മഹത്വപൂർണമായ ഉയിർപ്പിന്റെ പ്രസക്തി

596

ഫിലിപ്പിയർക്കുള്ള ലേഖനം 2:6 ൽ നാം വായിക്കുന്നു: ”ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണം വരെ, അതെ കുരിശുമരണംവരെ, അനുസരണം ഉള്ളവനായി, തന്നെത്തന്നെ താഴ്ത്തി. ആകയാൽ ദൈവം അവിടുത്തെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നൽകുകയും ചെയ്തു. ഇത് യേശുവിന്റെ നാമത്തിന്റെ മുമ്പിൽ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലും ഉള്ള സകലരും മുട്ടുകൾ മടക്കുന്നതിനും യേശുക്രിസ്തു കർത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്.”

പുത്രനായ ദൈവത്തിന്റെ മനുഷ്യാവതാരംതന്നെ ഒരു ശൂന്യവൽക്കരണം ആയിട്ടാണ് വചനം പറയുന്നത്. കുരിശുമരണത്തിലൂടെ യേശു വീണ്ടും തന്നെത്തന്നെ ശൂന്യവൽക്കരിച്ചു. അതിനാൽ, പിതാവായ ദൈവം യേശുവിനെ മഹത്വപ്പെടുത്തി. ഉത്ഥിതനായ യേശുവിന്റെ നാമത്തിന് മുമ്പിൽ സകലതും മുട്ടുമടക്കുന്നു.
വലിയ സഹനത്തിലൂടെയും ദാരുണ മരണത്തിലൂടെയും കടന്നുപോയശേഷമാണ് യേശു മഹത്വത്തിലേക്ക് പ്രവേശിക്കുന്നത്. യേശുവിന്റെ സഹന-മരണങ്ങളും പുനരുത്ഥാനവും നമ്മോട് പല കാര്യങ്ങളും പറയുന്നുണ്ട്. എല്ലാ മനുഷ്യർക്കും സഹനവും മരണവും ഉണ്ട് എന്നതാണ് ഒന്നാമത്തെ കാര്യം. എന്നാൽ, മരണത്തോടെ ജീവൻ അവസാനിക്കുന്നില്ല. പുനരുത്ഥാനവും നിത്യജീവനും ഉണ്ട്. പുനരുത്ഥാനവും മരണാനന്തര ജീവിതവും വേണമോ വേണ്ടയോ എന്ന കാര്യത്തിൽ മനുഷ്യർക്ക് തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം തന്നിട്ടില്ല.

പ്രവൃത്തികൾക്കനുസരിച്ചുള്ള വിധിയും വിധിക്കനുസരിച്ചുള്ള മരണാനന്തര ജീവിതവും ഉണ്ടാകും എന്നതാണ് രണ്ടാമത്തെ കാര്യം. അതിനാൽ, മഹത്വപൂർണമായ പുനരുത്ഥാനവും സ്വർഗത്തിലുള്ള മരണാനന്തരജീവിതവും ലഭിക്കണം എന്ന് ഓരോരുത്തരും ആഗ്രഹിക്കണം. ആ വിധത്തിൽ ജീവിക്കുവാൻ ശ്രമിക്കുകകൂടി വേണം. ആഗ്രഹം ഉണ്ടായിരിക്കുകയും എന്നാൽ, അതിനനുസരിച്ചുള്ള ജീവിതം ഇല്ലാതിരിക്കുകയും ചെയ്താൽ, ലഭിക്കുന്ന പുനരുത്ഥാനവും മരണാനന്തര ജീവിതവും മഹത്വപൂർണം ആകുകയില്ല.

