയ-മത നേതാക്കളെ വത്തിക്കാനിൽ വെച്ച് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“ദൈവവും അവിടുത്തെ മഹത്വവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾക്ക് ദൈവത്തെ കരുവാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും വെളിച്ചത്തുകൊണ്ടു വരേണ്ടത് മതനേതാക്കളുടെ കടമയാണ്. മതത്തിൻറെ പേരിൽ നടക്കുന്ന സംഘർഷങ്ങൾക്കറുതി വരുത്തുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ രാഷ്ട്രീയ- മതനേതാക്കൾ സമ്മേളിക്കുന്നത് അതീവപ്രാധാന്യമർഹിക്കുന്നു”; പാപ്പ പറഞ്ഞു

“ദൈവം നന്മയും സ്‌നേഹവും കാരുണ്യവുമാണ്. ദൈവത്തിൽ വിദ്വേഷത്തിനും പകയ്ക്കും ഇടമില്ലെന്ന് യഥാർത്ഥ മതവിശ്വാസിക്കറിയാം. മനുഷ്യജീവൻ പവിത്രമാണ്. ഓരോ മനുഷ്യവ്യക്തിയും മത, വർഗ്ഗ, സംസ്‌കാര, രാഷ്ട്രീയ, വിത്യാസമില്ലാതെ ആദരവും പരിഗണനയും സഹാനുഭൂതിയും ഐക്യദാർഢ്യവും അർഹിക്കുന്നു. ദുഷിച്ച മതാത്മകതയുടെ കെണികളിൽ വീഴാതെ ജാഗ്രതപുലർത്താൻ സഹായിക്കുന്ന വിദ്യഭ്യാസവും പരിശീലനവും അറിവും നൽകാൻ മത-രാഷ്ട്രീയ നേതാക്കളും അദ്ധ്യാപകരും ശ്രമിക്കണം. ഭയം, വിദ്വേഷം, അതിക്രമം എന്നിവയിൽ നിന്ന് നമ്മെ മോചിപ്പിക്കുന്ന ദൈവത്തെ അന്വേഷിക്കുന്നവർക്ക് അവിടുന്നുമായുള്ള സമാഗമത്തിന് ഈ കൂട്ടായ പരിശ്രമം സഹായകമാകും”; അദ്ദേഹം പറഞ്ഞു