മരണം യേശുവില്‍ നിദ്രപ്രാപിക്കലാണ്‌

0
280

എല്ലാക്കാലത്തുമുള്ള ജനം ചോദിക്കുന്ന ചോദ്യമാണ് ”മരിച്ചാല്‍ പിന്നീട് അവന്‍ എവിടെ?” മരണാനന്തരജീവിതം ഇല്ല എന്ന് ചിന്തിക്കുന്നവര്‍ പറയും. തടാകത്തിലെ ജലം വറ്റി വരണ്ടു പോകുന്നതുപോലെയും, നദി ഉണങ്ങിപ്പോകുന്നതുപോലെയും മനുഷ്യന്‍ ശയ്യയെ അവലംബിക്കുന്നു. ഉറക്കത്തില്‍നിന്ന് ഉണരുകയില്ലയെന്ന്. കാരണം ഇക്കൂട്ടര്‍ക്ക് മരണാനന്തര ജീവിതകാഴ്ചപ്പാടില്ല. ഇവരുടെ കാഴ്ചപ്പാടിനെപ്പറ്റി ജ്ഞാനത്തിന്റെ പുസ്തകം രണ്ടാം അധ്യായത്തില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. ”മരണത്തില്‍ നിന്ന് തിരിച്ചുവരവില്ല. ആരും തിരിച്ചുവരുകയുമില്ല. വരുവിന്‍ ഇപ്പോഴുള്ള വിശിഷ്ടവസ്തുക്കള്‍ ആസ്വദിക്കാം. യുവത്വത്തിന്റെ ഉന്മേഷത്തോടെ ഈ സൃഷ്ടികള്‍ അനുഭവിക്കാം.. സുഖഭോഗങ്ങള്‍ നുകരാന്‍ ആരും മടിക്കേണ്ട” (ജ്ഞാനം 2:5). കാരണം ജീവിതം നശ്വരമാണ്.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചവര്‍
”എന്നാല്‍ സുഖാനുഭവങ്ങളില്‍ മുഴുകിയിരിക്കുന്നവള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചു കഴിഞ്ഞിരിക്കുന്നു” (1 തിമോ 5:6).
അതെ, ജീവിച്ചിരിക്കുമ്പോള്‍ തന്നെ സംഭവിക്കുന്ന ആത്മനാശമാണ് ഈ മരണം. ഇതുതന്നെയല്ലേ ഈശോ പറഞ്ഞത് ”മനുഷ്യാ നീ ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാല്‍ നിനക്ക് എന്ത് പ്രയോജനം” (മത്താ 16:26). എന്തെന്നാല്‍ ശരീരത്തിന്റെ മരണത്തെക്കാള്‍ ആത്മാവിന് മരണം സംഭവിക്കാന്‍ എളുപ്പമുണ്ട്. ആത്മം നഷ്ടമായാല്‍ ശരീരം കൊണ്ട് എന്ത് പ്രയോജനം? കരയാതെ തെല്ലും ശബ്ദമില്ലാതെ അദൃശ്യനായി മരിക്കുന്ന ആത്മാവിനെ പാപമാകുന്ന പുഴുക്കള്‍ അരിക്കുമ്പോള്‍ വിഭ്രാന്തരായി ഓടിയിട്ട് എന്തു പ്രയോജനം? മയക്കുമരുന്നുകളിലും പാപജീവിതത്തിലും സന്തോഷം കണ്ടെത്തുന്ന മക്കള്‍ ആത്മഹത്യയിലൂടെ പിശാചിന്റെ ബന്ധം ഉറപ്പിക്കുകയല്ലേ ചെയ്യുന്നത്. റോമ 6:23 പറയുന്നു: പാപത്തിന്റെ ശമ്പളം മരണമാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ സംഭവിക്കുന്ന ആത്മനാശമാണിത്.
മരണം യേശുവില്‍ നിദ്രപ്രാപിക്കലാണ്
1 തെസ 4:14 ല്‍ പറയുന്നു: ”യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നു. യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടി ഉയിര്‍പ്പിക്കും”. എന്നാല്‍ ഇവിടെ ഒരു കാര്യം നാം പ്രത്യേകം ശ്രദ്ധിക്കണം. അതായത് ക്രിസ്തുവില്‍ ജീവിക്കുന്ന ഒരു ദൈവപൈതലിനു മാത്രമെ ക്രിസ്തുവില്‍ മരിക്കുവാന്‍ സാധിക്കൂ. ഈശോയെ സ്‌നേഹിക്കുന്ന വ്യക്തി ഈശോയുടെ പ്രമാണങ്ങള്‍ പാലിക്കും. ”എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തുവന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും” (യോഹ 14:23). ഇപ്രകാരം യേശുവില്‍ ജീവിക്കുന്ന വ്യക്തിക്കുമാത്രമേ ക്രിസ്തുവില്‍ നിദ്രപ്രാപിക്കുവാന്‍ സാധിക്കുകയുള്ളു. അപ്പോള്‍ അവന്‍ മരിച്ചാലും ജീവിക്കും. എന്തെന്നാല്‍ അവന്‍ മരിച്ചാലും ജീവിക്കുന്നതിനായി ജീവന്റെ അപ്പം ഈശോ നമുക്കു നല്‍കി.
