മാതൃക ഈ മതസൗഹാർദം; ക്രൈസ്തവദൈവാലയം ഇരുമ്പിൽ പുനരുദ്ധരിച്ച് തുർക്കി

0
339

ഇസ്താംബുൾ: ലോകമെങ്ങും ക്രൈസ്തവർക്കും ക്രൈസ്തവദൈവാലയങ്ങൾക്കും നേരെയുളള അക്രമങ്ങൾ വ്യാപകമാകുമ്പോൾ തുർക്കിയിൽ സർക്കാർ ക്രൈസ്തവദൈവാലയം പുനരുദ്ധരിച്ചത് ലോകശ്രദ്ധ നേടുന്നു. ഇസ്താംബൂളിനടുത്ത് ബാലാത്തിലെ വിശുദ്ധ സ്റ്റീഫന്റെ നാമത്തിലുള്ള ബൾഗേറിയൻ ഓർത്തഡോക്സ് ദൈവാലയമാണ് തുർക്കി സർക്കാർ ഇരുമ്പിൽ പുനരുദ്ധരിച്ചത്.

തടിയിൽ നിർമ്മിച്ച ദൈവാലയം 1898 ൽ അഗ്നിക്കിരയായതിനെ തുടർന്നാണ് ദൈവാലയം പൂർണ്ണമായും ഇരുമ്പിൽ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. ഓസ്ട്രിയയിൽ നിന്നെത്തിച്ച അഞ്ഞൂറുടൺ ഇരുമ്പ് ഉപയോഗിച്ച് 7 വർഷം കൊണ്ടാണ് ദൈവാലയനിർമ്മാണം പൂർത്തിയാക്കിയത്. 2011-ൽ ആരംഭിച്ച പുനരുദ്ധാരണ പ്രവർത്തികൾക്ക് 3.5 മില്യൺ അമേരിക്കൻ ഡോളറാണ് ചിലവായത്.

ഇസ്താംബൂളിന്റെ സൗന്ദര്യവും സമ്പത്തും വ്യക്തമാക്കുന്നതാണ് സെൻറ് സ്റ്റീഫൻ ദൈവാലയമെന്ന് പ്രസിഡൻറ് റെസിപ്പ് ടയിപ്പ് എർദോഗൻ പറഞ്ഞു. സിനഗോഗുകളും ദൈവാലയങ്ങളും പുനരുദ്ധരിക്കുന്ന സർക്കാരിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ദൈവാലയമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തുർക്കി ക്രൈസ്തവ ദൈവാലയം പുനർനിർമ്മിച്ചതിനുപകരമായി രാജ്യത്തെ പ്ലോവ്ദിവ് നഗരത്തിൽ സ്ഥിതിചെയ്യുന്ന മോസ്‌ക്ക് നവീകരിക്കുമെന്ന് ബൾഗേറിയൻ സർക്കാർ വ്യക്തമാക്കി.