മാർ കുന്നശ്ശേരിയുടെ വിയോഗം  തീരാനഷ്ടം: മാർ സ്രാമ്പിക്കൽ

249
പ്രസ്റ്റൻ: കോട്ടയം അതിരൂപത ആർച്ച്ബിഷപ്പ് എമരിത്തൂസ് മാർ കുര്യാക്കോസ് കുന്നശേരിയുടെ വിയോഗം സീറോ മലബാർ സഭയ്ക്ക് വിശിഷ്യാ, ക്‌നാനായ സമുദായത്തിനു തീരാനഷ്ടമാണെന്ന് ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ. ക്‌നാനായ സമുദായത്തിന്റെ ഇന്നത്തെ വളർച്ചക്കും കൂട്ടായ്മക്കും നിസ്തുല സംഭാവനകൾ നൽകിയ അദ്ദേഹം, കേരളത്തിനും ഇന്ത്യക്കും വെളിയിലുള്ള സഭാംഗങ്ങളുടെ  അജപാലന കാര്യങ്ങൾ ഏറെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തത്.
വിവിധ പ്രദേശങ്ങളിലേക്ക് വൈദികരെ അയക്കാനും കൂട്ടായ്മകൾ ശക്തിപ്പെടുത്താനും ഏറെ യത്‌നിച്ചു. ആതുര ശുശ്രൂഷാരംഗത്തും സാമൂഹ്യ ക്ഷേമ പ്രവർത്തനനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത എന്ന നിലയിൽ വിവിധരംഗങ്ങളിൽ നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും മാർ ജോസഫ് സ്രാമ്പിക്കൽ അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.