ഇതിനോടകം അനേകലക്ഷം ജനങ്ങള്‍ മരണമടഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നേവരെ ആരും മടങ്ങിവന്ന് ദൈവമില്ല എന്നോ മരണാനന്തരജീവിതമില്ല എന്നോ ആരോടും വെളിപ്പെടുത്തിയിട്ടില്ല. നേരെമറിച്ച് ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണം എന്ന ആഗ്രഹം പലരും സ്വപ്‌നങ്ങളിലൂടെ പലര്‍ക്കും വെളിപ്പെടുത്തിയിട്ടുണ്ട്.
മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കണമോ?
തീര്‍ച്ചയായും. 2മക്കബായര്‍ 12-ാം അധ്യായത്തിലാണ് മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്. ”മരിച്ചവര്‍ ഉയിര്‍ക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനം ആയേനെ. അതിനാല്‍ മരിച്ചവര്‍ക്ക് പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി പാപപ്പരിഹാരകര്‍മ്മം അനുഷ്ഠിച്ചു (2 മക്ക 12:44-4). ഈ ഭൂമിയില്‍ ദൈവഭയത്തോടെ ജീവിച്ച് ഒരു ദൈവപൈതലിന് എന്തെങ്കിലും ചെറിയ ന്യൂനതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി ജീവിച്ചിരിക്കുന്നവരായ നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ വളരെയേറെ വിലപ്പെട്ടതാണ്. ആ പ്രാര്‍ത്ഥനകള്‍ തമ്പുരാന്‍ കേള്‍ക്കും.
ശുദ്ധീകരണ സ്ഥലം ഉണ്ടോ?
അനേകം വിശുദ്ധര്‍ ശുദ്ധീകരണ സ്ഥലം, സ്വര്‍ഗം, നരകം എന്നിവ ഉണ്ട് എന്നാണ് പ്രതിപാദിക്കുന്നത്. വിശുദ്ധ പാദ്രേപിയോ, വിശുദ്ധ ജോണ്‍ മരിയ വിയാനി, വിശുദ്ധ കൊച്ചുത്രേസ്യാ, വിശുദ്ധ അമ്മത്രേസ്യാ എന്നിവരൊക്കെ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച് പ്രത്യേകം പറയുന്നുണ്ട്. ഫാത്തിമായില്‍ മാതാവ് മൂന്ന് കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുത്ത പ്രാര്‍ത്ഥനയില്‍ ഈ ശുദ്ധീകരണസ്ഥലത്തെപ്പറ്റി പറയുന്നുണ്ട്. ”ഓ! എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണേ. നരകാഗ്നിയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും, വിശിഷ്യാ അങ്ങയുടെ കാരുണ്യം ഏറ്റം ആവശ്യമായിരിക്കുന്ന (ശുദ്ധീകരണസ്ഥലം) ആത്മാക്കളേയും സ്വര്‍ഗത്തിലേക്ക് ആനയിക്കേണമേ.”
പാപപരിഹാരബലിയായ പരിശുദ്ധ കുര്‍ബാനയില്‍ മരിച്ചുപോയവരെ ഓര്‍ത്ത് നാം പ്രാര്‍ത്ഥിച്ചാല്‍ എന്തു ലഭിക്കുമെന്ന് ഈശോതന്നെ പറഞ്ഞിട്ടുണ്ട്. നീ യോഗ്യതയോടെ, ബലി അര്‍പ്പിച്ചാല്‍ സ്വര്‍ഗം തുറക്കപ്പെടും. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ ശുദ്ധീകരണ കാലയളവ് കുറയും. അവര്‍ സ്വര്‍ഗത്തിലേക്ക് വേഗം കയറും. കുര്‍ബാന ചൊല്ലിക്കുവാന്‍ പണം കൊടുക്കുക മാത്രം ചെയ്യുന്നവരാകാതെ പാപപരിഹാരബലി അര്‍പ്പിച്ചാല്‍ അത് ഈശോയ്ക്ക് കൂടുതല്‍ ഇഷ്ടമാണ്. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ സ്വര്‍ഗത്തിലേക്ക് കയറിപ്പോകുവാനുള്ള ഏറ്റവും എളുപ്പവഴി ഫലപ്രദമായ വി. കുര്‍ബാന അര്‍പ്പണം തന്നെ. ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതലായി പരിശുദ്ധ കുര്‍ബാനയുടെ വില മരിച്ചവര്‍ക്കറിയാം. ഫലപ്രദമായ ദിവ്യബലി അര്‍പ്പണത്തിലൂടെയും നോമ്പ്, ഉപവാസം, ദാനധര്‍മ്മം, ജീവകാരുണ്യ പ്രവൃത്തികള്‍, പ്രാര്‍ത്ഥനകള്‍ എന്നിവയിലൂടെയും ശുദ്ധീകരണസ്ഥലത്തായവരെ നമുക്ക് സഹായിക്കുവാന്‍ സാധിക്കും. അതില്‍ ഏറ്റം ശ്രേഷ്ഠം കുര്‍ബാന അര്‍പ്പണം തന്നെ.

ഫാ. അബ്രഹാം കടിയക്കുഴി