മധ്യാഫ്രിക്കയെ സഹായിക്കാൻ ‘ഹൃദയങ്ങളുടെ ഒത്തുചേരൽ’

പദ്ധതിക്കു പിന്നിൽ  കനേഡിയൻ കത്തോലിക്കാസഭ

288
ഒട്ടാവ: മധ്യാഫ്രിക്കൻ രാജ്യങ്ങളെ സഹായിക്കാൻ കാനഡയിലെ കത്തോലിക്കാ സഭ രംഗത്ത്. തെക്കൻ സുഡാൻ, യെമൻ, നൈജീരിയ, സൊമാലിയ എന്നിവിടങ്ങളിലെ ഭക്ഷ്യക്ഷാമവും ദാരിദ്യവും അകറ്റുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ പദ്ധതിക്ക് ‘ഹൃദയങ്ങളുടെ ഒത്തുചേരൽ’ എന്നാണ് പേരു നൽകിയിരിക്കുന്നത്. കനേഡിയൻ സർക്കാരിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിക്ക് യഹൂദ, മുസ്ലിം, സിക്ക്, ബഹായ് മതനേതൃത്വവും പിന്തുണ പ്രഖ്യാപിച്ചത്  മധ്യാഫ്രിക്കയ്ക്ക് വലിയ സഹായമേകും എന്ന പ്രതീക്ഷയിലാണ് സംഘാടകർ.
സുഡാൻ, യെമൻ, നൈജീരിയ, സൊമാലിയ എന്നീ നാലു രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതാവസ്ഥ പരിതാപകരമാണെന്ന് പദ്ധതിയുടെ കൺവീനറും ദേശീയ മെത്രാൻ സമിതി പ്രസിഡന്റുമായ ആർച്ച്ബിഷപ്പ് ഡഗ്ലസ് ക്രോസ്ബി പ്രസ്താവനയിലൂടെ അറിയിച്ചു. പ്രാർത്ഥന, സാമ്പത്തിക സഹായം, ദുരന്തത്തെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവെക്കൽ എന്നിങ്ങനെ മൂന്നു തരത്തിലുമുള്ള പ്രവർത്തനങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളെ സഹായിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എൻ കണക്കുകൾ പ്രകാരം 10 ലക്ഷത്തിൽപ്പരം  കുട്ടികൾ ഉൾപ്പെടെ രണ്ടു കോടിയിലധികം പേരാണ് ഈ നാലു രാജ്യങ്ങളിലുമായി ദുരിതമനുഭവിക്കുന്നത്. കലാപം, കാലാവസ്ഥ കെടുതി, വരൾച്ച എന്നിവമൂലം ആയിരകണക്കിന് ആളുകൾ കൊടും ദാരിദ്ര്യത്തിന്റെ പിടിയിലാണിപ്പോഴും. ജൂണിന്റെ അവസാന ദിനങ്ങളോടെ നാല് രാജ്യങ്ങൾക്കും സഹായം എത്തിച്ചുകൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആർച്ച്ബിഷപ്പും സംഘവും.