മത്സ്യത്തൊഴിലാളികള്‍ക്ക് കൊല്ലം രൂപതയുടെ ആദരം

0
752
മത്സ്യത്തൊഴിലാളികള്‍ക്ക് കൊല്ലം രൂപതയുടെ ആദരം

”പ്രതിഫലേച്ഛ കൂടാതെ തീരം കാക്കുന്ന മനുഷ്യരാണ് മത്സ്യത്തൊഴിലാളികള്‍…” ഈ വാക്യം കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി തന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പറഞ്ഞതാണ്. എന്നാല്‍ ഈ വാക്കുകള്‍ ഇന്ന് അര്‍ത്ഥവത്തായിരിക്കുന്നു. അവര്‍ തീരം മാത്രമല്ല, കേരളം കാക്കുന്നവരാണെന്ന് മഹാപ്രളയത്തിനുശേഷം കേരളജനത കണ്ടു. കൊല്ലം രൂപത രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിച്ചുകൊണ്ട് കൊല്ലം ഹാര്‍ബറില്‍ കൂടിയ യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ് പോള്‍ ആന്റണി മുല്ലശേരി. 189 വള്ളങ്ങളിലും ഏഴ് ബോട്ടുകളിലുമായി കൊല്ലത്തുനിന്നും പോയ രക്ഷാപ്രവര്‍ത്തകരെ പൊന്നാടയണിയിച്ച് ആദരിച്ചു. കൂടാതെ സമ്മാനങ്ങളും നല്‍കി. മത്സ്യത്തൊഴിലാളികളെ കടല്‍തീരത്തുനിന്നും മാറ്റിത്താമസിപ്പിക്കുവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളില്‍നിന്നും പിന്‍തിരിയുക, കടലില്‍ വച്ച് ബോട്ടുകളില്‍ കപ്പല്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ബിഷപ്, മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.
‘കേരളത്തിന്റെ സേന’യാണ് മത്സ്യത്തൊഴിലാളികള്‍ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ മാത്രം സ്ഥാനമുണ്ടായിരുന്ന ഇവര്‍ 65,000-ത്തില്‍പരം ജീവനുകള്‍ രക്ഷിച്ചവരാണെന്ന് മന്ത്രി പറഞ്ഞു.
വര്‍ണ വിവേചനമില്ലാതെ മാനവികതയുടെ പ്രതീകങ്ങളായാണ് മത്സ്യത്തൊഴിലാളികള്‍ പ്രവര്‍ത്തിച്ചതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. സൈന്യം മടിച്ചുനിന്നപ്പോള്‍പോലും ഇവര്‍ സധൈര്യം സ്വന്തം ജീവന്‍ മറന്ന് നൂറുകണക്കിന് ആളുകളെ രക്ഷിച്ച് ക്യാമ്പുകളില്‍ എത്തിച്ചു.
2018-ലെ പ്രളയം ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കുമ്പോള്‍ കൊല്ലത്തെ മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനം തങ്കലിപികളില്‍ എഴുതിചേര്‍ക്കപ്പെടും. അപ്പോള്‍ കൊല്ലം കളക്ടര്‍ ആരായിരുന്നുവെന്ന് എഴുതുമ്പോള്‍ അത് തന്റെ പേരായിരിക്കും. തനിക്ക് ഇന്ന് ഒരു ഐഡന്റിറ്റി ഉണ്ടാക്കിത്തന്നിരിക്കുന്നത് സ്‌നേഹമുള്ള മത്സ്യത്തൊഴിലാളികളാണെന്ന കൊല്ലം കളക്ടര്‍ കാര്‍ത്തികേയന്‍ ഐ.എ.എസിന്റെ വാക്കുകള്‍ കരഘോഷത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.
മേയര്‍ അഡ്വ. രാജേന്ദ്രബാബു, അനില്‍ സേവ്യര്‍ ഐ.എ.എസ്, ഫിഷറീസ് സര്‍വകലാശാല നോമിനി ബെയ്‌സില്‍ലാല്‍, മുകേഷ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, എപ്പിസ്‌കോപ്പല്‍ വികാര്‍ റവ. ഡോ. ബൈജു ജൂലിയാന്‍, വികാര്‍ ജനറല്‍ റവ. മോണ്‍. വിന്‍സന്റ് മച്ചാഡോ എന്നിവര്‍ പ്രസംഗിച്ചു.

സ്റ്റാന്‍ലി ജോസ്