മഹത്വപൂർണമായ പുനരുത്ഥാനവും നിത്യസൗഭാഗ്യവും ലഭിക്കണമെങ്കിൽ കുറച്ചെങ്കിലും സഹിച്ചേ പറ്റൂ. യേശു സഹിച്ചത് പിതാവിന്റെ ഹിതം അനുസരിച്ചാണ്. സ്വന്തം ഹിതം ഈ പാനപാത്രം മാറിപ്പോകട്ടെ എന്നായിരുന്നു. എങ്കിലും, എന്റെ ഇഷ്ടംപോലെയല്ല, അങ്ങയുടെ ഇഷ്ടംപോലെ ആകട്ടെ എന്ന് പറഞ്ഞ് സ്വയം വിട്ടുകൊടുത്തു. ഇതുപോലെ, നമ്മുടെ ഇഷ്ടത്തിന് വിരുദ്ധമായ, സഹനവും മരണവും അടങ്ങിയ ഒരു പാക്കേജ് ദൈവം ഓരോരുത്തർക്കുമായി കരുതിയിട്ടുണ്ട്. സഹനങ്ങൾ പലവിധമാകാം. രോഗങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, കുടുംബ-ദാമ്പത്യ പ്രശ്‌നങ്ങൾ, മക്കളോ മാതാപിതാക്കളോ സഹോദരങ്ങളോ വഴിയുള്ള സഹനങ്ങൾ, ആത്മീയ ശുശ്രൂഷകൾ നടത്തുവാനുള്ള സഹനങ്ങൾ, മറ്റുള്ളവർക്കുവേണ്ടി ഏറ്റെടുക്കുന്ന സഹനങ്ങൾ, പാപപരിഹാരാർത്ഥം സ്വയം ഏറ്റെടുത്തു ചെയ്യുന്ന ത്യാഗങ്ങൾ എന്നിവയെല്ലാം ഈ സഹനപാക്കേജിലെ ഇനങ്ങൾ ആകാം. എന്നാൽ, ഈ പാക്കേജിൽ ദൈവം ഉൾക്കൊള്ളിച്ചിരിക്കുന്ന പ്രധാനമായൊരു സഹനം ഉണ്ട്. അത്, പാപം ചെയ്യാതെ ജീവിക്കുവാൻ ഉള്ള പരിശ്രമത്തിൽ ഏറ്റെടുക്കേണ്ടി വരുന്ന സഹനങ്ങൾ ആണ്. നമ്മോടുതന്നെ നല്ലവണ്ണം ഗുസ്തി പിടിച്ചെങ്കിലേ പല പാപങ്ങളും ചെയ്യാതെ ജീവിക്കുവാൻ കഴിയുകയുള്ളൂ. നുണ പറയാതിരിക്കുക, പരദൂഷണം പറയാതിരിക്കുക, ലഹരിവസ്തുക്കൾ ഉപയോഗിക്കാതിരിക്കുക, ജഡികപാപങ്ങൾ ചെയ്യാതിരിക്കുക, പ്രതികാരം ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങൾക്കായി ഓരോരുത്തരും എത്രമാത്രം ക്ലേശങ്ങൾ സഹിക്കേണ്ടിവരാം. തീർച്ചയായും, പല വ്യക്തികൾക്കും ഇക്കാര്യത്തിൽ വേണ്ടിവരുന്ന ത്യാഗത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. ഈ വക പാപപ്രവൃത്തികൾ ചെയ്യുവാൻ ആസക്തി കൂടിയവരും കുറഞ്ഞവരും ഉണ്ടല്ലോ. ഈ ആസക്തിയുടെ കൂടുതൽ-കുറവ് അനുസരിച്ച് സഹനത്തിന്റെ അളവിലും വ്യത്യാസം ഉണ്ടാകും. സഹനപാക്കേജിൽ ഉള്ള മറ്റൊരിനം ആണ് അനുസരിക്കുവാനും വിധേയപ്പെടുവാനുമായി വേണ്ടിവരുന്ന സഹനങ്ങൾ. പിതാവിന്റെ ഹിതത്തിന് സമർപ്പിക്കുവാനാണ് യേശു സഹിച്ചതും മരിച്ചതും. ഇതുപോലെ, ദൈവഹിതത്തിന് വിധേയപ്പെടുവാനായി എല്ലാവരും സഹിക്കേണ്ടി വരും. ചിലർക്ക് ഇവിടെയും കൂടുതൽ സഹിക്കുവാൻ ഉണ്ടാകും. നമ്മുടെ മനസിനെ അലട്ടുന്ന കുറെ ചോദ്യങ്ങൾക്ക് കൂടി യേശുവിന്റെ പുനരുത്ഥാനം മറുപടി പറയുന്നു. ലോകത്തിൽ ഒരുപാട് അസമത്വങ്ങളും അനീതിയും നാം കാണുന്നു. നിരപരാധികൾ പീഡിപ്പിക്കപ്പെടുന്നു. ദുഷ്ടന്മാർ വലിയ ദുഷ്ടത്തരങ്ങളും അനീതിയും കാണിക്കുന്നു. സാമാന്യനീതി പോലും നിഷേധിക്കപ്പെടുന്ന ധാരാളം അവസരങ്ങൾ ഉണ്ട്. ദുഷ്ടന്മാർ ഒരു ശിക്ഷയും സഹനവും ഇല്ലാതെ പലപ്പോഴും കടന്നുപോകുന്നു. ഒരിക്കലും നീതി ലഭിക്കാതെയും ഒരു ആവറേജ് ജീവിതംപോലും കിട്ടാതെയും ഒരുപാട് ജീവിതങ്ങൾ അവസാനിക്കുന്നു.

