മറക്കാനാവാത്ത അനുഭവങ്ങൾക്കു മുന്നിൽ

നക്‌സലറ്റുകളാണെന്ന് പറഞ്ഞ് ഞങ്ങളെ ഗ്രാമത്തിൽനിന്നും പറഞ്ഞയക്കാനുള്ള ശ്രമമുണ്ടായി. പക്ഷേ കുറെ ആളുകൾ ഞങ്ങളുടെ രക്ഷയ്‌ക്കെത്തി.

332

പതിനാറാം വയസിലാണ് ഞാൻ ബീഹാറിലെത്തുന്നത്. പോഷ് ആയിട്ടുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിപ്പിക്കുന്ന ജോലിയാണ് എനിക്ക് ലഭിച്ചത്. എങ്കിലും എവിടെയാണ് പാവങ്ങൾ ജീവിക്കുന്നതെന്ന് ഞാൻ തിരക്കി.
ആറു ജില്ലകളിൽ ജോലി ചെയ്തശേഷം മുങ്കേർ ജില്ലയിലെത്തിയപ്പോഴാണ് മുസഹർ സമുദായത്തെ കണ്ടുമുട്ടിയത്. എലികളെ തിന്നുന്ന വർഗം. ആദിവാസികളും പാവപ്പെട്ടവരുമായ അവരെ ഛോട്ടാനാഗ്പൂരിൽ നിന്നും റാഞ്ചിയിൽനിന്നും ആട്ടിയോടിക്കുകയായിരുന്നു. ആദ്യകാലത്ത് അവർക്ക് ഭൂമിയുണ്ടായിരുന്നെങ്കിലും അവരെ വഞ്ചിച്ച് സമൂഹത്തിലെ ഉന്നതർ ഭൂമി കൈക്കലാക്കിയിരുന്നു.
ഇന്നവർക്ക് ഭൂമിയില്ല. റെയിൽവേ, ഇറിഗേഷൻ എന്നിവയുടെ പുറമ്പോക്ക്, റോഡുവക്കുകൾ എന്നിവിടങ്ങളിലാണ് അവർ താമസിച്ചിരുന്നത്. വിദ്യാഭ്യാസത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന സമുദായം. സ്ത്രീകളിൽ ഒരു ശതമാനവും പുരുഷന്മാരിൽ മൂന്നു ശതമാനവും മാത്രമാണ് വിദ്യ അഭ്യസിച്ചവർ. സ്‌കൂളിൽ പോയാൽത്തന്നെ അവർക്ക് ഇരിക്കാൻ പാടില്ല. തൊട്ടലും തീണ്ടലും നിലനിന്നിരുന്ന കാലം.

1986-ൽ ഞാൻ പാറ്റ്‌ന ജില്ലയിൽവന്ന് മുസഹർ സമുദായത്തിന്റെ കൂടെ ജീവിക്കാൻ തുടങ്ങി. ആ കോളനിയിലെ 19 കുട്ടികളുടെ കൂടെ പാട്ടു പാടുകയും കളിക്കുകയും കഥ പറയുകയുമൊക്കെ ചെയ്ത് അവരുമായി ബന്ധം സ്ഥാപിച്ച് പതുക്കെ അവരെ സ്‌കൂളിൽ അയച്ചു. ഞാൻ അവരെ സ്‌കൂളിൽ കൊണ്ടുചെന്നാക്കും. നാലുമാസം കഴിഞ്ഞപ്പോൾ അവർ കൂട്ടുകാരിൽനിന്നും അറിഞ്ഞു, മറ്റു സ്‌കൂളിലെ കുട്ടികൾക്ക് സ്റ്റൈപന്റ് ആയി പണം കിട്ടിയെന്ന്. ഞങ്ങൾക്കും പണം വേണമെന്ന് ഈ കുട്ടികൾ എന്നോട് പറഞ്ഞു. ഞാൻ അന്വേഷിച്ചപ്പോൾ ആ ഗ്രാമത്തി ലെ ഒരാൾ ഇവരുടെ പണം കൈക്കലാക്കിയതായി അറിയാൻ കഴിഞ്ഞു.

