മരണമുനമ്പിൽ വിശ്വാസം സ്വീകരിച്ച അവിശ്വാസി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 2015-ൽ ലിബിയയിൽനിന്നും തട്ടിക്കൊണ്ടുപോയവരിൽ 20 പേർ മാത്രമായിരുന്നു കോപ്റ്റിക് ക്രൈസ്തവർ. 21-ാമൻ അവിശ്വാസിയായ ആഫ്രിക്കക്കാരനായിരുന്നു. എന്നാൽ, മരണം മുമ്പിൽ വന്നുനില്ക്കുന്ന നിമിഷം അവനും വിശ്വാസിയായി മാറി. ലോകം അറിയാതെപോയ ആ 21-ാമനെക്കുറിച്ച്...

1455

വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൊലക്കത്തിക്കുമുമ്പിലേക്ക് ശിരസ് നീട്ടിക്കൊടുത്ത സംഭവങ്ങൾ നാം ഏറെ വായിച്ചിരിക്കുന്നു. എന്നാൽ, രക്തസാക്ഷികളുടെ അചഞ്ചലമായ വിശ്വാസം കണ്ട് അവരുടെ ദൈവമാണ് എന്റെ ദൈവമെന്ന് ഏറ്റുപറയുകയും, ക്രിസ്തുവിലുള്ള വിശ്വാസം സ്വീകരിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ശിരസ് അറക്കപ്പെടുകയും ചെയ്ത ഒരു ക്രൈസ്തവന്റെ കഥയാണ് ഇപ്പോൾ ലോകത്തെ അതിശയിപ്പിക്കുന്നത്.
2015-ൽ നോമ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന വീഡിയോയിൽ ബന്ദികളെ ബീച്ചിൽ നിരയായി മുട്ടുകുത്തിനിർത്തി അവർക്കുപിന്നിൽ കറുത്ത വസ്ത്രം ധരിച്ച് കൊലക്കത്തിയുമായി നിൽക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ചിത്രം നമ്മുടെ മനസുകളിൽനിന്ന് മാഞ്ഞിട്ടുണ്ടാവില്ല. റബ്ബേനി എന്നുച്ചരിച്ചുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നീട്ടിപ്പിടിച്ച കൊലക്കത്തിയിലേക്ക് കഴുത്ത് ചേർത്തുവെച്ച് രക്തസാക്ഷിത്വമകുടം ചൂടിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ ചിത്രം ആർക്കും മറക്കുവാൻ കഴിയുകയില്ല. 21 പേർ അതിഭീകരമായി കഴുത്തറത്തു കൊല്ലപ്പെടുന്ന വീഡിയോ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.

സത്യത്തിൽ അതിൽ 20 പേർ മാത്രമായിരുന്നുവത്രെ കോപ്റ്റിക് ക്രൈസ്തവർ. 21-ാമൻ ആഫ്രിക്കയിലെ ചാഡ് എന്ന സ്ഥലത്തുനിന്നുള്ള അയിരഗ എന്ന ചെറുപ്പക്കാരനായിരുന്നു. 20 പേരുടെ തീക്ഷ്ണതയും അചഞ്ചലവുമായ വിശ്വാസമാണ് അയിരഗയെ രക്തസാക്ഷിയാക്കിയത്; ക്രിസ്തുവിനൊപ്പം മരിച്ച നല്ല കള്ളനെപ്പോലെ. അടുത്തിടെ നടന്ന വേൾഡ് സമ്മിറ്റ് ഇൻ ഡിഫൻസ് ഓഫ് പേർസിക്യൂട്ടഡ് ക്രിസ്‌ററ്യൻസ് മീറ്റിംഗിലാണ് ഒരു കോപ്റ്റിക് ലീഡർ ഈ സംഭവം വിവരിച്ചത്. തീർച്ചയായും ഇത് 20 കോപ്റ്റിക് ക്രൈസ്തവരുടെ തീക്ഷ്ണമായ വിശ്വാസത്തിന്റെ കഥയാണ്. എങ്കിലും നമ്മെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത് അവരുടെ വിശ്വാസം കണ്ട് അവരുടെ ദൈവമാണ് എന്റെ ദൈവം എന്ന് ഏറ്റുപറഞ്ഞ ധീരനായ ആ ചെറുപ്പക്കാരനായിരിക്കും.

