മതസ്വാതന്ത്ര്യം; സർക്കാർ വാഗ്ദാനങ്ങളിൽനിന്ന് പിന്തിരിയുന്നെന്ന് സിഡ്‌നി ആർച്ച്ബിഷപ്പ്

0
777

സിഡ്‌നി: രാജ്യത്ത് മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ പുതിയ പദ്ധതികൾ കൊണ്ടുവരുമെന്ന വാഗ്ദാനങ്ങളിൽനിന്ന് സർക്കാർ പിന്തിരിയുന്നുവെന്ന് സിഡ്‌നി ആർച്ച്ബിഷപ്പ് അന്തോണി ഫിഷർ. മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് ഉറപ്പുനൽകിയിരുന്നുവെങ്കിലും ഇതുവരെയും കാര്യക്ഷമമായ യാതൊരു തീരുമാനങ്ങളും ഉണ്ടായിട്ടില്ല. മതസ്വാതന്ത്ര്യം അവകാശമാണെന്നും ശിഥിലമായികൊണ്ടിരിക്കുന്ന മതസ്വാതന്ത്ര്യം വീണ്ടെടുക്കണമെന്നും ഓർമ്മപ്പെടുത്തി കൊണ്ട് അവതരിപ്പിച്ച ക്രിസ്മസ് സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

പൊതുജനങ്ങളിൽ നിന്നും വിശ്വാസത്തെ പറിച്ചുമാറ്റുന്ന മതനിരപേക്ഷതയിൽ ഊന്നിയായിരുന്നു അദ്ദേഹത്തിന്റെ ക്രിസ്മസ് സന്ദേശം. രാജ്യത്ത് മതവേർതിരിവ് വർദ്ധിക്കുകയും കത്തോലിക്കർ കൂടുതൽ തഴയപ്പെടുകയുമാണ് ചെയ്യുന്നത്.
ഓരോ തിരുനാളുകളും മതപരമായ ആഘോഷങ്ങളും ജനങ്ങൾക്ക് തങ്ങളുടെ വിശ്വാസം സ്വതന്ത്ര്യമായി പ്രകടിപ്പിക്കാനുള്ള അവസരങ്ങളായി മാത്രം മാറുകയാണെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

2018 ഡിസംബർ ആദ്യവാരം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ‘റിലീജിയസ് ഡിസ്‌ക്രിമിനേഷൻ ആക്ടിന്’ രൂപം നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ ആക്ട് നിലവിൽ വന്നാൽ രാജ്യത്തെ ജാതി, വർണ്ണ, വർഗ്ഗ വേർതിരിവുകൾ ഒരുപരിധി വരെ തടയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതും.

കത്തോലിക്കവിശ്വാസത്തിന്റെ സാംസ്‌കാരിക പാരമ്പര്യമുൾകൊണ്ടുകൊണ്ട് മതവിശ്വാസത്തെ സ്വകാര്യജീവിതത്തിന്റെ ഭാഗമാക്കണം. കൂദാശകളെ നിസാരവത്കരിച്ചുകൊണ്ടും മെത്രാൻമാർ വിവാഹ ഒരുക്ക സെമിനാറുകൾ എടുക്കുന്നതിലൂടെ മതവിവേചനം പഠിപ്പിക്കുകയാണെന്ന് ആരോപിച്ചുകൊണ്ടും കത്തോലിക്ക സ്ഥാപനങ്ങളെ തള്ളിപറഞ്ഞുകൊണ്ടും രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നും കത്തോലിക്കർക്കെതിരായ നടപടികൾ ഈ കാലഘട്ടത്തിൽ നിരവധിയാണ്. എങ്കിലും നമ്മുടെ മതവിശ്വാസം അധികാരം പിടിച്ചടക്കാനുള്ളതല്ലെന്നും മറിച്ച് സ്‌നേഹവും സേവനവും പങ്കുവെയ്ക്കാനുളളതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.