മാഞ്ചസ്റ്റർ ക്‌നാനായ ഇടവകയിൽ പരിശുദ്ധ മാതാവിന്റെ തിരുനാൾ ഒക്ടോബർ 7ന്

222

മാഞ്ചസ്റ്റർ :മാഞ്ചെസ്റ്റർ ക്‌നാനായ ചാപ്ലൈൻസിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുന്നാളും ഇടവകദിനവും സെന്റ് ജോൺ പോൾ രണ്ടാമൻ മതബോധന സ്‌കൂളിന്റെ രണ്ടാം വാർഷികവും ഒക്ടോബർ 7ന് നടക്കും. മാഞ്ചസ്റ്ററിലെ വിഥിൻഷോ സെന്റ് അന്തോണീസ് ദൈവാലയത്തിൽ വെച്ച് ഒക്ടോബർ 7ന് കാലത്തു 10 മണിക്ക് തിരുനാൾപതാക ഉയർത്തുന്നതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമാവും .തുടർന്ന് പാപുവ- ന്യൂഗുനിയയുടെ വത്തിക്കാൻ സ്ഥാനപതിയായി നിയമിക്കപ്പെട്ട ആർച്ച് ബിഷപ്പ് കുര്യൻ വയലുങ്കലിന് സ്വീകരണം നല്കും . വയലുങ്കൽ പിതാവിനൊപ്പം സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും ഷൂസ്ബറി രൂപതാധ്യക്ഷൻ മാർ മാർക്ക് ഡേവീസും തിരുന്നാളിൽ പങ്കെടുക്കും.

തിരുനാളിനോടനുബന്ധിച്ച് അർപ്പിക്കപ്പെടുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ ആർച്ച്ബിഷപ്പ് മാർ കുര്യൻ വയലിങ്കലിൽ മുഖ്യകാർമ്മിത്വം വഹിക്കും. ദിവ്യബലി മധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ തിരുന്നാൾ സന്ദേശം നൽകും . ദിവ്യബലിയ്ക്ക് ശേഷം നടക്കുന്ന തിരുന്നാൾ പ്രദക്ഷിണത്തിൽ മുത്തുക്കുടകളും കൊടിതോരണങ്ങളുമേന്തി അലങ്കരിച്ച മാതാവിന്റെ തിരുസ്വരൂപത്തിനൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരങ്ങൾ അണിനിരക്കും. പ്രദക്ഷിണം തിരികെ ദൈവാലയത്തിലെത്തുമ്പോൾ വിശുദ്ധ കുർബാനയുടെ ആശിർവ്വാദം നൽകിയ ശേഷം മുടിഎഴുന്നള്ളിക്കൽ,അടിമവെക്കൽ എന്നീ തിരുക്കർമ്മങ്ങൾ നടക്കും. തുടർന്ന് കലാസന്ധ്യയുടെ വേദിയായ ഫോറം സെന്ററിൽ ഊട്ടുനേർച്ചയും ,സ്‌നേഹവിരുന്നും നടത്തപ്പെടും.

വൈകുന്നേരം ഫോറംസെന്ററിൽ വെച്ച് നടത്തപ്പെടുന്ന സെന്റ്. ജോൺപോൾ രണ്ടാമൻ മതബോധന സ്‌കൂളിന്റെ വാർഷികാഘോഷങ്ങളിൽ ഷൂസ്ബറി രൂപതാധ്യക്ഷൻ മാർക്ക് ഡേവിസ് മുഖ്യാതിഥിയാകും . മതബോധനവിദ്യാർത്ഥികൾക്കു പുറമെ ഇടവക ഭക്തസംഘടനകളും ,അൽമായസംഘടനകളും അവതരിപ്പിക്കുന്ന കലാപരിപാടികളും വേദിയിൽ അരങ്ങേറും. കഴിഞ്ഞ അദ്ധ്യയനവർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള അവാർഡ് ദാനച്ചടങ്ങോടെ കലാസന്ധ്യ സമാപിക്കും.

ഫാ.സജി മലയിൽപുത്തൻപുരയിലിന്റെയും മാഞ്ചസ്റ്ററിലെ ക്‌നാനായകുടുംബങ്ങളുടെയും നിരന്തര പ്രാർത്ഥനയുടെയും പരിശ്രമങ്ങളുടെയും ഫലമായാണ് അമലോത്ഭവമാതാവിന്റെ തിരുനാൾ ദിനമായ 2014 ഡിസംബർ 8 നു യൂറോപ്പിലെ തന്നെ ആദ്യ ക്‌നാനായ ചാപ്ലൈൻസിയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. ഷൂസ്ബറി രൂപതാധ്യക്ഷൻ മാർക്ക് ഡേവിസാണ് ക്‌നാനായ വിശ്വാസികൾക്ക് ഒരുമിച്ച് പ്രാർത്ഥിക്കാൻ ചാപ്ലൈൻസി അനുവദിച്ച് നൽകിയത്. തുടർന്ന് 2015 മെയ് 25നു ബിഷപ്പ് മാർക്ക് ഡേവിസ് യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്ലൈൻസി ഉദ്ഘാടനം ചെയ്യുകയും ഫാ. സജിയെ പ്രഥമചാപ്ലൈൻ നിയമിക്കുകയും ചെയ്തു. തുടർന്ന് യുകെയിലെ സീറോമലബാർ സമൂഹത്തിനായി ഗ്രേറ്റ് ബ്രിട്ടൺ രൂപത സ്ഥാപിതമായപ്പോൾ രൂപത ബിഷപ്പായ ജോസഫ് സ്രാമ്പിക്കൽ ഫാ.സജി മലയിൽപുത്തൻപുരയിലിനെ തന്റെ രൂപതയുടെ വികാരി ജനറലായി നിയമിക്കുകയായിരുന്നു.