മറക്കാനാവാത്ത നിമിഷങ്ങള്‍

0
933
മറക്കാനാവാത്ത നിമിഷങ്ങള്‍

എണ്‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സംഭവമാണ്. എനിക്ക് നാലുവയസ്. തിരുവല്ലയ്ക്കടുത്ത് പുറമറ്റത്താണ് വീട്. അമ്മ കുളിക്കാന്‍ പോയപ്പോള്‍ ഒഴുക്കുള്ള തോടിന്റെ അരികിലേക്ക് എന്നെയും കൂട്ടിക്കൊണ്ടുപോയി. കരയ്ക്ക് നിര്‍ത്തിയിട്ട് കുനിഞ്ഞുനിന്ന് തലയില്‍ താളി തേക്കുകയായിരുന്നു. എന്തോ ശബ്ദം കേട്ട് നോക്കിയപ്പോള്‍ ഞാന്‍ ഒഴുക്കില്‍ വീണ് വെള്ളം കുടിച്ച് പൊങ്ങിവരുന്നു. അമ്മ ചാടിയിറങ്ങി എന്റെ ശരീരത്തില്‍ പിടിച്ചു വലിച്ച് പൊക്കിയെടുത്തു. അങ്ങനെ അമ്മയിലൂടെ ദൈവം എന്നെ രക്ഷിച്ചു.

ഹൈസ്‌കൂള്‍ പഠനകാലത്ത് ഞങ്ങളുടെ കുടുംബബന്ധുവായിരുന്ന ഫാ. ബനഡിക്ട് ഒ.ഐ.സി (പിന്നീട് ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ്) ശ്രീലങ്ക കാന്‍ഡി സെമിനാരിയിലെ വൈദികപഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തിയപ്പോള്‍ ഞങ്ങളുടെ കുടുംബത്തെയും സന്ദര്‍ശിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ഗ്രിഗോറിയോസിന്റെ സഹോദരിയായ മറിയാമ്മയെയാണ് എന്റെ സഹോദരനും അധ്യാപകനുമായിരുന്ന കെ.സി. ഫ്രാന്‍സിസ് വിവാഹം കഴിച്ചിരുന്നത്. വൈദികജീവിതത്തിനായി ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാനെന്ന് ബനഡിക്ടച്ചന്‍ മനസിലാക്കിയിരുന്നു. കാവി കുപ്പായവും നീണ്ട താടിയും മീശയും കഴുത്തില്‍ തടിക്കുരിശും ധരിച്ചിരുന്ന ആ സന്യാസ വൈദികന്റെ ദൈവചൈതന്യം പ്രശോഭിക്കുന്ന മുഖഭാവവും വ്യക്തിത്വവുമെല്ലാം എന്നെ ആകര്‍ഷിച്ചു. അന്നാരംഭിച്ച സ്‌നേഹബന്ധം 40 വര്‍ഷം ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു.

1930 സെപ്റ്റംബര്‍ 20-ന് നടന്ന മലങ്കര പുനരൈക്യത്തിനുശേഷം മാര്‍ ഈവാനിയോസ് റോമില്‍ എത്തി. മാര്‍പാപ്പയില്‍നിന്ന് പാലിയം സ്വീകരിച്ചശേഷം നാട്ടില്‍ തിരികെയെത്തിയപ്പോള്‍ കേരളസഭ ചങ്ങനാശേരി രൂപതയുടെ ആതിഥേയത്വത്തില്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. എന്റെ പിതാവ് ചങ്ങനാശേരി രൂപതയിലെ അല്മായ പ്രേഷിതനായിരുന്നു. മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയെ സ്വാഗതം ചെയ്യാന്‍ എന്തുകൊണ്ടും യോഗ്യന്‍ കോഴിമണ്ണില്‍ ചാക്കോ ഉപദേശിയാണെന്ന് ബിഷപ്പുമാര്‍ ഉള്‍പ്പെട്ട സംഘാടകസമിതി നിര്‍ദേശിച്ചു.

‘എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തനാണ്; അവന്റെ ചെരിപ്പുകള്‍ വഹിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല” (മത്തായി 3:11) എന്ന വാക്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു കത്തോലിക്ക സഭയിലേക്കുള്ള മാര്‍ ഈവാനിയോസ് പിതാവിന്റെ മഹത്തായ കാല്‍വയ്പിനെ പ്രകീര്‍ത്തിച്ച് സ്വാഗതപ്രസംഗം നടത്തിയത്. മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത മറുപടിപ്രസംഗത്തില്‍ തനിക്ക് വഴിയൊരുക്കാനായി നേരത്തേ കത്തോലിക്ക സഭാംഗമായിത്തീര്‍ന്ന എന്റെ പിതാവിനെ അഭിനന്ദിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍നിന്ന് കത്തോലിക്ക സഭയുടെ മറ്റു റീത്തുകളില്‍ ചേര്‍ന്നവര്‍ മലങ്കര കത്തോലിക്ക സഭയിലാണ് തുടരേണ്ടതെന്ന നിയമമുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ തിരുവല്ല രൂപതയില്‍ അംഗങ്ങളായി. എന്റെ പിതാവ് ചങ്ങനാശേരി രൂപതയിലും തിരുവല്ല രൂപതയിലും അല്മായ പ്രേഷിതശുശ്രൂഷ നിര്‍വഹിച്ചിരുന്നു.

ഫാ. സില്‍വെസ്റ്റര്‍ കോഴിമണ്ണില്‍