എന്താണ് ഇതിനൊക്കെ ഉത്തരം? യേശുവിനെപ്പോലെ നമുക്കും ഒരു പുനരുത്ഥാനം ഉണ്ട് എന്നതാണ് ഇതിനുള്ള ഉത്തരം. പാവങ്ങളുടെ, നിരപരാധരുടെ, നീതി നിഷേധിക്കപ്പെട്ടവരുടെ, ആവറേജ് ജീവിതംപോലും കിട്ടാതെ പോകുന്നവരുടെ സഹനങ്ങൾക്ക് ഒരവസാനമുണ്ട്. അതുപോലെ, ദുഷ്ടത്തരം കാണിക്കുന്നവർക്ക് ദുഷ്ടത്തരം കാണിക്കുവാൻ കിട്ടുന്ന അവസരങ്ങൾക്കും ഒരു അവസാനമുണ്ട്. പാവങ്ങളുടെ സഹനം കഴിഞ്ഞ് അവർ യേശുവിനെപ്പോലെ മഹത്വത്തിനായി, നിത്യസൗഭാഗ്യത്തിനായി ഉയിർപ്പിക്കപ്പെടുന്നു. ദുഷ്ടന്മാർ നിത്യശിക്ഷക്കായി ഉയിർപ്പിക്കപ്പെടുന്നു. അതിനാൽ, ആവറേജ് ജീവിതംപോലും ലഭിക്കാത്തവർക്കും സഹനത്തിലൂടെ കടന്നുപോകുന്നവർക്കും നീതി നിഷേധിക്കപ്പെട്ടവർക്കും പ്രത്യാശിക്കുവാൻ കാരണം ഉണ്ട്. കാരണം, അവരുടെ സഹനങ്ങൾ ഒരിക്കൽ അവസാനിക്കും. അവർക്ക് മഹത്വവും ആനന്ദവും മാത്രമുള്ള, അവസാനിക്കാത്ത ഒരു ജീവിതം ഉണ്ടായിരിക്കും. അനീതിയും ദുഷ്ടത്തരവും കാണിക്കുന്നവർക്ക് ഭയപ്പെടുവാൻ തക്കതായ ഒരു കാരണമുണ്ട്. നിത്യശിക്ഷ അനുഭവിക്കുന്ന ഒരു ജീവിതം അവരെ കാത്തിരിക്കുന്നു. പ്രഭാഷകന്റെ പുസ്തകം പറയുന്നുണ്ട്: മരിക്കുംമുമ്പ് ആരെയും ഭാഗ്യവാൻ എന്ന് വിളിക്കരുത്; എന്തെന്നാൽ, മരണത്തിലൂടെയാണ് മനുഷ്യരെ അറിയുക. മരിച്ച് സ്വർഗത്തിൽ എത്തുന്ന എല്ലാവരും ഭാഗ്യമുള്ളവരും നരകത്തിൽ എത്തുന്ന എല്ലാവരും നിർഭാഗ്യമുള്ളവരും.

അതിനാൽ ദൈവം അനുവദിക്കുന്ന, ആഗ്രഹിക്കുന്ന സഹനപാക്കേജ് സ്വീകരിച്ച് നല്ല മരണം വരിച്ച് സ്വർഗത്തിൽ എത്തണം എന്നത് നമ്മുടെ മുൻഗണന ആകേണ്ടിയിരിക്കുന്നു. ഉയിർപ്പ് തിരുനാൾ ആഘോഷിക്കുമ്പോഴും സന്തോഷിക്കുവാനും ആഘോഷിക്കുവാനും ഭൗതികമായി ഒന്നുമില്ലാത്തവർ ഉണ്ടല്ലോ. അവരോടൊപ്പം നമുക്കും ഉത്ഥിതനായ യേശുവിന്റെ മുഖത്തേക്ക് നോക്കാം. നിങ്ങൾക്ക് സമാധാനം എന്ന ഉയിർപ്പുദിനത്തിലെ ആശംസ യേശു നമ്മൾ ഓരോരുത്തരെയും നോക്കി ഇന്ന് ആശംസിക്കട്ടെ. അങ്ങനെ സമാധാനമുള്ള മനസോടെ ഈ വർഷത്തെ ഈസ്റ്റർ ആഘോഷം കടന്നുപോകട്ടെ! ഈസ്റ്റർ ആശംസകൾ!

ഫാ. ജോസഫ് വയലിൽ CMI