മനുഷ്യന്റെ ന്യായവാദത്തിലും മുകളിലാണ് ദൈവത്തിന്റെ നീതിബോധം

397

മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയാണ് മത്തായി 20:1-16-ൽ എഴുതപ്പെട്ടിട്ടുള്ളത്. മനസിലാക്കുവാൻ ബുദ്ധിമുട്ടുള്ള കാര്യം എളുപ്പത്തിൽ മനസിലാക്കിക്കൊടുക്കാനാണ് ഉപമകൾ ഉപയോഗിക്കുന്നത്. മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ കാര്യം ഇവിടെ പറഞ്ഞിരിക്കുന്നത് ഉപമയായിട്ടാണ്. സ്വർഗരാജ്യത്തെപ്പറ്റി ചില അറിവുകൾ നൽകാനാണ് ഈ ഉപമ യേശു ഉപയോഗിച്ചത്. ഉപമയിൽ പറഞ്ഞിരിക്കുന്ന പ്രധാന പോയിന്റുകൾ ശ്രദ്ധിച്ചശേഷം അതിന്റെ ആത്മീയദർശനത്തിലേക്ക് പ്രവേശിക്കാം.

ഒന്ന്, മുന്തിരിത്തോട്ടത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. രണ്ട്, അതിനായി ഉടമ രാവിലെ ആളുകളെ അന്വേഷിച്ച് ഇറങ്ങുന്നു. കുറച്ചുപേരെ കിട്ടി. അവരുമായി കൂലി പറഞ്ഞ് ഉറപ്പിച്ചു. അവരെ മുന്തിരിത്തോട്ടത്തിലേക്ക് വിട്ടു. ധാരണയനുസരിച്ചുള്ള കൂലി ദിവസവും ഒരു ദനാറയാണ്.

മൂന്ന്, കൂടുതൽ ജോലിക്കാരെ വേണ്ടിയിരുന്നതുകൊണ്ട് തോട്ടം ഉടമ മൂന്നാം മണിക്കൂറിലും ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പതിനൊന്നാം മണിക്കൂറിലും പുറത്തേക്കിറങ്ങി. അപ്പോൾ എല്ലാം കൂടുതൽ പണിക്കാരെ കിട്ടി. നാല്, അതിരാവിലെ പുറപ്പെട്ടു എന്ന് പറയുമ്പോൾ നമ്മുടെ സമയമനുസരിച്ച് രാവിലെ എട്ടുമണിയാണ്. മൂന്നാം മണിക്കൂർ നമ്മുടെ പത്തുമണിയും ആറാം മണിക്കൂർ നമ്മുടെ ഉച്ചയ്ക്ക് ഒരുമണിയും ഒമ്പതാം മണിക്കൂർ നമ്മുടെ വൈകുന്നേരം നാലുമണിയും പതിനൊന്നാം മണിക്കൂർ വൈകുന്നേരം ആറുമണിയുമാണ്.
അഞ്ച്, ഈ ഓരോ സമയത്തും അദ്ദേഹത്തിന് വേലക്കാരെ കിട്ടി. എല്ലാവരോടും പറഞ്ഞ കൂലി ഓരോ ദനാറ. വൈകുന്നേരം പണി നിർത്തി കൂലി കൊടുക്കേണ്ട സമയം ആയപ്പോഴാണ് ചിലർ പണിക്ക് വന്നതുതന്നെ.

ആറ്, പണിക്ക് വരാൻ താമസിച്ചതിന് പലർക്കും പല കാരണങ്ങളുണ്ട്. ചിലർ അലസത കാരണം പണിക്ക് പോയില്ല. ആരും ജോലിക്ക് വിളിക്കാതിരുന്നതുകൊണ്ടാണ് മറ്റു ചിലർ ജോലിക്ക് പോകാതിരുന്നത്.
ഏഴ്, കൂലി കൊടുക്കുന്ന രംഗം. രാവിലെ എട്ടുമണിക്ക് വന്നവർക്കും പത്തുമണിക്ക് വന്നവർക്കും ഒരുമണിക്കും ആറുമണിക്കും വന്നവർക്കും ഒരേ കൂലി നൽകുന്നു; ഓരോ ദനാറ വീതം. ഇവിടെ തൊഴിലുടമ വാക്കുവ്യത്യാസം കാണിച്ചിട്ടില്ല. ഓരോ ദനാറ കൂലി വാഗ്ദാനം ചെയ്തു; ഓരോ ദനാറവീതം കൂലി കൊടുക്കുവാൻ കാര്യസ്ഥനോട് നിർദേശിക്കുകയും ചെയ്തു.

