മതപീഡനങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

370

വാഷിംഗ്ടൺ ഡി.സി:മതവിശ്വാസികളോടുള്ള ഗവൺമെന്റുകളുെയും ജനങ്ങളുടെയും സമീപനം കൂടുതൽ സങ്കുചിതമാകുന്നു എന്ന് പ്യൂ റിസേർച്ച് സെന്ററിന്റെ ഏറ്റവും പുതിയ പഠന റിപ്പോർട്ട്. 198 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ 105 രാജ്യങ്ങളിലും വിവിധ മതകൂട്ടായ്മകൾക്ക് ഗവൺമെന്റ് പീഡനം നേരിടേണ്ടി വന്നതായി റിപ്പോർട്ടിൽ പറയുന്നു. 2014-ൽ 85-ും 2013ൽ 96-ും ആയിരുന്ന സ്ഥാനത്താണിത്. ‘ചെറിയ തോതിലുള്ള പീഡനങ്ങൾ’ എന്ന വിഭാഗത്തിലുള്ള പീഡനങ്ങളിലും വർദ്ധനവ് രേഖപ്പെടുത്തി. 2014-ൽ 44 രാജ്യങ്ങളിൽ ഈ വിഭാഗത്തിലുള്ള പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2015-ൽ അത് 52 രാജ്യങ്ങളിലായി വർദ്ധിച്ചു.

മതവിശ്വാസത്തിന്റെ നേരിൽ ഭീഷണി നേരിടുന്നവരെക്കുറിച്ച് നടത്തിയ പഠനത്തിൽ ഗവൺമെന്റ് തലത്തിലും സാമൂഹിക തലത്തിലും നിലനിൽക്കുന്ന ഭീഷണിയുടെ തോത് വെവ്വേറെ പഠനവിധേയമാക്കിയാണ് റിപ്പോർട്ട് പ്രസിദ്ധികരിച്ചിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള 25 രാജ്യങ്ങളിൽ റഷ്യ, ഈജിപ്ത്, ഇന്ത്യ, പാക്കിസ്ഥാൻ, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും ഭാഗത്ത് നിന്ന് മതങ്ങൾക്ക് ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടി വരുന്നത്. ചില മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും നിരോധിക്കുക, മതപരിവർത്തനം നിരോധിക്കുക, മതപ്രഘോഷണം നിയന്ത്രിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ഗവൺമെന്റിന്റെ മതവിരുദ്ധ ഈൻഡക്‌സ് തയാറാക്കിയിരിക്കുന്നത്. വ്യക്തികളും സംഘടിത സംഘങ്ങളും ജനക്കൂട്ടവും നടത്തുന്ന കയ്യേറ്റങ്ങളും ആക്രമണങ്ങളും അടക്കം 13-ഇന വിധ്വംസകപ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് സമൂഹത്തിന്റെ മതവിരുദ്ധ തോതിനെ സൂചിപ്പിക്കുന്ന ഇൻഡക്‌സ് തയാറാക്കിയിരിക്കുന്നത്. 128 രാജ്യങ്ങളിൽ ക്രൈസ്തവർ പീഡനം നേരിടുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.