മിസിസിപ്പി നിയമസഭയിൽ ‘ജീവബിൽ’ പാസായി

0
223

മിസിസിപ്പി: ഗർഭഛിദ്രവിഷയത്തിൽ യു.എസിലെ ഏറ്റവും ശക്തമായ ബിൽ മിസിസിപ്പി നിയമസഭ പാസാക്കി. ഗർഭധാരണത്തിന് ശേഷം പതിനഞ്ച് ആഴ്ചവരെയുള്ള ഭ്രൂണഹത്യകളാണ് മിസിസിപ്പി നിയമസഭ നിരോധിച്ചത്. “അമേരിക്കയിലെ ഗർഭസ്ഥശിശുക്കൾക്കുള്ള ഏറ്റവും സുരക്ഷിതമായ സ്ഥലം മിസിസിപ്പിയാകണമെന്ന് ഞാനാവർത്തിച്ചു പറയുന്നു. ‘1510 ഹൗസ് ബിൽ’ ഈ ലക്ഷ്യം നേടാൻ ഞങ്ങളെ സഹായിക്കും”; ഗവർണർ ഫിൽ ബ്രിയന്റ് ട്വിറ്ററിൽ കുറിച്ചു. പതിനാലിനെതിരെ മുപ്പത്തഞ്ച് വോട്ടുകൾക്കാണ് ബിൽ സെനറ്റ് പാസാക്കിയത്. അതേസമയം, ബിൽ നിയമമായാൽ ഇത് ലംഘിക്കുന്ന ഡോക്ടർമാരുടെ സ്റ്റേറ്റ് മെഡിക്കൽ ലൈസൻസ് റദ്ദാകും. മാത്രമല്ല നിയമലംഘകരിൽ നിന്ന് 500 ഡോളർവരെ പിഴയീടാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ സന്ദേശത്തിൽ ഗർഭസ്ഥശിശുക്കളെ സംരക്ഷിക്കുന്നതിനായി വോട്ട് രേഖപ്പെടുത്തണമെന്ന് ജാക്‌സണിലെ ബിഷപ്പായ ജോസഫ് കൊപാക്‌സും ബിലോക്‌സി ബിഷപ്പായ ലൂയിസ് കിൻമാനും ആവശ്യപ്പെട്ടിരുന്നു. 15 മുതൽ 20 ആഴ്ചകൾ വരെയുള്ള ഗർഭകാലയളവിൽ ഇരുനൂറോളം ഭ്രൂണഹത്യകളാണ് ഒരുവർഷം മിസിസിസിപ്പിയിൽ നടക്കുന്നത്. എന്നാൽ അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിലോ ഗർഭസ്ഥശിശുവിന് മാരകമായ വൈകല്യമോ രോഗമോ ഉള്ളപ്പോഴോ ഗർഭഛിദ്രം നടത്താൻ ബില്ലിൽ വ്യവസ്ഥയുണ്ട്.

“ഗർഭസ്ഥ ശിശുക്കളുടെ ജീവൻ സംരക്ഷിക്കാൻ പ്രതിബദ്ധരാണ് ഓരോ മിസസിസിപ്പിക്കാരും. ആ ലക്ഷ്യം നേടാനുള്ള ഏറ്റവും വലിയ ചുവടുവെയ്പ്പാണ് ഈ നിയമം”; ലെഫ്റ്റനന്റ് ഗവർണർ ടേറ്റ് റീവീസ് പറഞ്ഞു. നിലവിൽ മിസിസിപ്പിയിലും നോർത്ത് കരോലിനയിലുമാണ് 20 ആഴ്ചകൾക്കുശേഷമുള്ള ഗർഭഛിദ്രം നിരോധിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ മാസം പുറപ്പെടുവിച്ച സന്ദേശത്തിൽ 20 ആഴ്ചകൾക്കുശേഷമുള്ള ഗർഭഛിദ്രം തടയുന്ന ‘പെയിൻ ക്യാപ്പബിൾ അൺബോൺ ചൈൽഡ് പ്രൊട്ടക്ഷൻ ആക്റ്റ്’ പാസാക്കാനാകാത്ത സെനറ്റിനെ മിസസിപ്പിയിലെ കത്തോലിക്കാ ബിഷപ്പുമാർ വിമർശിച്ചിരുന്നു.

“ഉത്ഭവം മുതൽ മുതൽ സ്വാഭാവിക അന്ത്യം വരെയുള്ള മനുഷ്യജീവന്റെ പരിശുദ്ധിയെ തങ്ങളാവർത്തിച്ചു സ്ഥിരീകരിക്കുന്നു. വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയോടൊപ്പം സമൂഹത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും ഗുരുതരമായ വ്രണമാണ് ഭ്രൂണഹത്യയെന്ന് തങ്ങൾ അംഗീകരിക്കുന്നു. ജീവനെ പിന്തുണയ്ക്കാൻ നിയനിർമ്മാതാക്കൾക്ക് കടമയുണ്ട്”; അവർ പറഞ്ഞു.