ഇവിടെ ഉണ്ടായ പ്രശ്‌നം ഇതാണ്: ആദ്യം വന്നവർ എടുത്ത നിലപാട് – ഒന്നുകിൽ അവസാനം വന്നവർക്ക് കൂലി കുറയ്ക്കണം; അല്ലെങ്കിൽ ആദ്യം വന്നവർക്ക് കൂലി കൂട്ടണം. തൊഴിലുടമ ഇത് രണ്ടിനും തയാറായില്ല. കാരണം, തൊഴിലാളികളുടെ ന്യായവാദത്തെക്കാൾ വലിയ നീതിബോധം തൊഴിലുടമ കാണിക്കുവാൻ തയാറായി. അത് ഉൾക്കൊള്ളുവാൻ സ്വാർത്ഥതയും അസൂയയും കാരണം ആദ്യം വന്ന തൊഴിലാളികൾക്ക് കഴിഞ്ഞതുമില്ല. ഞങ്ങളോട് വാഗ്ദാനം ചെയ്തത് ഞങ്ങൾക്ക് കിട്ടി; മടികൊണ്ടും പണി കിട്ടാതിരുന്നതുകൊണ്ടും താമസിച്ചുവന്നവർക്ക് അവർ അർഹിക്കുന്നതിലും കൂലി കൊടുത്തു; അത് തൊഴിലുടമയുടെ നല്ല മനസ്; ഔദാര്യം എന്ന് കണക്കാക്കുവാൻ തൊഴിലാളികൾക്ക് സാധിച്ചില്ല.

ദൈവകൽപനകൾ പാലിച്ചും ദൈവത്തെയും മനുഷ്യരെയും സ്‌നേഹിച്ചും ജീവിക്കുന്നവർക്ക് ദൈവം നൽകിയ വാഗ്ദാനം ഇതാണ്; സ്വർഗരാജ്യം. ചെറുപ്പം മുതൽ ദൈവത്തെ സ്‌നേഹിച്ചും കൽപനകൾ പാലിച്ചും മറ്റുള്ളവരെ ശുശ്രൂഷിച്ചും ജീവിക്കുന്നവർ ഉണ്ട്. അവർക്ക് കിട്ടാൻ പോകുന്നത് സ്വർഗരാജ്യം. നല്ല പ്രായം മുഴുവൻ ആത്മീയ അലസതയിലും മടിയിലും പാപത്തിലും മുഴുകി ജീവിക്കുന്നവർ ഉണ്ട്. ഒരുപക്ഷേ, അവരുടെ നല്ല പ്രായമൊക്കെ കഴിഞ്ഞശേഷം സ്വയം തോന്നിയിട്ടോ മറ്റുള്ളവർ പറഞ്ഞിട്ടോ അവരിൽ കുറെപ്പേർ മാനസാന്തരപ്പെട്ട് വിശുദ്ധ ജീവിതം ജീവിച്ച് മരിക്കുന്നു. അവർക്ക് കിട്ടുന്നതും സ്വർഗരാജ്യം. ചിലർ പ്രായമേറിയശേഷം മാത്രം വിശുദ്ധ ജീവിതം ആരംഭിക്കുന്നു. അതുവരെ എല്ലാ തെറ്റുകളും ചെയ്ത് ജീവിക്കുന്നു. അവർക്ക് ലഭിക്കുന്നതും സ്വർഗരാജ്യം. ചിലർ ദൈവത്തെ അറിയാതെ ജീവിക്കുന്നു. പ്രായമൊക്കെ ആയശേഷം ദൈവത്തെ അറിഞ്ഞ് ആത്മീയജീവിതം ജീവിക്കുന്നു. അവർക്ക് ലഭിക്കുന്നതും സ്വർഗരാജ്യം.

