മതേതരത്വം കാത്തുസൂക്ഷിക്കണം, നീതി ലഭ്യമാക്കണം: മാർ ആലഞ്ചേരി

0
165

തൃശൂർ: ഭാരതത്തിന്റെ അടിസ്ഥാന പ്രമാണമായ മതേതരത്വം കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കത്തോലിക്ക കോൺഗ്രസ് ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച സമുദായ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതവികാരങ്ങളെ ഇളക്കിവിട്ട് സമൂഹത്തിൽ വേർതിരിവുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരുണ്ട്. കാർഷികരംഗത്തുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണം. കുടിയേറ്റ കർഷകർക്ക് പട്ടയം ലഭിക്കണം. വിളകൾക്ക് മതിയായ വില ലഭിക്കണം. ഈ മേഖലയിൽ ദീപിക ദിനപത്രം നൽകുന്ന സേവനങ്ങളോട് സഹകരിച്ചു പ്രവർത്തിക്കാൻ കത്തോലിക്ക കോൺഗ്രസ് ശ്രമിക്കണം.
കത്തോലിക്ക സമൂഹം പ്രത്യേക ശ്രദ്ധ ചെലുത്തുന്ന മേഖലകളാണ് വിദ്യാഭ്യാസം, രോഗീശുശ്രൂഷ, സാമൂഹ്യസേവനം, കാരുണ്യപ്രവർത്തനങ്ങൾ തുടങ്ങിയവ. ക്രിസ്തുവിന്റെ പ്രബോധനങ്ങളെ ആധാരമാക്കിയാണ് സഭ ഈ ശുശ്രൂഷകൾ ചെയ്യുനനത്. വിദ്യാഭ്യാസം ബൗദ്ധികമായ സ്‌നേഹശുശ്രൂഷയാണ്. രോഗികൾക്ക് സൗഖ്യമേകുന്നതും ഭക്ഷണം ഇല്ലാത്തവന് ഭക്ഷണം നൽകുന്നതുമെല്ലാം ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെ ഭാഗമായാണ് സഭ നിർവഹിക്കുന്നത്.
ഈ മേഖലകളിൽ സർക്കാരിന്റെ ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാനാണ് സഭ ആഗ്രഹിക്കുന്നത്. അതിനുവേണ്ട പിന്തുണയും പ്രോത്സാഹനവും സർക്കാർ ലഭ്യമാക്കണം. നീതിക്കുവേണ്ടിയുള്ള സമരങ്ങളെ അടിച്ചമർത്താതെ നീതി ഉറപ്പാക്കാൻ സർക്കാരുകൾ ശ്രദ്ധിക്കണം. സഭാ സമൂഹം കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി മുന്നേറണമെന്നും കർദിനാൾ മാർ ആലഞ്ചേരി ഉദ്‌ബോധിപ്പിച്ചു.
സമുദായ മഹാസംഗമത്തിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. തൃശൂർ ആർച്ച് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഏറ്റുവാങ്ങി.
ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്ത്, മാർ പോൾ ആലപ്പാട്ട്, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ റാഫി മഞ്ഞളി, മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, മാർ ടോണി നീലങ്കാവിൽ എന്നിവരും വേദിയിലുണ്ടായിരുന്നു.
നെടുമ്പാശേരി വിമാനത്താവളം മാനേജിങ്ങ് ഡയറക്ടർ വി.ജെ. കുര്യൻ, ജോൺ കച്ചിറമറ്റം, രാഷ്ട്രദീപിക വൈസ് ചെയർമാൻ ഡേവിസ് എടക്കളത്തൂർ, ഷെവ. മോഹൻ തോമസ്, പ്രഫ. കെ.എം. ഫ്രാൻസിസ്, ബിജു പറയന്നിലം എന്നിവരെ ആദരിച്ചു.
നൂറ് ഭവനരഹിതർക്കുള്ള ഭൂദാന പദ്ധതിയുടെ സമർപ്പണം ഡയറക്ടർ ഫാ. ജിയോ കടവി നിർവഹിച്ചു. നൂറ് മിഷൻ കേന്ദ്രങ്ങളിലെ പ്രേഷിത പ്രവർത്തന പ്രഖ്യാപനം തൃശൂർ അതിരൂപത ഡയറക്ടർ ഫാ. വർഗീസ് കൂത്തൂർ നിർവഹിച്ചു.
കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ. പാപ്പച്ചൻ, ഫാമിലി ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ജോസ് വിതയത്തിൽ, മാതൃവേദി പ്രസിഡന്റ് ഡോ. റീത്താമ്മ ജയിംസ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അരുൺ ഡേവിസ്, ഡേവിസ് എടക്കളത്തൂർ, ഷെവ. ഡോ. മോഹൻ തോമസ്, പ്രസിപിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ജോസ് കോനിക്കര, വൈസ് പ്രസിഡന്റ് സെലിൻ സിജോ, കെ.സി.എഫ് ജനറൽ സെക്രട്ടറി വർഗീസ് കോയിക്കര, സെക്രട്ടറി ഡോ. മേരി റെജീന, തൃശൂർ അതിരൂപത പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാൻസിസ്, ബിജു കുണ്ടുകുളം എന്നിവർ പ്രസംഗിച്ചു.