ഇസ്ലാമിക് ഭീകരർ തട്ടിക്കൊണ്ടുപോയ 21 പേരും ലിബിയയിൽ ജോലിചെയ്യുന്നവരായിരുന്നു. യേശുവിനെ തള്ളിപ്പറയുവാനായിരുന്നു ഭീകരർ ആവശ്യപ്പെട്ടത്. എന്നാൽ, അതിലൊരാൾ പോലും യേശുവിനെ തള്ളിപ്പറഞ്ഞില്ല; കൊലക്കത്തി തങ്ങളുടെ ശിരസ് അറത്തുമാറ്റും എന്നറിയാമായിരുന്നിട്ടുകൂടി. ഒടുവിൽ പേരുകൊണ്ടുമാത്രം ക്രൈസ്തവനായിരുന്നെങ്കിലും അവിശ്വാസിയായി കഴിഞ്ഞിരുന്ന അയിരഗയോട് ഭീകർ ചോദിച്ചു, നീ ക്രിസ്തുവിനെ ഉപേക്ഷിക്കുന്നുണ്ടോ? ”അവരുടെ ദൈവമാണ് എന്റെയും ദൈവം.” എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ മറുപടി.

തന്നോടൊപ്പം ബന്ദികളാക്കപ്പെട്ടവരുടെ അചഞ്ചലമായ വിശ്വാസമാണ് അവനെയും മരണം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. നീട്ടിപ്പിടിച്ച കൊലക്കത്തിക്കുമുമ്പിൽ നിന്നുകൊണ്ടുപോലും ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയാൻ തയാറായ അവരുടെ വിശ്വാസം അവിശ്വാസിയായിരുന്ന ഒരുവനെ നിമിഷനേരം കൊണ്ട് വിശ്വാസിയാക്കി മാറ്റി.

ഞാൻ യേശുവിൽ വിശ്വസിക്കുന്നില്ല, യേശു ദൈവപുത്രനല്ല എന്നു മാത്രം പറഞ്ഞിരുന്നെങ്കിൽ അവന് സ്വതന്ത്രനായി നടുന്നുപോകാമായിരുന്നു. സ്വന്തം കുടുംബത്തോടൊപ്പം ശിഷ്ടകാലം ജീവിക്കാമായിരുന്നു. പക്ഷേ, മരണത്തിന്റെ മുമ്പിൽ ധൈര്യസമേതം ക്രിസ്തുവിനെ ഏറ്റുപറഞ്ഞ 20 പേരുടെ വിശ്വാസം അവനെ കീഴടക്കിയെന്നു മാത്രമല്ല, സഭയ്ക്ക് ഒരു രക്തസാക്ഷിയെ സമ്മാനിക്കുകയും ചെയ്തു.
കൊലക്കത്തി കൈയിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന ഇസ്ലാമിക് ഭീകരരോട് അയിരഗ പറഞ്ഞു. നിന്റെ ദൈവമല്ല എന്റെ ദൈവം, അവരുടെ ദൈവമാണ് എന്റെയും ദൈവം. മരണത്തിനുമുമ്പിൽ നിന്നുപോലും വിശ്വാസം എറ്റുപറയുന്ന ആ വിശ്വാസമാണ് യഥാർത്ഥ വിശ്വാസം എന്ന് ഇന്ന് ലോകം തിരിച്ചറിയുന്നു. ഇറാക്കിലും ലിബിയയിലും സിറിയയിലുമൊക്കെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെകൊലക്കത്തിക്ക് മുന്നിൽ നിന്നുകൊണ്ട് വിശ്വാസം ഉറക്കെ വിളിച്ചുപറഞ്ഞ എല്ലാവരും സാധാരണക്കാരായിരുന്നു. അതിൽ മാതാപിതാക്കന്മാർ ഉണ്ടായിരുന്നു. യുവാക്കളും യുവതികളും കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. അവർ തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിന്നു. അതിഭീകരമായ സഹനങ്ങളേറ്റുവാങ്ങി.

അവർ ഒരിക്കലും ദൈവത്തെ ശപിച്ചില്ല. അവർ ദൈവത്തിന് നന്ദിപറഞ്ഞു. ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിച്ചു. ക്ഷമയും സ്‌നേഹവും മാത്രമാണ് തങ്ങളുടെ ആയുധമെന്ന് തെളിയിച്ചു.

ജോർജ് കൊമ്മറ്റം