മാമ്മോദീസായിലൂടെ ക്രിസ്ത്യാനി ക്രിസ്റ്റഫർ ആയി മാറുന്നു

346

വത്തിക്കാൻ സിറ്റി: മാമ്മോദീസാ സ്വീകരിക്കുന്ന വ്യക്തി ക്രിസ്തുവാഹകനായി മാറുകയാണ് ചെയ്യുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. നിരാശയുടെയും ദുഃഖത്തിന്റെയും അന്ധകാരത്തിന്റെയും വിദ്വേഷത്തിന്റെയും അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് പ്രത്യാശയും വെളിച്ചവും നൽകാൻ ക്രിസ്ത്യാനിക്ക് സാധിക്കുമെന്നും പൊതുദർശനവേളയിൽ നടത്തിയ പ്രസംഗത്തിൽ പാപ്പ പങ്കുവച്ചു. ‘മാമ്മോദീസാ: പ്രത്യാശയുടെ പടിവാതിൽ’ എന്ന വിഷയത്തെ ആധാരമാക്കിയായിരുന്നു പാപ്പായുടെ പ്രസംഗം.

മാമ്മോദീസായുടെ അവസരത്തിൽ സാത്താനെ നിരാകരിക്കുന്നതിനായി പടിഞ്ഞാറേക്കും യേശുക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നതിനായി കിഴക്കോട്ടും തിരിഞ്ഞുനിന്നിരുന്ന പതിവ് പണ്ട് ഉണ്ടായിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു. പടിഞ്ഞാറാണ് സൂര്യൻ അസ്തമിക്കുന്നത്. പ്രകാശം ഇല്ലാതാകുന്ന സ്ഥലമാണിത്. അന്ധകാരത്തെ അവസാനിപ്പിക്കുന്ന പ്രകാശത്തിന്റെ ആദ്യ കിരണങ്ങൾ ഉദയം ചെയ്യുന്നത് കിഴക്കാണ്. ക്രിസ്ത്യാനിയായിരിക്കുക എന്നതിന്റെ അർത്ഥം ഇതു തന്നെയാണ്. പ്രകാശത്തിലേക്ക് നോക്കുക. ലോകത്തെ അന്ധകാരം മൂടുമ്പോഴും പ്രകാശത്തിൽ വിശ്വാസപ്രഘോഷണം തുടരുക.

ക്രിസ്ത്യാനികൾ ലോകത്തിന് പുറത്തല്ല ജീവിക്കുന്നത്. ജ്ഞാനസ്‌നാനത്തിൽ നിന്ന് ലഭിച്ച ക്രിസ്തുവിന്റെ കൃപയാൽ അവർ പ്രത്യേകമായ വിധത്തിൽ സജ്ജരാക്കപ്പെട്ടിരിക്കുന്നു. അന്ധകാരത്തിന് കീഴ്‌പ്പെടാതെ അവർ പുലരിയെക്കുറിച്ചുള്ള പ്രത്യാശ പുലർത്തുന്നു. മരണത്തിനും അവരെ തോൽപ്പിക്കാനാവില്ല. കാരണം, ഉത്ഥാനം അവർ പ്രത്യാശിക്കുന്നു. തിന്മയ്ക്കും അവരുടെമേൽ സ്വാധീനമില്ല. കാരണം നന്മയുടെ അന്തമായ സാധ്യതകളിലാണ് അവർ അഭയം തേടിയിരിക്കുന്നത്. ദൈവം പിതാവാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ. യേശുക്രിസ്തു നമ്മുടെ ഇടയിലും നമ്മുടെ ജീവിതത്തിലൂടെയും സഞ്ചരിച്ചിട്ടുണ്ടെന്നും ഏറ്റവും ദുർബലായവരോടും ദരിദ്രരോടും കരുണ കാണിച്ചെന്നും നാം വിശ്വസിക്കുന്നു. പരിശുദ്ധാത്മാവ് മനുഷ്യകുലത്തിനായി വിശ്രമമില്ലാതെ അധ്വാനിക്കുകയാണെന്നും ചരിത്രത്തിലെ ഏറ്റവും വലിയ വേദനകൾ പോലും അതിജീവിക്കാനാവുമെന്നും നാം വിശ്വസിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു.

മാമ്മോദീസാ തിരുക്കർമ്മങ്ങളുടെ ഭാഗമായുള്ള തിരിതെളിക്കൽ മറ്റൊരു അടയാളമാണ്. ഈസ്റ്റർ രാത്രിയിൽ പൂർണമായും ഇരുളടഞ്ഞ ദൈവാലയത്തിൽ ഉത്ഥിതനായ യേശുക്രിസ്തുവിന്റെ പ്രതീകമായി തെളിക്കുന്ന മഹാ തിരിയിൽനിന്നാണ് മറ്റെല്ലാ തിരികളും തെളിയുന്നത്. സഭയുടെ ജീവിതം ഈ പ്രകാശത്തിന്റെ പ്രസരണമാണ്.

ക്രിസ്ത്യാനി ക്രിസ്തുവാഹകനാകുമ്പോഴാണ് കൃപ കടന്നുവരുന്നത്. നിസാര കാര്യങ്ങളിലൂടെയാണ് അത് മനസിലാകുന്നത്- ക്രിസ്ത്യാനിയുടെ കണ്ണുകളിൽ കുടികൊള്ളുന്ന പ്രകാശം, സങ്കീർണമായ ദിനങ്ങളിൽ പോലും പുലർത്തുന്ന ശാന്തത, ദുഃഖത്തിൽ തളർന്നുപോകാതെ വീണ്ടും ആരംഭിക്കാനുള്ള സന്നദ്ധ തുടങ്ങിയ കാര്യങ്ങളിലൂടെ ഈ കൃപ പ്രകടമാകുമെന്ന് പാപ്പാ വിശദീകരിച്ചു.