മെഡ്ജുഗൊറേയിലെ അമ്മ

12759

പാപവഴികളിൽ നിന്ന് ദൈവസ്‌നേഹത്തിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്യുന്നവയാണ് മാതാവിന്റെ എല്ലാ പ്രത്യക്ഷപ്പെടലുകളും.മെഡ്ജുഗൊറേയിൽ മാതാവ് പ്രത്യക്ഷപ്പെട്ടതും അതിനു വേണ്ടി തന്നെ. വറ്റാത്ത ആ മാതൃസ്‌നേഹത്തിന്റെ ഉറവിടങ്ങളിലേക്ക് ഒരു തീർത്ഥയാത്ര…..

ഫാ. സി.ജെ. വർക്കി


ആയിരത്തിതൊള്ളായിരത്തി എൺപത്തൊന്ന് ജൂൺ 24 സായംസന്ധ്യയിൽ മധ്യയുഗോസ്ലോവിയായിലെ മെഡ്ജ്ജ്യു ഗൊറേ(Medjugorie ഉച്ചരിക്കുന്നത് Med-jew-gor-yay)  എന്ന ചെറിയ ഗ്രാമീണ പട്ടണത്തിൽ ആരംഭിച്ച ചില സംഭവങ്ങൾ ആ പട്ടണത്തിന്റെയും ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെയും ഒരുപക്ഷേ ലോകത്തിന്റെ തന്നെയും ചരിത്രത്തെ മാറ്റിമറിക്കാൻ പോന്നവയായിരുന്നു.

അന്നേദിവസം രണ്ടു പെൺകുട്ടികൾ 15 വയസ്സുള്ള ഐവാൻകാ ഐവാൻകോവിക്കും 16 വയസ്സുള്ള മിർജാനാ ഡ്രജിസേവിക്കും അവരുടെ വയലിലെ പണികളെല്ലാം തീർത്തശേഷം അടുത്തുള്ള കുന്നിൻ ചെരുവിൽ കൂടി ഒന്നു നടക്കാനിറങ്ങി. അവർ മടങ്ങുമ്പോൾ ഐവാൻകാ മുകളിലേക്ക് നോക്കാൻ ഇടയായി. അതാ അവിടെ കുന്നിൻ മുകളിൽ ഒരു സ്ത്രീയുടെ തിളങ്ങുന്ന രൂപം വെട്ടിത്തിളങ്ങുന്ന പ്രകാശത്തിൽ കുളിച്ചുനിൽക്കുന്നു. ‘മിർജാനാ നോക്ക്, മാതാവ്” (അവരുടെ ഭാഷയിൽ gospa). ഐവാൻകാ പ റഞ്ഞു. ”വാടീ’ മിർജാനാ അങ്ങോട്ടു നോക്കുകപോലും ചെയ്യാതെ കൂട്ടുകാരിയെ വിളിച്ചു. ”മാതാവ് എന്തിനാണ് നമ്മൾക്ക് പ്രത്യക്ഷപ്പെടുന്നത്. അവൾ തുടർന്നു പറഞ്ഞുകൊണ്ട് വീട്ടിലേക്കുള്ള വഴിയിൽ കൂടി പോയി. എന്നാൽ ഐവാൻകാ താൻ സത്യമായും എന്തോ കണ്ടെന്ന് തറപ്പിച്ചു പറഞ്ഞു. അവർ നടന്ന് മിൽകാ-പവ്‌ലോക്കിന്റെ (13 വയസ്) വീടിനെ സമീപിച്ചപ്പോൾ അവൾ തന്റെ വീട്ടിലെ ആടിനെ കൂട്ടിൽ കയറ്റാൻ പുറത്തേക്ക് വരികയായിരുന്നു.

ഐവാൻകാ അവർ രണ്ടുപേരോടും കേണപേക്ഷിച്ചു താൻ കണ്ട രൂപം അവിടെയുണ്ടെങ്കിൽ പോയി കാണുന്നതിന് തന്റെ കൂട്ടത്തിൽ വരാൻ. ഐവാൻകാ കണ്ട സ്ഥ ലത്ത് ഇവർ ചെന്നപ്പോൾ മൂന്നുപേരും ആ സ്ത്രീരൂപത്തെ കണ്ടു. ഉടനെ 17 വയസ്സുള്ള വിക്കാ ഐവാൻകോവിക്ക് എന്ന വേറൊരു കുട്ടി ഇവരെ അന്വേഷിച്ചുചെന്നു. കൂട്ടുകാർ അവളോടു പറഞ്ഞു, ഞങ്ങൾ മാതാവിനെ കാണുകയാണെന്ന്. ഇത്രയും പരിശുദ്ധമായ കാര്യത്തെപ്പറ്റി അവർ തമാശ പറയുകയാണെന്നു കരുതി വിക്കാ നോക്കാതെ ഓടിപ്പോയി.