അപ്പോൾ ഓർത്തുനോക്കിയാൽ, ജീവിതം മുഴുവൻ കൽപനകൾ പാലിച്ച് ജീവിക്കുവാനും വിശുദ്ധ ജീവിതം ജീവിക്കുവാനും പരോപകാരം ചെയ്യാനും മറ്റും കഷ്ടപ്പെട്ടവർക്കും മരണക്കിടക്കയിൽവച്ച് മാത്രം അനുതപിക്കുകയും ചെയ്തവർക്കും ലഭിക്കുന്നത് ഒരേ പ്രതിഫലം; സ്വർഗരാജ്യം. ഇത് പലർക്കും ഉൾക്കൊള്ളുവാനും അംഗീകരിക്കുവാനും കഴിയാത്ത കാര്യമാണ്. മുന്തിരിത്തോട്ടത്തിന്റെ ഉടമ ഒരേ കൂലി കൊടുത്തപ്പോൾ ആദ്യം വന്നവർക്ക് തോന്നിയ അതേ മനപ്രയാസം, അസൂയ, സ്വാർത്ഥത, ആത്മീയ മേഖലയിലും ഉണ്ടാകാം. ദൈവത്തിന്റെ ഈ പ്രവർത്തനശൈലിയെ എങ്ങനെ നല്ല രീതിയിൽ നമുക്ക് എടുക്കുവാൻ കഴിയും? അസൂയ എങ്ങനെ നമ്മെ വിട്ടുപോകും? അൽപംകൂടി മനുഷ്യത്വത്തോടെയും വിശ്വാസത്തോടെയും കാര്യങ്ങളെ എടുത്താൽ മതി.

സിസ്റ്റർ റാണി മരിയയും ആ സിസ്റ്ററെ കൊലപ്പെടുത്തിയ ആളും സ്വർഗത്തിലായിരിക്കുന്ന അവസ്ഥയിൽ സന്തോഷിക്കരുതോ? അഥവാ സിസ്റ്റർ സ്വർഗത്തിലും ഘാതകൻ നരകത്തിലും പോകുന്നതായിരിക്കുമോ കൂടുതൽ സന്തോഷം നൽകുന്നത്? അനേക ക്രിസ്ത്യാനികളെ കൊന്നവർ ഉണ്ട്. കൊല്ലപ്പെട്ടവർ സ്വർഗത്തിലും കൊന്നവർ നരകത്തിലും പോകുന്നതിലും സന്തോഷമല്ലേ, കൊന്നവർകൂടി മാനസാന്തരപ്പെട്ട് സ്വർഗത്തിൽ എത്തുന്നത്? നമ്മൾ സ്വർഗത്തിലും നമ്മളെ ഉപദ്രവിച്ചവർ നരകത്തിലും ആയിരിക്കുന്നതിനെക്കാൾ സന്തോഷം തരേണ്ടേ, അവർകൂടി മാനസാന്തരപ്പെട്ട് സ്വർഗത്തിൽ എത്തുന്നത്? അതെ, കഴിയുന്നിടത്തോളം പേർ സ്വർഗത്തിൽ എത്തട്ടെ. നരകത്തിൽ പോകുന്നവരുടെ എണ്ണം പരമാവധി കുറയട്ടെ. എത്ര കൂടുതൽ ആളുകൾ സ്വർഗത്തിലെത്തിയാലും, നമ്മൾ ഒരാളുടെയും സ്വർഗീയ സന്തോഷം കുറയുകയില്ല. കുറെപ്പേർകൂടി നരകത്തിൽ പോയതുകൊണ്ട് നമ്മുടെ സ്വർഗീയസന്തോഷം കൂടുകയുമില്ല. പതിനൊന്നാം മണിക്കൂറിലെങ്കിലും മാനസാന്തരപ്പെട്ട് എല്ലാവരും സ്വർഗത്തിൽ എത്തുവാൻ ആഗ്രഹിക്കാം; പരിശ്രമിക്കാം; പ്രാർത്ഥിക്കാം.

ഫാ. ജോസഫ് വയലിൽ CMI