മാർട്ടിൻ ലൂതർ വംശീയ സമഗ്രതയ്ക്കായി ജീവൻ സമർപ്പിച്ച ആത്മീയ സാമൂഹിക പോരാളി: ആർച്ചുബിഷപ്പ് ഐവാൻ യാർക്കൊവിച്

0
191

വത്തിക്കാൻ: വംശീയ സമഗ്രതയ്ക്കായി ജീവൻ സമർപ്പിച്ച ആത്മീയ സാമൂഹിക പോരാളിയായിരുന്നു മാർട്ടിൻ ലൂതർ കിങെന്ന് യു.എന്നിൻറെ ജനീവാ കേന്ദ്രത്തിലെ വത്തിക്കാൻ നിരീക്ഷകനും ആർച്ചുബിഷപ്പുമായ ഐവാൻ യാർക്കൊവിച്. കിങ്ങിന്റെ അൻപതാം മരണവാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ വാർത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അമേരിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടുകയും കറുത്ത വർഗ്ഗക്കാരുടെ സാമൂഹിക സമുദ്ധാരണത്തിനായി ജീവൻ സമർപ്പിക്കുകയും ചെയ്ത ആത്മീയ നേതാവായിരുന്നു മാർട്ടിൻ ലൂതർ. മാർട്ടിൻ ലൂതറും ഫ്രാൻസിസ് പാപ്പയും തമ്മിൽ ചില സാമ്യങ്ങളുണ്ട്. കാരണം അംഹിസയും ആഗോളസാഹോദര്യവുമാണ് ഇരുവരും പ്രധാനമായി പ്രഘോഷിക്കുന്നത്. നമ്മളെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും അതിനാൽ വേർതിരിവുകളുടെ ആവശ്യമില്ലെന്നുമാണ് ഇരുവരും വിശ്വസിച്ചിരുന്നത്”;അദ്ദേഹം പറഞ്ഞു.

1964-ൽ പോൾ ആറാമൻ പാപ്പയുമായി വത്തിക്കാനിൽ വെച്ച് മാർട്ടിൻ ലൂതർ കൂടിക്കാഴ്ച നടത്തിയിരുന്നു. 1968-ൽ മെംഫിസിൽ അദ്ദേഹം സാമൂഹ്യവിരുദ്ധരാൽ വധിക്കപ്പെട്ടപ്പോൾ വംശീയ വിവേചനത്തിനെതിരെ പോരാടിയ പ്രവാചകനാണ് മാർട്ടിൻ ലൂതറെന്ന് പോൾ ആറാമൻ വ്യക്തമാക്കി. 2015-ൽ യു.എൻ ആസ്ഥാനത്ത് നടത്തിയ പ്രഭാഷണത്തിൽ അമേരിക്കയുടെ പ്രചോദനാത്മകനായ സാമൂഹ്യസമുദ്ധാരകനെന്നാണ് മാർട്ടിൻ ലൂതർ കിങിനെ ഫ്രാൻസിസ് പാപ്പ വിശേഷിപ്പിച്ചത്.

അറ്റ്‌ലാൻറയിൽ 1929-ലാണ് മാർട്ടിൻ ലൂതർ കിങ് ജനിച്ചത്. പ്രൊട്ടസ്റ്റൻ് പാസ്റ്ററായി പ്രവർത്തിക്കവെ അമേരിക്കൻ സമൂഹത്തിൽ തലപൊക്കിയ വർണ്ണവിവേചനത്തിനും വർഗ്ഗീയതയ്ക്കുമെതിരെ അദ്ദേഹം ശക്തമായി പോരാടി. കഴിഞ്ഞയിടെ, മാർട്ടിൻ ലൂതർ കിങിൻറെ ഇളയ പുത്രിയും മനുഷ്യാവകാശ സംരക്ഷകയുമായ ബെർണിസ് കിങ്ങ് വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.