എന്നാൽ അല്പം കഴിഞ്ഞപ്പോൾ ജിജ്ഞാസകൊണ്ട് വഴിയിൽ ആപ്പിൾ പറിച്ചുകൊണ്ടിരുന്ന രണ്ട് ആൺകുട്ടികളെയും കൂട്ടി അവൾ തിരിച്ചുവന്നു. ഒരാൾ 16 വയസ്സുള്ള ഐവാൻഡ്രജിസേവിക്, മറ്റേത് 20 വയസ്സുള്ള ഐവാൻഐവാൻ കോവിക്ക്. ഇളയ ഐവാൻ ഓടിപ്പോയി. പക്ഷേ ഐവാൻ കോവിക് അവിടെനിന്ന് എല്ലാം നോക്കിക്കണ്ടു.

തിരിച്ചുവന്ന വിക്കാ ദർശനം ശരിക്കു കണ്ടതു കൊണ്ട് കുറേക്കൂടി വ്യക്തമായി വിവരിച്ചു. അവൾ കണ്ട ദൃശ്യം വെള്ളിച്ചാരനിറമുള്ള കുപ്പാ യം ധരിച്ചതും കറുത്തമുടിയും വെളുത്ത ശരീരമുള്ളതുമായ ഒരാളെയാണ്. ആ ആൾ കയ്യിൽ ഒരു ശിശുവിനെ താങ്ങിയിരിക്കുന്നത് അവൾ കണ്ടു. ആ ആൾ കുന്നിന്റെ മുകളിലേക്ക് അടുത്തു ചെല്ലാൻ വിളിച്ചു. പക്ഷേ അവർ ഭയവിഹ്വലരായിരുന്നതുകൊണ്ട് നിന്നിടത്തുനിന്ന് അനങ്ങാൻ കഴിഞ്ഞില്ല.

ഈ യുവാക്കളിൽ ചിലർ കരയാൻ തുടങ്ങി. മറ്റു ചിലർ പ്രാർത്ഥിച്ചു. രാത്രിയാകുന്നതുവരെ അവർ അവിടെ നിന്നു. നേരിയ മഞ്ഞ് വീഴാൻ ആരംഭിച്ചു. വീടുകളിലേക്ക് മടങ്ങിയ അവർ സംഭവിച്ചതെല്ലാം വീടുകളിൽ പറഞ്ഞു.അവർക്ക് ശകാരവും പരിഹാസവും കിട്ടി. മറ്റുള്ളവർ ഇവരെ നുണയന്മാരെന്ന് പറയുമെന്നായിരുന്നു മാതാപിതാക്കളുടെ ഭയം. വിക്കായുടെ സഹോദരി കളിയാക്കി പറഞ്ഞത് ”അവർ പറക്കുംതളിക കണ്ടതായിരിക്കും” എന്നാണ്.

അടുത്തദിവസം വയൽപണികൾ കഴിഞ്ഞശേഷം കുന്നിൻ ചെരുവിലേക്ക് പോകാൻ അവരുടെ ഉള്ളിൽ ഒരു നിർബന്ധം അനുഭവപ്പെട്ടു. എങ്കിലും എല്ലാവർക്കും പോകാൻ പറ്റിയില്ല.മിൽക്കായുടെ അമ്മ അവൾ പറഞ്ഞതു വിശ്വസിക്കാതെ ദൂരെ ഒരു വയലിലേക്ക് അവളെ പണിക്ക് കൊണ്ടുപോയിരുന്നു. മിൽക്കായ്ക്ക് കുന്നിൻചെരിവിലേക്കു പോകാൻ ഉൾപ്രേരണ തോന്നിയെങ്കിലും അവൾ വളരെ ദൂരത്തായിരുന്നതുകൊണ്ട് പോകാൻ പറ്റിയില്ല. മറ്റുള്ളവർ മിൽക്കായുടെ വീട്ടിൽ വന്നന്വേഷിച്ചു. അവൾ അവിടെയില്ലെന്ന് അവളുടെ ചേച്ചി മരീജ പറഞ്ഞു. അതുകൊണ്ട് 17 വയസ്സുള്ള മരീജയെ അവർ കൂട്ടി. അവിടെയുണ്ടായിരുന്ന യാക്കോവ് കോളോ എന്ന പത്തുവയസ്സുകാരനെയും മരീജ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി.

