മലയാളി വൈദികന്റെ കരുതൽ; നേപ്പാളിൽ 60 വീടുകൾ ഉയർന്നു

0
254

ബംഗളൂരു: മലയാളി വൈദികന്റെ കാരുണ്യം നിറഞ്ഞ മനസ് നേപ്പാളിലെ 60 കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകളായി മാറി. 2015-ൽ നേപ്പാളിൽ ഉണ്ടായ ഭൂകമ്പത്തിൽ വീട് നഷ്ടപ്പെട്ടവർക്കാണ് പുതിയ വീടുകൾ നൽകി ക്രൈസ്തവ സ്‌നേഹത്തിന്റെ നേർസാക്ഷ്യമായി മാറിയത്. ക്ലരിഷ്യൻ വൈദികനായ ഫാ. ജോർജ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ബംഗളൂർ കെയേഴ്‌സ് ഫോർ നേപ്പാൾ’ എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിലാണ് വീടുകൾ നൽകിയത്. ദ്വലക ജില്ലയിലെ താർത്തുംഗ് ഗ്രാമത്തിലാണ് കാരിത്താസ് നേപ്പാളിന്റെ മേൽനോട്ടത്തിൽ മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് വീടുകൾ യാഥാർത്ഥ്യമാക്കിയത്. വീടുകളുടെ നിർമ്മാണത്തിൽ ഗ്രാമത്തിന്റെ മുഴുവൻ പങ്കാളിത്തം ഉറപ്പുവരുത്തിയായിരുന്നു പ്രവർത്തനങ്ങൾ. ഈ സന്നദ്ധസംഘടന നൽകിയ തുകയുപയോഗിച്ച് അയൽക്കാരായ ഏഴു കുടുംബങ്ങൾ ചേർന്നാണ് ഓരോ വീടും നിർമിച്ചത്. പണിക്കൂലി നൽകേണ്ടാത്തതിനാൽ ചെറിയ ബജറ്റിൽ മോശമല്ലാത്ത വീടുകൾ നിർമിക്കാനായി. പഴയ വീടിന്റെ കല്ലുകളും കാട്ടിൽനിന്നു ലഭിച്ച മരവുമൊക്കെ ഉപയോഗിച്ചായിരുന്നു വീടുനിർമ്മാണം. ഭൂകമ്പത്തിൽ 10,000-ത്തോളം പേർ മരണമടഞ്ഞ ഈ ഗ്രാമത്തിൽ ഭൂകമ്പത്തെ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിലുള്ള വീടുകളാണ് നിർമ്മിച്ചതെന്ന് ഫാ. ജോർജ് കണ്ണന്താനം പറഞ്ഞു.
ഭൂകമ്പമുണ്ടായതിനു തൊട്ടുപിന്നാലെതന്നെ ഫാ. ജോർജ്, ഫാ. ആന്റണി, എം.വി.ജോസ് എന്നിവരുടെ നേതൃത്വത്തിൽ ദുരന്തത്തിന് ഇരകളായവരെ സഹായിക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നേപ്പാളിലെ വിദൂരഗ്രാമങ്ങളിലുള്ള 100 കുടുംബങ്ങൾക്ക് ബംഗളൂർ കെയേഴ്‌സ് നേപ്പാളിന്റെ നേതൃത്വത്തിൽ വർഷങ്ങളോളം താമസിക്കാൻ കഴിയുന്നതും ഭൂകമ്പത്തെ അതിജീവിക്കാൻ കഴിയുന്നതുമായ വീടുകൾ നിർമിച്ചത് വിദേശ ഏജൻസികളുടെവരെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സർക്കാരിതര സംഘടനകൾ, കോർപറേറ്റ് ഹൗസുകൾ, മറ്റ് ഏജൻസികൾ എന്നിവയ്‌ക്കൊപ്പം ഉദാരമതികളായ വ്യക്തികളും ഈ സംരംഭത്തിൽ പങ്കാളികളായി.
കാവ്‌രെ ജില്ലയിലുള്ള ശ്രീ ജനകല്യാൺ സെക്കന്ററി സ്‌കൂളിനുവേണ്ടി 2017-ൽ സ്‌പെയിനിൽനിന്നുള്ള ക്ലരീഷ്യൻ ഏജൻസിയായ ‘പ്രൊക്ലെയ്ഡി’ന്റെ സഹായത്തോടെ കെട്ടിടം, ലാബ്, കംപ്യൂട്ടർ ലാബ് എന്നിവയും നിർമിച്ചു നൽകിയിരുന്നു. ഉന്നത വിദ്യാഭ്യാസം ലഭ്യമാകാൻ സാധ്യത നഷ്ടപ്പെട്ടിരുന്ന 30 കുട്ടികൾക്ക് ബംഗളൂരുവിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ സൗകര്യമൊരുക്കാനും ഈ സന്നദ്ധസംഘടനക്ക് കഴിഞ്ഞു.