മാതാപിതാക്കളുടെ മോക്ഷത്തിനായി പ്രാർത്ഥനാ ദിനം; ഡൊമിനിക്കൻ വൈദികർ ഒന്നുചേർന്നു

0
211

വാഷിങ്ടൺ: നിത്യനിദ്ര പ്രാപിച്ച തങ്ങളുടെ മാതാപിതാക്കൾക്കായി പ്രാർത്ഥിച്ച് ഡൊമിനിക്കൻ സന്ന്യാസ സമൂഹം. ഫെബ്രുവരി ഏഴിനാണ് മരിച്ചുപോയ എല്ലാ ഡൊമിനിക്കൻസിന്റെയും മാതാപിതാക്കൾക്കായി പ്രാർത്ഥിക്കാൻ വൈദികർ ഒന്നുചേർന്നത്.

ഡൊമിനിക്കൻ ഓർഡേർസ് ആരാധനക്രമത്തിൽ ഫെബ്രുവരി ഏഴ് നിത്യനിദ്ര പ്രാപിച്ച തങ്ങളുടെ മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്ന ദിവസമാണ്. സാധാരണ ആരാധനക്രമത്തിൽ നിന്നും വിഭിന്നമായി ചില വാക്കുകൾ കൂട്ടിച്ചേർത്താണ് ഡൊമിനിക്കൻസ് അന്നേ ദിനം ദിവ്യബലിയർപ്പിച്ചത്. നിത്യനിദ്ര പ്രാപിച്ച തങ്ങളുടെ മാതാപിതാക്കളുടെ മേൽ കരുണയുണ്ടാകണമെന്നും അവരുടെ പാപങ്ങൾ പൊറുക്കണമെന്നും അനശ്വര സന്തോഷത്തിന്റെ ദിനത്തിൽ തങ്ങൾക്കവരെ കാണാനാകട്ടെയെന്നും ഡൊമിനിക്കൻ വൈദികർ പ്രാർത്ഥിച്ചു.

“ജീവിക്കാൻ മാത്രമല്ല മരിക്കാനും ഡൊമിനിക്കൻ ഓർഡർ മഹത്തരമാണ്. മരിച്ചവർക്കായുള്ള പ്രാർത്ഥനയ്ക്ക് ഡൊമിനിക്കൻ ഓർഡറിൽ വലിയ പ്രാധാന്യമുണ്ട്. വൈദികരായതുകൊണ്ട് മറ്റുള്ള സഭകളിലെ പോലെ കുടുംബവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനെ ഡൊമിനിക്കൻ സന്ന്യാസ സമൂഹം അംഗീകരിക്കുന്നില്ല. അതിനാലാണ് മരിച്ചുപോയ മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്ന ശീലം ഡൊമിനിക്കൻസിന്റെ ഇടയിൽ ആരംഭിച്ചത്. തങ്ങളുടെ ദൗത്യത്തോട് പൂർണ്ണ സമർപ്പണം നടത്തുമ്പോഴും മാതാപിതാക്കളില്ലായിരുന്നുവെങ്കിൽ തങ്ങൾ ജനിക്കില്ലായിരുന്നുവെന്നും അതിനാൽ തന്നെ തങ്ങളൊരിക്കലും വൈദികരാകുമായിരുന്നില്ലെന്നും ഡൊമിനിക്കൻസ് അംഗീകരിക്കുന്നു. അതിനാൽ തങ്ങൾ സ്ഥിരമായി തങ്ങളുടെ സഹോദരരുടെ മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു. മരിച്ചുപോയ തങ്ങളുടെ സഹോദരവൈദികർക്കായി തങ്ങൾ പ്രാർത്ഥിക്കുന്നതുപോലെ തന്നെ നിത്യനിദ്ര പ്രാപിച്ച തങ്ങളുടെ മാതാപിതാക്കൾക്ക് മോക്ഷം ലഭിക്കാൻ തങ്ങൾ പ്രാർത്ഥിക്കുന്നു. കൂടാതെ, അവരുടെ നിത്യശാന്തിയ്ക്കായി ദിവ്യബലിയർപ്പിക്കുകയും ചെയ്യുന്നു”; വാഷിങ്ടണിലെ ഡൊമിനിക്കൻ ഹൗസ് ഓഫ് സ്റ്റഡീസിന്റെ അക്കാദമിക് ഡീനായ ഫാ. തോമസ് പെട്രി പറഞ്ഞു.

എല്ലാ ദിവസവും അന്നേ ദിനം മരണമടഞ്ഞ തങ്ങളുടെ സഹോദര വൈദികരുടെ ആത്മാവിനായി അവർ ഡൊമിനിക്കൻസ് പ്രാർത്ഥിക്കാരുണ്ട്. മരിച്ചുപോയ സഹോദരവൈദികർക്കായി ദിവ്യബലിയർപ്പിച്ച് പ്രാർത്ഥിക്കാൻ ഡൊമിനിക്കൻ സന്ന്യാസിമാർക്ക് പ്രത്യേക കടമയുണ്ട്.