മരണശേഷം ലഭിക്കുന്ന വസ്തുവിന് മുൻകൂർ പണം

266

ഫ്രഞ്ച് കഥാകൃത്തായ മോപ്പസാങ്ങ് എഴുതിയ ‘ദി ലിറ്റിൽ കാസ്‌ക്’ എന്ന കഥ ശ്രദ്ധേയമാണ്. ഇതിലെ പ്രധാന കഥാപാത്രങ്ങളാണ് ഉൾചിക്ക് എന്ന സത്രമുടമയും അയാളുടെ അയൽക്കാരി മാംഗ്ലോയർ എന്ന വൃദ്ധ സ്ത്രീയും. ഏവർക്കും അസൂയ ഉളവാക്കുന്ന രീതിയിലുള്ള ഒരു നല്ല കൃഷിഭൂമിയുടെ ഉടമയായിരുന്നു മാംഗ്ലോയർ. എന്നാൽ ആ സ്ത്രീക്ക് സ്വന്തമെന്ന് പറയാൻ മക്കളോ ബന്ധുക്കളോ ആരുമുണ്ടായിരുന്നില്ല. ഇക്കാരണത്താൽ മാംഗ്ലോയറുടെ സ്ഥലം ന്യായമായ വിലയ്ക്ക് വാങ്ങണമെന്ന് ഉൾചിക്ക് ആഗ്രഹിച്ചു. പല തവണ ആ സ്ഥലത്തിന് നല്ല വില നൽകാമെന്ന് ഉൾചിക്ക് പറഞ്ഞെങ്കിലും മാംഗ്ലോയർ സ്ഥലം വിൽക്കാൻ കൂട്ടാക്കിയില്ല.

ആ കൃഷിഭൂമിയോടുള്ള താല്പര്യം മൂലം ഉൾചിക് ഒരു ദിവസം മാംഗ്ലോയറെ ചെന്നുകണ്ട് മറ്റൊരു പദ്ധതി വിശദീകരിച്ചു. ”നിങ്ങളുടെ വീടും സ്ഥലവും ഞാൻ വാങ്ങാം. മരണം വരെ നിങ്ങൾക്ക് അതിൽ നിന്ന് ആദായവുമെടുക്കാം. എല്ലാ മാസവും ഞാൻ ആ കൃഷിയിടത്തിന് വിലയായി നിങ്ങൾക്ക് 150 ഫ്രാങ്കും തരാം.”

കാര്യമെന്തെന്ന് മനസിലാകാതെ മാംഗ്ലോയർ അത്ഭുതപ്പെട്ട് നിൽക്കുമ്പോൾ ഉൾചിക്ക് വിശദീകരിച്ചു. ”ഞാൻ മാസം തോറും 150 ഫ്രാങ്ക് തന്നു എന്ന കാരണത്താൽ നിങ്ങൾ എനിക്ക് നിങ്ങളുടെ സ്ഥലം ഒഴിഞ്ഞ് തരേണ്ടതില്ല. നിങ്ങളുടെ മരണശേഷം മാത്രം അതെനിക്ക് നൽകുന്നതാണെന്നുള്ള പ്രമാണപത്രം ഒപ്പിട്ട് നൽകിയാൽ മതി. ..”

എത്ര സമ്പത്ത് കിട്ടിയാലും അതിലൊന്നിലും തൃപ്തി കാണാത്ത സ്ത്രീയായിരുന്നു മാംഗ്ലോയർ. അവൾ ഓർത്ത് നോക്കി. നല്ലൊരു പദ്ധതിയാണ് ഈ മണ്ടൻ അവതരിപ്പിച്ചിരിക്കുന്നത്. അതായത് മരണം വരെ തനിക്ക് കൃഷിഭൂമിയിൽ നിന്നുള്ള ആദായം അനുഭവിക്കുകയും ചെയ്യാം, ഓരോ മാസവും 150 ഫ്രാങ്കും കിട്ടും. സംഗതി നല്ലതു തന്നെ..

എങ്കിലും അവരുടെ ആർത്തി പിന്നെയും തലയുയർത്തി. അവർ കണക്കുകൂട്ടാൻ തുടങ്ങി. വീടിനും കൃഷിസ്ഥലത്തിനും കൂടി മൊത്തം ആറു ലക്ഷം ഫ്രാങ്ക് എന്ന് വിലയിരുത്തിയാൽ തനിക്ക് മാസം തോറും 250 ഫ്രാങ്ക് കിട്ടുന്ന രീതിയിൽ കച്ചവടം ഉറപ്പിക്കാം. അങ്ങനെ മാസം തോറും 250 ഫ്രാങ്ക് വേണമെന്ന കാര്യത്തിൽ അവർ ശഠിച്ചു.

