മിറായിലെ വിശുദ്ധ നിക്കോളാസ്

0
183

ഡിസംബർ 06

മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി ഏഷ്യാ മൈനറിൽ ആയിരുന്നു വിശുദ്ധന്റെ ജനനം. മിറായിലെ മെത്രാൻ ആയിരുന്ന വിശുദ്ധ നിക്കോളാസ് പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന വിശുദ്ധന്മാരിൽ ഒരാളാണ്. വളരെയേറെ സന്തോഷവാനും, തടിച്ചുകൊഴുത്തവനും, കുട്ടികൾക്ക് വാഗ്ദാനങ്ങളും ധാരാളം സമ്മാനങ്ങളുമായി ക്രിസ്തുമസിന് തൊട്ടു മുൻപിലത്തെ രാത്രിയിൽ വരുന്ന തൂവെള്ള താടിയുള്ള സാന്താ ക്ലോസായി ഇദ്ദേഹത്തിന്റെ സ്മരണ ഇപ്പോഴും നിലനിർത്തുന്നു. കുട്ടികളുടെ വിശുദ്ധനെന്ന നിലയിലാണ് ഇദ്ദേഹത്തെ പ്രധാനമായും കണക്കാക്കുന്നത്. വിശുദ്ധ നിക്കോളാസിനെ വിശുദ്ധ ആൻഡ്ര്യുവിനൊപ്പം റഷ്യയിലെ സഹ-മാധ്യസ്ഥരിൽ ഒരാളായി കണക്കാക്കി ആദരിക്കുന്നു.
എ.ഡി 345 നോടടുത്ത് ഡിസംബർ 6 ന് വിശുദ്ധൻ മരണമടഞ്ഞു. വിശുദ്ധന്റെ ഭൗതീകശരീരം മിറായിലുള്ള ഒരു ദേവാലയത്തിൽ അടക്കം ചെയ്തു. 1087 വരെ ഇത് അവിടെ ഉണ്ടായിരുന്നു. പിന്നീട് ഇറ്റലിയിലെ ഒരു തീരദേശ പട്ടണമായ ബാരിയിലെ നാവികർ ഈ ഭൗതീകാവശിഷ്ടങ്ങൾ പിടിച്ചടക്കുകയും ഇവ തങ്ങളുടെ പട്ടണത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇതിനോടകം തന്നെ വിശുദ്ധനോടുള്ള ഭക്തി യൂറോപ്പിലും കൂടാതെ ഏഷ്യയിലും പരക്കെ വ്യാപിച്ചു. പാശ്ചാത്യലോകത്ത് ഇത് ഒരു മതനവീകരണത്തിനു തന്നെ തുടക്കം കുറിച്ചു. വിശുദ്ധന്റെ ഇടപെടൽ നിമിത്തം ധാരാളം അത്ഭുതപ്രവർത്തികൾ നടക്കപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു. ബാരിയിലെ ‘സാൻ നിക്കോളാ’ ദേവാലയത്തിൽ ഇപ്പോഴും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.