ഐവാൻ ഐവാൻ കോവിക്ക് മറ്റുള്ളവരേക്കാൾ പ്രായക്കൂടുതലുള്ളവനായിരുന്നു. ദർശനങ്ങൾ കുട്ടികൾക്കുള്ളവയാണെന്നു പറഞ്ഞ് അവൻ ഈ ദിവസം പോയില്ല. അതെപ്പറ്റി അവൻ പിന്നീട് പരിതപിച്ചു. എന്നാൽ മറ്റേ ഐവാൻ പോയി. കുറച്ചകലെയായി കുറെ ഗ്രാമീണരും അവരെ അനുഗമിച്ചു. മാതാവ് പ്രത്യക്ഷപ്പെട്ടെന്നുള്ള ഊഹം ശരിയാണോ എന്നറിയാനാണ് അവർ പോയത്.

സന്ധ്യയായി. ആറുമണി കഴിഞ്ഞപ്പോൾ ആ ആൾ വീണ്ടും പ്രത്യക്ഷപ്പെട്ട് അവരോടു അടുത്തുചെല്ലുവാൻ ആംഗ്യം കാണിച്ചു. ഇപ്രാവശ്യം അവർ അടുത്തുചെന്നു. വാസ്തവത്തിൽ അവർ കുന്നിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അടുത്തു ചെന്നപ്പോൾ അവർ മുട്ടുകുത്തി. നോക്കിനിന്നവരിൽ ചിലർ അവരുടെ പിന്നാലെ ഓടിയെങ്കിലും ഒപ്പം എത്താൻ സാധിച്ചില്ല. ആ ആറു ചെറുപ്പക്കാർ അവരിൽ നിന്നും അല്പം ഉയരത്തിൽ ഏതാനും അടി അകലേക്ക് നോക്കുന്നതായി കാഴ്ചക്കാർക്ക് അനുഭവപ്പെട്ടു. യുവാക്കൾ ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥന ചൊല്ലാൻ ആരംഭിച്ചു. അതിന്റെ കാരണമായി പിന്നീട് വിക്കാ പറഞ്ഞത് തങ്ങൾക്ക് വേറൊന്നും ചൊല്ലാൻ അറിയില്ലായിരുന്നു എന്നാണ്. രണ്ടാം ദിവസത്തെ ദർശനം പതിനഞ്ചു മിനിട്ടു നേരം നീണ്ടുനിന്നു. അതിനിടയ്ക്ക് താൻ പ.കന്യകാമറിയമാണെന്ന് ആ ആൾ വ്യക്തമാക്കി.

ആ യുവാക്കൾ തങ്ങളുടെ വീടുകളിൽ എത്തിച്ചേർന്നപ്പോൾ വീണ്ടും കുറേ കളിയാക്കലുകൾ കേൾക്കേണ്ടിവന്നു. എന്നാൽ ഗ്രാമത്തിലെ മറ്റാളുകൾ സാക്ഷ്യത്തിനുണ്ടായിരുന്നതുകൊണ്ട് പരിഹാസങ്ങൾ കുറവായിരുന്നു. ഇതെല്ലാം ഈ യുവാക്കളുടെ തോന്നലുകൾ അല്ലെന്നും ഇത്ര പരിശുദ്ധമായ ഒരു കാര്യത്തെപ്പറ്റി അവർ കള്ളം പറയുകയില്ലെന്നും അവർക്കു മനസ്സിലായി. മറ്റാർക്കും കാണാൻ കഴിഞ്ഞില്ലെങ്കിലും കണ്ടതുകൊണ്ടാണ് അവർ പറഞ്ഞതെന്ന് മറ്റുള്ളവർക്ക് ബോധ്യമായി.

ഈ വാർത്ത കാട്ടുതീപോലെ ഇടവക മുഴുവനും പ്രചരിച്ചു. പിറ്റേദിവസം ഉച്ചകഴിഞ്ഞപ്പോൾ കുട്ടികളോടൊപ്പം ആയിരങ്ങൾ ആ കുന്നിൽ മുകളിൽ ഒന്നിച്ചുകൂടി. അവർ എവിടെനിന്നെല്ലാമോ വന്നു, വിദൂരങ്ങളിൽ നിന്നുപോലും.