പണം നഷ്ടപ്പെട്ടവരുടെ മാതാപിതാക്കളുടെ ഒരു യോഗം വിളിച്ചു. ഞങ്ങൾ മൂന്ന് സിസ്റ്റേഴ്‌സ് ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ തുടർന്നാൽ അയാളുടെ പദ്ധതികൾ നടപ്പിലാവില്ലെന്ന് അയാൾക്ക് മനസിലായി. അതിനാൽ നക്‌സലറ്റുകളാണെന്ന് പറഞ്ഞ് ഞങ്ങളെ ഗ്രാമത്തിൽനിന്നും പറഞ്ഞയക്കാനുള്ള ശ്രമമുണ്ടായി. പക്ഷേ കുറെ ആളുകൾ ഞങ്ങളുടെ രക്ഷയ്‌ക്കെത്തി. താമസിക്കാൻ ഞങ്ങൾക്ക് സ്ഥലമൊരുക്കിത്തന്നു. അവിടെ ആറുമാസം താമസിച്ചശേഷം പിന്നീട് മറ്റൊരു ഗ്രാമത്തിലേക്ക് പോയി.

പുതിയ സ്ഥലത്ത് ഒരു കുടിലാണ് താമസസ്ഥലമായി ലഭിച്ചത്. മഴ പെയ്യുന്ന നാളുകളിലാണ് ഞാനവിടെ എത്തിയത്. പെയ്യുന്ന മഴവെള്ളത്തെ പ്ലേറ്റിലാക്കി പുറത്തു കളയണമായിരുന്നു. എങ്കിലേ അവിടെ കിടക്കാനാകൂ. അങ്ങനെ ആദ്യരാത്രി കഴിച്ചുകൂട്ടി. പിന്നെ കുറെക്കൂടെ മെച്ചപ്പെട്ട സ്ഥലത്തേക്ക് താമസം മാറി. അവിടെ 21 വർഷം മുസഹർ സമുദായത്തിന്റെ കൂടെ താമസിച്ചു. ആ കാലങ്ങളിൽ മരണത്തിന്റെ മുൾമുനയിലാണ് ജീവിച്ചത്.
അവിടുത്തെ സ്ത്രീകളിൽനിന്നും ആ ഗ്രാമത്തിലെ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം ഞാനറിഞ്ഞു. പക്ഷേ അവൾക്ക് പേടിയായിരുന്നു പോലീസ് സ്റ്റേഷനിൽ വരാനും മറ്റും. മൂന്നു ദിവസത്തെ പരിശ്രമത്തിനുശേഷമാണ് കേസ് കൊടുക്കാൻ അവർ തയാറായത്.

പോലിസ് സ്റ്റേഷനിൽ ചെന്നപ്പോൾ പോലിസ് കേസ് എടുക്കാൻ മടിച്ചു. എന്നെ കോടതിയിൽ കണ്ടിട്ടുള്ളതിനാൽ അവസാനം പോലീ സ് കേസ് ചാർജ് ചെയ്തു. മുസഹർ സമുദായത്തിലെ ആദ്യ ബലാൽസംഗ കേസായിരുന്നു ഇത്. പ്രതിയെ അറസ്റ്റ് ചെയ്തു. അതുകഴിഞ്ഞ് രണ്ടു വർഷത്തിനുള്ളിൽ ഒമ്പത് റേപ്പ് കേസുകൾ രജിസ്റ്റർ ചെയ്യാൻ ഞാൻ സഹായിച്ചു. ഈ കേസ് കോടതിയിൽ വാദിച്ചതും ഞാൻതന്നെയായിരുന്നു.

ഇപ്പോൾ അവർ വളരെ ശക്തരാണ്. അവരെ സ്വയം തൊഴിലിലൂടെ ജീവിതത്തിലേക്ക് തിരിച്ച് വരാൻ പഠിപ്പിക്കുന്നു. ജപ്പാനിലേക്കും അർമേനിയയിലേക്കുമെല്ലാം അവർ ജോലിക്കായിപോയിക്കഴിഞ്ഞു.
എല്ലാം നല്ല ദൈവത്തിന്റെ കരപരിപാലന മാത്രമായി ഞാൻ കാണുന്നു. എന്നെ അതിന് ദൈവം ഉപകരണമാക്കിയെന്ന് മാത്രം.

സിസ്റ്റർ സുധ വർഗീസ്