72 വയസുളള മാംഗ്ലോയറുടെ അത്യാഗ്രഹം കലർന്ന വാക്കുകൾ മനസില്ലാ മനസോടെയാണ് ഉൾചിക്ക് കേട്ടത്. ആ സ്ഥലം ഏറെയിഷ്ടപ്പെട്ടതുകൊണ്ട് അമ്മൂമ്മയുടെ എല്ലാ ഡിമാൻഡുകളും ഉൾചിക് സമ്മതിച്ചു. പിന്നീട് എല്ലാ മാസവും മാംഗ്ലോയർ, ഉൾചിക്കിനോട് കൃത്യമായി 250 ഫ്രാങ്ക് വീതം വാങ്ങാൻ തുടങ്ങി. കുറെ മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും മാംഗ്ലോയറിന്റെ ദുരാസക്തി പിന്നെയും ഉണർന്നു. അവർ ഉൾചിക്കിനോട് പണത്തോടൊപ്പം മദ്യവും തനിക്ക് വേണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. മദ്യലഹരി തലക്ക് പിടിച്ചതോടെ അതില്ലാതെ മാംഗ്ലോയർക്ക് തുടർന്ന് ജീവിക്കാൻ കഴിയില്ലെന്നായി. ഏറെ വൈകാതെ ആ സ്ത്രീ മദ്യപിച്ച് മരണമടയുകയും ചെയ്തു.മറ്റുള്ളവരെ വഞ്ചിച്ചും കബളിപ്പിച്ചും സ്വന്തമാക്കിയ സമ്പത്ത് പാഴായിത്തീരുമെന്നതിന് ഏറ്റവും നല്ല തെളിവാണ് മാംഗ്ലോയറുടെ ഈ ദുരന്തം. ”അന്യായമായി നേടിയ സമ്പത്ത് ജീവിതത്തിൽ ഒരിക്കലും ഉപകരിക്കുകയില്ല” (സുഭാ.10:2).

മറ്റുള്ളവരെ കവർച്ച ചെയ്ത് നേടിയ പണം പലരും പല തരത്തിലാണ് വിനിയോഗിക്കുന്നത്. സുഖഭോഗങ്ങൾക്കും ആർഭാടങ്ങൾക്കുമായി ചിലർ ഈ സമ്പത്ത് വിനിയോഗിക്കുമ്പോൾ മറ്റ് ചിലരാകട്ടെ, അതിന്റെ പാപക്കറകൾ പിഴുതുമാറ്റാമെന്നുള്ള വ്യാമോഹത്തോടെ മതപരമായ പ്രവർത്തനങ്ങൾക്ക് വേണ്ടി ഈ പണം ചിലവഴിക്കുന്നു. എന്നാൽ അന്യായമായി നേടിയ സമ്പത്ത് ഉപയോഗിച്ച് തിരുനാൾ നടത്തിയാലും തിരുസ്വരൂപം വാങ്ങി പ്രതിഷ്ഠിച്ചാലും അവയൊന്നും ദൈവത്തിന് തെല്ലും പ്രീതികരമാകില്ല. അതൊന്നും ചെയ്ത പാപങ്ങൾക്ക് വിമുക്തിയും നേടിത്തരില്ല.

കൈക്കൂലി വാങ്ങിയും അഴിമതി നടത്തിയും അന്യായപലിശയ്ക്ക് പണം കൊടുത്തും സഹോദരന്റെ രക്തത്തിന് വിലയിട്ട പണം എന്നും പാപക്കറ പുരണ്ടതുതന്നെയാകും. അശ്ലീല സിനിമകളും പുസ്തകങ്ങളും സിഡിയും നിർമ്മിച്ചും വിതരണം ചെയ്തും അനേകരുടെ മനസുകളെ വിഷലിപ്തമാക്കി അതിൽ നിന്നും ആർജിക്കുന്ന പണവും വ്യഭിചാരത്തിലൂടെയും മദ്യം, മയക്കുമരുന്നിലൂടെയും സമ്പാദിക്കുന്നതുമൊക്കെ ദൈവനീതിക്കു മുന്നിൽ അന്യായസമ്പത്താണ്. ”വേശ്യകളുടെ വേതനമോ നായയുടെ കൂലിയോ നിന്റെ ദൈവമായ കർത്താവിന്റെ ആലയത്തിലേക്ക് നേർച്ചയായി കൊണ്ടുവരരുതെന്ന്” (നിയമാ.23:18) തിരുവചനം ഗൗരവപൂർവമാണ് ഓർമ്മിപ്പിക്കുന്നത്.

