മനഃസാക്ഷിക്ക് വില കൽപ്പിച്ച സൈനികൻ ഇനി അൾത്താരയിൽ

719

വത്തിക്കാൻ സിറ്റി: ഹിറ്റ്‌ലറിനോട് വിധേയത്വം പ്രഖ്യാപിക്കുന്ന പ്രതിജ്ഞ ദൈവനാമത്തിൽ എടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച ജോസഫ് മെയർ നസറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ജർമൻ സൈന്യത്തിൽ സേവനത്തിനായി ചേർക്കപ്പെട്ടതിനെ തുടർന്നാണ് ഹിറ്റ്‌ലറിനോട് വിധേയത്വം പ്രഖ്യാപിക്കുന്ന പ്രതിജ്ഞ എടുക്കാൻ ജോസഫിന്റെമേൽ സമ്മർദ്ദമുണ്ടായത്. എന്നാൽ മനഃസാക്ഷിക്ക് നിരക്കാത്ത കാര്യം തനിക്ക് ചെയ്യാനാവില്ലെന്ന ജോസഫ് നാസി മേധാവിളുടെ മുമ്പിൽ ധൈര്യസമേതം പ്രഖ്യാപിച്ചു. തുടർന്ന് ഡാഷ്വേ കോൺസൺട്രേഷൻ ക്യാമ്പിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകുന്ന വഴിയിൽ അദ്ദേഹം മരണമടയുകയായിരുന്നു.

1910 ഡിസംബർ 27ന് ജനിച്ച ജോസഫ് വിവിധ കത്തോലിക്ക സംഘടനകളിൽ സജീവമായി പ്രവർത്തിച്ചുവരവേയാണ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടത്. ഇറ്റലിയിൽ ബെനിറ്റൊ മുസോളനിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് രാജ്യം ആഭ്യന്തരകലഹത്തിലേക്ക് വഴുതിവീണു. അവസരം മുതലാക്കി നാസി സൈന്യം വടക്കൻ ഇറ്റലിയുടെ അധികാരം ഏറ്റെടുത്തു. തന്റെ കുടുംബത്തെ വിട്ട് നാസി സൈന്യത്തിൽ ചേരാൻ ജോസഫ് നിർബന്ധിതനായി. സൈന്യത്തിൽ ചേർന്നെങ്കിലും ഹിറ്റ്‌ലറിന് വിധേയപ്പെട്ടുകൊണ്ടുള്ള പ്രതിജ്ഞ ചൊല്ലുവാൻ ജോസഫ് മേയർ നസർ വിസമ്മതിച്ചു. ഇത്തരമൊരു തീരുമാനത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് അറിവുണ്ടായിരുന്ന പല സുഹൃത്തുക്കളും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ക്രൈസ്തവ മൂല്യങ്ങളോടും ധാർമ്മികതയോടും നാസി മൂല്യങ്ങൾ ഒരിക്കലും ചേർന്നുപോകില്ലെന്ന നിലപാടിൽ ജോസഫ് ഉറച്ചു നിന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തി മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹത്തെ ഡാഷ്വേ കോൺസൺട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോകുംവഴി മരണമടയുകയായിരുന്നു. എല്ലാ അൽമായർക്കും പിതാക്കൻമാർക്കും ഉയർന്ന ധാർമ്മികവും ആദ്ധ്യാത്മിക മൂല്യങ്ങളും വഴി മാതൃകയായി തീർന്ന വ്യക്തിത്വമാണ് ജോസഫ് മെയർ നസറിന്റേതെന്ന് ഫ്രാൻസിസ് മാർപാപ്പ പങ്കുവച്ചു.