മിഷൻ പ്രവർത്തനം നടത്തേണ്ടത് സാക്ഷ്യത്തിലൂടെ: കർദിനാൾ ഫിലോനി

204

ബാറ്റ, ഇക്വറ്റോറിയൽ ഗിനിയ: മിഷൻ പ്രവർത്തനം നടത്തേണ്ടത് ഒരോരുത്തരും അവരുടെ വ്യക്തിത്വമനുസരിച്ച് നൽകുന്ന സാക്ഷ്യത്തിലൂടെയാണെന്ന് കർദിനാൾ ഫെർണാണ്ടോ ഫിലോനി. ഇക്വറ്റോറിയൽ ഗിനിയയിലേക്ക് നടത്തിയ അജപാലന സന്ദർശനത്തിന്റെ അവസാന ദിവസം ബാറ്റ രൂപതയിലെ കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിയിലാണ് കർദിനാൾ ഇക്കാര്യം പങ്കുവച്ചത്. ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘം തലവനാണ് കർദിനാൾ ഫിലോനി.
സുവിശേഷപ്രഘോഷത്തിനാണ് സഭ സ്ഥാപിതമായതെന്നും മാമ്മോദീസ സ്വീകരിച്ച എല്ലാവരും ആ മിഷനിൽ ഭാഗഭാക്കുകളാണെന്നും കർദിനാൾ ഫിലോനി പറഞ്ഞു. ഉത്ഥിതനായ ക്രിസ്തു ശിഷ്യൻമാരെ എല്ലാവരെയും സുവിശേഷമറിയിക്കാനും മാമ്മോദീസ നൽകുവാനുമായി അയച്ചു. എല്ലാ ക്രൈസ്തവരും ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യം നൽകുവാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമാകേണ്ടവരാണ് ക്രൈസ്തവർ. ഒരോ ദിവസവും നടക്കുന്ന അധാർമ്മിക പ്രവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കുക- മയക്കുമരുന്നിന്റെ ഉപയോഗം, മന്ത്രവാദം, കുടുംബത്തിലെയും സമൂഹത്തിലെയും അക്രമങ്ങൾ… ഇത്തരത്തിൽ സമൂഹത്തിൽ അസ്വസ്ഥതയും വിശ്വാസത്തിൽ സംശയവും വിതറുന്നവരുടെ അന്ധകാരം നിറഞ്ഞ ലോകത്ത് പ്രകാശമാകുവാൻ ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നു; കർദിനാൾ വിശദീകരിച്ചു.

അനുദിനജീവതവ്യാപാരങ്ങളിൽ സജീവമായി ഇടപെടുന്ന അൽമായരിലൂടെയാണ് സഭ മിഷൻ ദൗത്യം പൂർത്തിയാക്കുന്നതെന്ന് കർദിനാൾ ഓർമിപ്പിച്ചു. രാഷ്ട്രീയ,സാമൂഹിക,സാമ്പത്തിക മേഖലകളിൽ സജീവമായി ഇടപെടാനും വിഭാഗീയതയിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുവാനും കർദിനാൾ അൽമായരോട് ആഹ്വാനം ചെയ്തു. ദരിദ്രരിലേക്കും ഉപേക്ഷിക്കപ്പെട്ടവരിലേക്കും സ്‌നേഹത്തിന് വേണ്ടി ദാഹിക്കുന്ന എല്ലാവരിലേക്കും പ്രത്യാശ പകർന്ന് നൽകികൊണ്ട് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുക. മിഷന്റെ വെല്ലുവിളികൾ നിങ്ങളെ ഭയപ്പെടുത്താതിരിക്കട്ടെ. യുഗാന്ത്യം വരെ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും എന്ന യേശുവിന്റെ വാക്കുകളിൽ വിശ്വസിച്ചുകൊണ്ട് ഭയവും അനിശ്ചിതാവസ്ഥകളും അതിജീവിക്കുക; കർദിനാൾ ആഹ്വാനം ചെയ്തു.