നികുതി കബളിപ്പിക്കുന്നവരും കൃത്രിമമാർഗങ്ങളിലൂടെ ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നവരും സർട്ടിഫിക്കറ്റ് പോലെയുള്ള അമൂല്യരേഖകൾ കൃത്രിമമായി നിർമ്മിച്ച് കച്ചവടം ചെയ്യുന്നവരുമെല്ലാം ദൈവനീതിക്കു മുന്നിൽ അധാർമ്മിക പ്രവൃത്തി തന്നെയാണ് ചെയ്യുന്നത്. ദൈവത്തെ പ്രസാദിപ്പിക്കാൻ ഇതിൽ നിന്നും കിട്ടുന്ന തങ്കനാണയങ്ങൾ നേർച്ച അർപ്പിച്ചാൽ ദൈവം പ്രസാദിക്കുമോ?
ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത് യൂദാസ് സമ്പാദിച്ച പണം പോലും ദേവാലയത്തിൽ നിക്ഷേപിക്കുവാൻ പുരോഹിതന്മാർ മടിച്ചതായി നാം വിശുദ്ധ ഗ്രന്ഥത്തിൽ വായിക്കുന്നു. ”അത് രക്തത്തിന്റെ വിലയാകയാൽ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നത് ഉചിതമല്ലെന്നായിരുന്നു പുരോഹിതന്മാരുടെ ഏകകണ്ഠമായ വിശദീകരണം.” (മത്താ.27:6).

വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗ്രീക്ക് ഭിഷഗ്വരനായിരുന്നു ഹിപ്പോ ക്രേറ്റസ്. അദ്ദേഹത്തിന്റെ സമകാലികനായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് പച്ചമരുന്ന് ചികിത്സയിൽ സമർത്ഥനായിരുന്ന ക്രാറ്റീവ എന്ന വൈദ്യൻ. ഒരിക്കൽ ഹിപ്പോക്രേറ്റസ് ക്രാറ്റീവായ്ക്ക് എഴുതി. ”നിങ്ങൾ പച്ചമരുന്നു തിരയുമ്പോൾ ധനാസക്തിയാകുന്ന കളകൾ പിഴുതു കളയണം. അങ്ങനെ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് മാത്രമല്ല, മനസിനും സുഖം ലഭിക്കും..”

”ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണമെന്ന്” (1.തിമോ. 6:4-11) വിശുദ്ധ ഗ്രന്ഥം പ്രതിപാദിക്കുന്നു. എങ്ങനെയും പണം സമ്പാദിക്കണമെന്നുള്ള മനുഷ്യന്റെ ആഗ്രഹം ദൈവത്തിൽ നിന്നും മനുഷ്യനെ അകറ്റുകയാണ് ചെയ്യുന്നത്. അന്യായമായി കുറെ പണം സമ്പാദിച്ചശേഷം ആത്മീയ പാതയിലേക്ക് തിരിയുന്നതുകൊണ്ടോ ദേവാലയ ഭരണസമിതി അംഗമായതുകൊണ്ടോ ദൈവനീതിയിൽ നിന്നും രക്ഷനേടാനാവില്ല. ”കർത്താവേ, ഞാനിതാ എന്റെ സ്വത്തിൽ പകുതി ദരിദ്രർക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു.” (ലൂക്കാ. 19. 8) എന്ന് സക്കേവൂസിനെപ്പോലുള്ള ഏറ്റുപറച്ചിലും ശരിയായ മാനസാന്തരവുമാണ് പരിഹാരം. അങ്ങനെ ചെയ്യുന്നവർക്ക് മാത്രമേ ഈ ബന്ധനത്തിൽ നിന്നും വിമുക്തി നേടാനാവൂ. അപ്പോൾ സക്കേവൂസിന്റെ ഭവനത്തിന് ക്രിസ്തു നൽകിയ രക്ഷ നമുക്കും ലഭ്യമാകും.