മൂന്നാം ദിവസം കുന്നിൻചെരുവിൽ തിളങ്ങുന്ന ഒരു പ്രകാശം കാണപ്പെട്ടു. ആ പ്രകാശം ഈ കുട്ടികളെ ദർശനത്തിന്റെ സ്ഥലത്തേക്ക് നയിച്ചു. മറ്റു മനുഷ്യർക്ക് പ്രകാശം കാണാമായിരുന്നെങ്കിലും അതിൽ എന്താണുള്ളതെന്ന് കാണാൻ സാധ്യമല്ലായിരുന്നു. ഇത്തവണ മിൽക്കായും ഉണ്ടായിരുന്നു. മൂത്ത സഹോദരി മരീജ പറഞ്ഞതിൽ നിന്ന് അമ്മയ്ക്ക് മനസ്സിലായി, ഇവൾ സത്യമാണ് പറഞ്ഞതെന്ന്. അതുകൊണ്ടാണ് അമ്മ മിൽക്കായെ പോകാൻ അനുവദിച്ചത്. പക്ഷേ മിൽക്കായ്ക്ക് അന്നോ പിന്നീട് ഒരിക്കലോ ദർശനം കാണാൻ കഴിഞ്ഞില്ല. അന്നേദിവസം ദർശനക്കാർ കുറച്ചു വിശുദ്ധ ജലം കൊണ്ടുവന്നിരുന്നു. അതുകൊണ്ട് അവർ കാണപ്പെട്ട ദർശനത്തെ തളിച്ചു. എന്നാൽ പരിശുദ്ധ അമ്മ പുഞ്ചിരിക്കുക മാത്രം ചെയ്തു.

ഇപ്രാവശ്യം ഈ ആറുപേർ തലേദിവസത്തെ അനുഭവംകൊണ്ട് ധൈര്യം കിട്ടിയതിനാൽ പ്രത്യക്ഷപ്പെട്ട ആളിനോട് പല ചോദ്യങ്ങളും ചോദിച്ചു. എന്തിനാണ് തങ്ങളുടെ ഗ്രാമത്തിലേക്ക് വന്നതെന്നും അതും അവർക്കു പ്രത്യക്ഷപ്പെടാൻ കാരണമെന്താണെന്നും മനുഷ്യർ എന്തു ചെയ്യണമെന്നാണ് അവൾ ആഗ്രഹിക്കുന്നതെന്നും അവർ അന്വേഷിച്ചു. ”ഇവിടെ അനേകം ഭക്തരായ വിശ്വാസികൾ ഉള്ളതുകൊണ്ടാണെന്നായിരുന്നു മറുപടി. ദൈവം ഉണ്ടെന്നും അവിടുന്നു നിങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്നും എന്നെ കാണാത്തവരും നിങ്ങളെപ്പോലെ വിശ്വസിക്കാനുമാണ്” എന്നും തുടർന്നു പറഞ്ഞു.യാക്കോവ് പറഞ്ഞത് പ.കന്യക വന്നത് എല്ലാവരും സമാധാനത്തിലാകാനും തമ്മിൽ രമ്യതപ്പെടാനുമാണെന്നാണ്.

