മതവും ആധ്യാത്മികതയും സങ്കീർണതകൾ ഇല്ലാതാക്കാനുള്ള വഴി: ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ

0
525

റാന്നി: മതവും ആധ്യാത്മികതയും സങ്കീർണതകൾ ഇല്ലാതാക്കാനുള്ള വഴിയാണെന്ന് മലങ്കര ഓർത്തഡോക്‌സ് പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. ബഥനി ആശ്രമത്തിന്റെ ശതാബ്ദിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഹ്യപരതയിലും ശാസ്ത്രസാങ്കേതികയിലും വികസനം പ്രാപിച്ചെങ്കിലും സമാധാനം നഷ്ടപ്പെടുന്ന, സങ്കീർണതകൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മതമെന്നതുകൊണ്ട് മനുഷ്യസമൂഹം എന്നു മാത്രമേ കരുതേണ്ടതുള്ളൂ. ഏതെങ്കിലും ഒരു വിഭാഗത്തെയല്ല അത് ഉദ്ദേശിക്കുന്നതെന്ന് കാതോലിക്ക ബാവ പറഞ്ഞു.

കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി വിശിഷ്ടാതിഥിയായിരുന്നു. ഡോ. കെ.എസ്. രാധാകൃഷ്ണൻ ശതാബ്ദി സന്ദേശം നൽകി. മാത്യുസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത, ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത, അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രപ്പോലീത്ത, ബഥനി ആശ്രമം സുപ്പീരിയർ ഫാ. മത്തായി, ഫാ. ഇടിക്കുള എം. ചാണ്ടി, രാജു എബ്രഹാം എം.എൽ.എ, അശോകൻ കുളനട, ശുഭാനന്ദ ശാന്തി ആശ്രമം മഠാധിപതി സ്വാമി ആനന്ദ ചൈതന്യ, പൊട്ടമൂഴി നൂറൂൽ ഇസ്ലാം ജമായത്ത് ഇമാം മുഹമ്മദ് ആരിഫ് മൗലവി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, പഞ്ചായത്ത് പ്രസിഡന്റ് ബീന സജി എന്നിവർ പ്രസംഗിച്ചു.