മാർച്ച് ഓഫ് ദ ത്രീകിങ്‌സ് അവിസ്മരണീയം; പങ്കെടുത്തത് പോളണ്ട് പ്രസിഡന്റുൾപ്പടെ 1.2 മില്യൺ ആളുകൾ

0
297

വാർസോ: യേശുക്രിസ്തുവിന്റെ ജനനത്തെയും പൂജരാജാക്കന്മാരുടെ കാഴ്ച്ച സമർപ്പണത്തേയും പുനരാവിഷ്‌കരിച്ച മാർച്ച് ഓഫ് ദ ത്രീ കിങ്‌സ് അവിസ്മരണീയമായി. ഈ മാസം ആറിന് നടന്ന മാർച്ച് ഓഫ് ദ ത്രീകിങ്‌സിൽ പോളണ്ട് പ്രസിഡന്റുൾപ്പടെ 1.2 മില്യൺ ആളുകൾ പങ്കെടുത്തു. പോളണ്ടിലെ 660 പട്ടണങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും വിദേശത്തുനിന്നുമുള്ള ആളുകളാണ് ദൈവം എല്ലാവർക്കുമുള്ളതാണെന്ന ആപ്തവാക്യവുമായി ത്രീ കിങ്‌സ് മാർച്ചിൽ അണിനിരന്നത്. പ്രസിഡന്റ് ആൻഡ്രസേജ് ഡുഡ മൂന്നാം തവണയാണ് മാർച്ചിൽ പങ്കെടുക്കുന്നത്.

പോളണ്ട് സ്വതന്ത്രമായതിന്റെ 100-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം നടന്ന വലിയ പരിപാടികളിലൊന്നായിരുന്നു മാർച്ച് ഓഫ് ദ ത്രീ കിങ്‌സ്. മൂന്ന് ഭൂഖണ്ഢങ്ങളിൽ നിന്നുള്ള വെറും പ്രതിനിധികൾ മാത്രമായിരുന്നില്ല ഇത്തവണ മാർച്ചിൽ പങ്കെടുത്ത രാജാക്കന്മാർ. മറിച്ച് മൂന്ന് തലമുറകളിൽപ്പെട്ടവരായിരുന്നു അവർ. ചെറുപ്പക്കാരും അവരുടെ കുടുംബവും മുതിർന്നവരും മാർച്ചിൽ പങ്കെടുത്തു.

ഇത് പത്താം തവണയാണ് വാർസോയുടെ തെരുവുകളിൽ മൂന്ന് രാജാക്കന്മാരുടെ മാർച്ച് നടന്നത്. പാരമ്പര്യത്തിനനുസൃതമായി കാസിൽ ചത്വരത്തിൽ നിന്ന് തുടങ്ങിയ മാർച്ചിൽ വ്യത്യസ്തമായി ഓരോ രാജാക്കന്മാരും ബത്‌ലഹേമിലേക്ക് യാത്ര ചെയ്തു. ആഫ്രിക്കൻ രാജാവ് ഒട്ടകപ്പുറത്തും ഏഷ്യയിലെ രാജാവ് ഉയർന്ന സ്ഥലം വഴിയും യൂറോപ്യൻ രാജാവ് റിക്ഷയിൽ ഘടിപ്പിച്ച സിംഹാസനത്തിലും ബത്‌ലഹേമിലേക്ക് സഞ്ചരിച്ചു. കുട്ടികൾ തെളിക്കുന്ന ആടുകൾ രാജാക്കന്മാരുടെ യാത്രയെ അനുഗമിച്ചിരുന്നു. തുടർന്ന് മാർച്ച് പിൽസുഡ്‌സ്‌കി ചത്വരത്തിലേക്ക് നീങ്ങുകയും അവിടെ രാജാക്കന്മാർ താണുവണങ്ങി ഉണ്ണിയേശുവിനെ ആരാധിക്കുകയും സമ്മാനങ്ങൾ അവിടുത്തേക്ക് സമർപ്പിക്കുകയും ചെയ്തു.

മാർച്ചിന് വേണ്ടി ഔദ്യോഗികമായി തയ്യാറാക്കിയ പാട്ടുപുസ്തകത്തിൽ 14 പോളിഷ് ക്രിസ്മസ് കാരൾഗാനങ്ങളും അവയുടെ ചരിത്രവും രേഖപ്പെടുത്തിയിരുന്നു. വാർസോയിൽ നിന്ന് മാർച്ചിൽ പങ്കെടുത്തവർ പിൽസുഡിസ്‌കി ചത്വരത്തിൽ ദൈവം ജനിച്ചിരിക്കുന്നു എന്ന ഗാനത്തിന് ചുവട് വെച്ചു. ഇത്തവണത്തെ മാർച്ചിനോടനുബന്ധിച്ച് കിങ്‌സ് ഫോർ ദ ഈസ്റ്റ് എന്ന പേരിൽ ധനസമാഹരണവും നടന്നിരുന്നു. മാർച്ചിലൂടെ സമാഹരിച്ച തുക കിഴക്കൻ അതിർത്തിക്കപ്പുറം പ്രവർത്തിക്കുന്ന സാംസ്‌കാരിക വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും പോളണ്ടിലെ കിഴക്കൻ പ്രദേശത്ത് താമസിക്കുന്ന പൗരന്മാർക്കുമായി ചിലവഴിക്കും.

യേശുക്രിസ്തുവാണ് മാർച്ചിന്റെ കേന്ദ്രമെന്നും തങ്ങൾ പുൽക്കൂട്ടിലേക്ക് ക്രിസ്തുവിനെ കുമ്പിട്ടാരാധിക്കാൻ പോകുകയാണെന്നും തുറവിയാണ് മാർച്ചിന്റെ സവിശേഷതയെന്നും മാർച്ചിന്റെ പ്രയോക്താവായ പിയോറ്റിർ ജിയർടിക് പറഞ്ഞിരുന്നു. രാഷ്ട്രീയപരമല്ലാത്ത ഈ പരിപാടിയിൽ പങ്കെടുക്കാൻ തങ്ങൾ എല്ലാവരെയും തങ്ങൾ ക്ഷണിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.