ഗവൺമെന്റ് ഇടപെടുന്നു

നാലാം ദിവസം ആയപ്പോഴേക്കും ഗവൺമെന്റ് അധികാരികൾ അന്ധാളിച്ചുപോയി. കാര്യങ്ങൾ അവരുടെ പിടിവിട്ടു പോകുകയാണോ എന്ന് അവർക്കു സംശയം. ആറു യുവാക്കളെയും പോലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്തു. ഒരു ഡോക്ടറെകൊണ്ട് പരിശോധിപ്പിച്ചു. ഡോക്ടർ സാക്ഷ്യപ്പെടുത്തി, ഇവർ സാധാരണ മാനസിക ആരോഗ്യമുള്ള കുട്ടികളാണ് എന്ന്. നിരാശരായ അധികാരികൾ ജോസോ സൊവ്‌കോ എന്ന ഇടവക വികാരിയെ വിളിപ്പിച്ചു. അദ്ദേഹം സാഗ്രേബിൽ ഒരു ധ്യാനം നടത്തിയിട്ടു തിരിച്ചെത്തിയതാണ്. കുന്നിൻ ചെരുവിലുള്ള ജനക്കൂട്ടത്തെ തടയണമെന്നും അതിന്റെ വ്യക്തിപരമായ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നും അവർ പറഞ്ഞുവച്ചു. യുഗോസ്ലേവിയ ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണെന്നും ഔദ്യോഗികമായി ദൈവം ഇല്ലെന്നാണെങ്കിലും അവരുടെ കമ്മ്യൂണിസം പുരോഗമനപരമായ കമ്മ്യൂണിസമാണെന്നും മതപരമായ സംഘം ചേരൽ അനുവദിക്കുന്നുണ്ടെങ്കിലും അതെല്ലാം പള്ളിയ്ക്കകത്തും കൃത്യദിവസങ്ങളിലും സമയങ്ങളിലും ആയിരിക്കണമെന്നും കുന്നിൻ ചെരുവുകളിലുള്ള ഇത്തരം ജനക്കൂട്ടങ്ങളുടെ പ്രകടനങ്ങൾ അനുവദനീയമല്ലെ ന്നും അവർ വ്യക്തമാക്കി. തന്റെ അസാന്നിധ്യത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ അവിടെ ഉണ്ടായതിൽ താനും ചിന്താക്കുഴപ്പത്തിൽ ആയിരിക്കുകയാണെന്ന് ജോസോ അച്ചനും പറഞ്ഞു. താൻ ഈ യുവാക്കളെ കണ്ട കാര്യവും അവർ പറഞ്ഞത് ശ്രദ്ധാപൂർവ്വം കേട്ട കാര്യവും അദ്ദേഹം അവരോട് പറഞ്ഞില്ല.

ജോസോ അച്ചന്റെ സഹപ്രവർത്തകൻ ഫാ.സ്രിങ്കോ കവാലോ കുട്ടികളെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തു ഭീഷണിപ്പെടുത്തി.പുതിയതായി വന്ന വേറൊരു ഫ്രാൻസിസ്‌കൻ വൈദികൻ കുട്ടികളിൽ നിന്ന് ബാധ ഒഴിപ്പിക്കാൻ പ്രാർത്ഥിക്കാമെന്ന് അഭിപ്രായപ്പെട്ടു. പക്ഷേ ഇത് മറ്റു രണ്ടു വൈദികർക്കും സ്വീകാര്യമായില്ല. എന്തെല്ലാമാണെങ്കിലും ഈ കുട്ടികൾ പിശാചു ബാധിതരല്ലെന്നായിരുന്നു ഇവരുടെ അഭിപ്രായം. കുട്ടികളെ നേരിൽ കണ്ടു സംസാരിച്ചപ്പോൾ മൂന്നാമത്തെ വൈദികനും അതു ബോധ്യമായി.

ഇതൊക്കെയാണെങ്കിലും നമ്മുടെ ആറു ചെറുപ്പക്കാരും അവരുടെ സാക്ഷ്യത്തിൽ പതറാതെ നിന്നു. അടുത്ത ദിവസത്തെ പ്രത്യക്ഷീകരണത്തിന്റെ സമയമായപ്പോഴേക്കും കുന്നിൻചെരുവിലെ സംഭവങ്ങൾ നിരീക്ഷിക്കുന്നതിനുവേണ്ടി ഡോക്ടർ ഡാരിൻകാ ഗ്ലമൂസിനായെ പ്രാദേശിക തലസ്ഥാനമായ സിറ്റ് ലക്കിൽ നിന്നും ഗവൺമെന്റധികാരികൾ നിയോഗിച്ചയച്ചു. ഇവർ ഒരു നിരീശ്വരയെന്ന് അറിയപ്പെട്ടിരുന്നു. അവരുടെ റിപ്പോർട്ടുകളോടുകൂടി ഇതെല്ലാം ഉടനടി നിർത്തലാക്കാൻ സാധിക്കും എന്ന് അവർ വ്യാമോഹിച്ചു.

സൂര്യാസ്തമയത്തോടുകൂടി ആയിരക്കണക്കിന് ആളുകളെകൊണ്ട് കുന്നിൻചെരിവ് നിറഞ്ഞു. ദർശനക്കാർ ഈ തിരക്കിൽ കൂട്ടം വിട്ടുപോയി. മരീജായുടെ കൂട്ടത്തിൽ സ്രിങ്കോ അച്ചൻ ഉണ്ടായിരുന്നു. ഗവൺമെന്റ് അധികാരികൾ അറിയാതിരിക്കാൻ അദ്ദേഹം അല്മായ വേഷത്തിലായിരുന്നു. ഇതാദ്യമായിട്ടാണ് ഏതെങ്കിലും ഒരു വൈദികൻ കുന്നിൻചെരുവിലേക്ക് വരുന്നത്. പെട്ടെന്ന് മരീജാ ആ പ്രത്യേക പ്രകാശം കണ്ട് അവിടേക്ക് ഓടി. മറ്റുള്ളവരും പുറകെ എത്തി. പെട്ടെന്ന് അവരുടെ പ്രാർത്ഥന നിന്നു. അവർ ക്കു മാത്രം കാണാവുന്ന ഒരു ദൃശ്യത്തിൽ അവർ ലയിച്ചതുപോലെ കാണപ്പെട്ടു. അവർ ഓരോരുത്തരും ഒന്നിനു പുറകെ ഒന്നായും ചിലപ്പോൾ ഒന്നിച്ചും ദർശനത്തോട് ചോദ്യം ചോദിക്കുന്നതായി കാണാമായിരുന്നു. ഓരോരുത്തർക്കും അവരവരെ തൃപ്തിപ്പെടുത്തിയ ഉത്തരം ലഭിച്ചു. ഒരു ചോദ്യം ഇതായിരുന്നു. എന്തെങ്കിലും വൈദികരോട് പറയാനുണ്ടോ?

”അവർ ഉറച്ചു വിശ്വസിക്കുകയും അവരുടെ വിശ്വാ സം കാത്തുസൂക്ഷിക്കുകയും ചെയ്യട്ടെ” ഇതായിരുന്നു മറുപടി.ദർശനം അവസാനിച്ചപ്പോൾ ഡോ.ഗ്ലമൂസിനാ ഭയ ന്ന് തിടുക്കത്തിൽ കുന്നിറങ്ങി പോകുന്നത് നോക്കിനിന്നവർ കണ്ടു. അവർ ഒരു റിപ്പോർട്ടും നൽകിയില്ലെന്നു മാത്രമല്ല, ദർശനങ്ങളുമായി പിന്നീട് ഒരിക്ക ലും ബന്ധപ്പെട്ടുമില്ല. ദർശനക്കാരിൽ ഒരാൾ പറഞ്ഞ കാരണം അവർ കണ്ട ദൃശ്യത്തെ ഒന്ന് തൊടാമോ എന്ന് ഡോക്ടർ ചോദിച്ചെന്നും അതിനുത്തരമായി പ.കന്യകാമറിയം ”അവൾ അടുത്തേക്കു വരട്ടെ, വിശ്വസിക്കാത്ത യൂദാസുമാർ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും എന്നു പറഞ്ഞെന്നുമാണ്.” അഞ്ചാം ദിവസം ഞായറാഴ്ചയായിരുന്നു. ജോസോ അച്ചൻ അവിടെ നടക്കുന്ന ദർശനങ്ങളെപ്പറ്റി പ്രസംഗങ്ങളിൽ ഒന്നും പറഞ്ഞില്ല. അന്നു വൈകുന്നേരം മറ്റെല്ലാ ദിവസത്തേക്കാളും കൂടുതൽ ആളുകൾ കുന്നിൻചെരുവിലുണ്ടായിരുന്നു. അമ്പതുമൈൽ ചുറ്റളവിലുള്ള സകല മനുഷ്യരും അവിടെ എത്തിയെന്നു തോന്നി.

ഏകദേശം 6.40 ആയപ്പോൾ ദർശനം ഉണ്ടായി. അന്നത്തെ ദർശനത്തിൽ ദർശനക്കാരിൽ ഒരാൾ ചോദിച്ചത് ‘പ്രിയ അമ്മേ, എന്തുകൊണ്ടാണ് പള്ളിയിൽ പ്രത്യക്ഷപ്പെടാത്തത്’ അവിടെ ആണെങ്കിൽ എല്ലാവർക്കും കാണാമല്ലോ’ എന്നായിരുന്നു.

ഉത്തരം യേശുവിന്റെ മറുപടി പോലെതന്നെയായിരുന്നു. ”എന്നെ കാണാതെ വിശ്വസിക്കുന്നവരാണ് ഭാഗ്യവാന്മാർ.”

തിങ്കാഴ്ച രാവിലെ സിറ്റ്‌ലക്കിൽ ഗവൺമെന്റ് ഉ ദ്യോഗസ്ഥന്മാർ ഒരു അടിയന്തര മീറ്റിംഗ് കൂടി. അത്ഭുതകരമായ രോഗശാന്തികളുടെ റിപ്പോർട്ടും കിട്ടി. ഒരു തളർന്ന കുട്ടി നടക്കാൻ ആരംഭിച്ചു. അന്ധനായ ഒരു മനുഷ്യനു കാഴ്ച ഉണ്ടായയി. സ്ഥിതിഗതികൾ വളരെ ഗൗരവമായി തീർന്നു. ഈ വാർത്തകൾ പരസ്യമായാൽ ആ ചെറിയ ഗ്രാമത്തിലേക്ക് വരുന്നവരെ നിയന്ത്രിക്കാൻ അസാധ്യമാകും. അതിനാൽ വീണ്ടും ദർശനക്കാരെ വിളിപ്പിച്ചു. ഇത്തവണ അവരെ മോൺ സ്റ്റാറിലുള്ള ഒരു മാനസിക രോഗവിദഗ്ധന്റെ അടുത്തേക്കയച്ചു. പക്ഷേ പരിശോധനയിൽ അവർക്ക് യാതൊരു രോഗവും ഇല്ലെന്നാണ് റിപ്പോർട്ടു വന്നത്.

അന്ന് ഉച്ചകഴിഞ്ഞപ്പോൾ മെഡ്ജ്ജുഗൊറേയിലേക്കുള്ള ആ വീതികുറഞ്ഞ റോഡുകളിലെല്ലാം മൈലുകളോളം ജനം തിങ്ങിനിറഞ്ഞു. വലിയ ജനക്കൂട്ടങ്ങൾ കുന്നിനെ ലക്ഷ്യമാക്കി നീങ്ങി. ദർശനക്കാർ അടുത്തുവന്നപ്പോഴേക്കും ജനം അവരെ തിക്കി ഞെരുക്കാൻ തുടങ്ങി. നിവൃത്തിയില്ലാത്ത ഘട്ടത്തിലായപ്പോൾ ഗ്രാമവാസികൾ ദർശനക്കാരെ കൈകോർത്തു പിടിച്ച് ഒരു വലയത്തിലാക്കി. അവർ കർത്തൃപ്രാർത്ഥനയും നന്മനിറഞ്ഞ മറിയവും ചൊല്ലി പ്രാർത്ഥന ആരംഭിച്ചു. പ്രാർത്ഥനയുടെ ഇടയ്ക്ക് ദർശനം ഉണ്ടായി. ഇത്തവണത്തെ അവരുടെ ഒരു ചോദ്യം എത്രനാൾ അവൾ തങ്ങൾക്കു കാണപ്പെടുമെന്നായിരുന്നു.
ഉത്തരം ഞെട്ടിപ്പിക്കുന്നതായിരുന്നു. ”നിങ്ങൾക്ക് ആഗ്രഹമുള്ളിടത്തോളം കാലം.”

പിറ്റേന്ന് രണ്ടു ഗവൺമെന്റ് സാമൂഹ്യപ്രവർത്തകർ അവരുടെ കാറിൽ വന്നു. കുട്ടികളെ വിനോദപര്യടനത്തിന് കൊണ്ടുപോകാമെന്നു പറഞ്ഞു. പരിചയം ഉള്ളവരായതുകൊണ്ട് കുട്ടികൾ സമ്മതിച്ചു. എന്നാൽ ദർശനത്തിന്റെ സമയം അടുത്തപ്പോൾ കുട്ടികൾക്ക് ഉൽക്കണ്ഠയായി. അവർക്ക് കുന്നിൻചെരുവിലേക്ക് പോകണം. എന്നാൽ സാമൂഹ്യപ്രവർത്തകർ പുഞ്ചിരിച്ചുകൊണ്ട് അവർക്കത് മനസ്സിലായില്ല എന്ന വിധത്തിൽ ഭാവിച്ചു. സംഭവിക്കുന്നതെന്താണെന്നു മനസ്സിലാക്കിയ നമ്മുടെ ദർശനക്കാർ, കാർ ഉടനെ നിറുത്താത്തപക്ഷം തങ്ങൾ കാറിൽനിന്ന് പുറത്തേ ക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി. അവർ ഉടനെ കാർ നിറുത്തി.

അപ്പോൾ സാമൂഹ്യപ്രവർത്തകരടക്കം അവരെ ല്ലാവരും കുന്നിന്റെ ഭാഗത്തുനിന്ന് തങ്ങളുടെ നേരെ ഒരു പ്രകാശഗോളം വരുന്നതു കണ്ടു. കുട്ടികൾ റോഡിൽ നിന്ന് അല്പം മാറി മുട്ടുകുത്തി. അടുത്ത നിമിഷം അവർ പ്രത്യക്ഷത്തോട് സംസാരിക്കാൻ ആരംഭിച്ചു. പ്രകാശവും പ്രത്യക്ഷത്തിന്റെ സാമീപ്യവും കൊണ്ട് ആകെ ഭയപ്പെട്ടുപോയ സാമൂഹ്യപ്രവർത്തകർ കുട്ടികളെ ഉടനെ അവരുടെ വീടുകളിൽ എത്തിച്ചു. പിറ്റേദിവസം തന്നെ ആ പ്രവർത്തകർ തങ്ങളുടെ ഗവൺമെന്റ് ജോലി രാജിവയ്ക്കുകയും താമസിയാതെ ആ സ്ഥലത്തുനിന്നുതന്നെ പോവുകയും ചെയ്തു.

ഇത്രയുമായപ്പോഴേക്കും മേലധികാരികൾ തീരുമാനിച്ചു. കുന്നിൻചെരുവിലുള്ള ഈ ദർശനം നിർത്തണം. ദർശനക്കാർക്ക് ഈ പരിപാടി തുടരണമെങ്കിൽ പള്ളിയിൽ തുടരട്ടെ. പക്ഷേ അത് മറ്റുള്ളവർക്ക് കാണാൻ പാടില്ലാത്തവിധത്തിൽ ആയിരിക്കണം. മറ്റു മനുഷ്യരെ കബളിപ്പിക്കാൻ പാടില്ലത്രേ. ഈ ദർശനങ്ങൾ മൂലം അനേകം മനുഷ്യർ തങ്ങളുടെ ജോലികൾ ഉപേക്ഷിച്ച് കുന്നിൻ ചെരുവിലേക്ക് നടന്നിരുന്നു. ജോലി ചെയ്യാൻ ആരും ഇഷ്ടപ്പെട്ടില്ല. അതിനാൽ കുട്ടികൾ ഈ നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ അവരുടെ കുടുംബങ്ങൾക്ക് ദുഃഖിക്കേണ്ടിവരുമെന്ന് അധികാരികൾ വ്യക്തമാക്കി. തൊഴിൽ അവസരങ്ങളെയും മറ്റെല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്ത് എന്തും സംഭവിക്കാമെന്ന് കുട്ടികൾ മനസ്സിലാക്കി.

എന്നാൽ പിറ്റേദിവസം ബുധനാഴ്ച, അതായത് പ്ര ത്യക്ഷീകരണം ആരംഭിച്ചിട്ട് ഒരാഴ്ചയായപ്പോൾ അധികാരികൾ പെട്ടെന്ന് മനസ്സ് മാറ്റി. ഈ വിഡ്ഢി ത്തം ഉടനെ നിറുത്തലാക്കണമെന്ന് അവർ തീരുമാനിച്ചു. ദർശനക്കാരെ കസ്റ്റഡിയിൽ എടുക്കാൻ പോലിസുകാരെ മെഡ്ജ്ജുഗൊറേയിലേക്കയച്ചു. ജനങ്ങൾ പോലിസുകാരോടു പറഞ്ഞു. തങ്ങൾ കുട്ടികളെ ക ണ്ടെന്ന്-വയലിൽ, ഗ്രാമത്തിൽ, പള്ളിയുടെ അടുത്തുവച്ച്. പക്ഷേ അവിടേക്കെല്ലാം പോലിസ് ഓടിയെങ്കിലും കുട്ടികളെ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. ഈ ആറുപേരും കള്ളനും പോലിസും കളിയിലെ സമർത്ഥരാണെന്ന് വ്യക്തമായി. അവർ എപ്പോഴും നീങ്ങിക്കൊണ്ടിരുന്നു. ചിലപ്പോൾ മുന്തിരിത്തോട്ടത്തിൽ കൂടി ഓടും, ചിലപ്പോൾ ഒളിച്ചു കടക്കും, ചിലപ്പോൾ കാട്ടിൽ കൂടി ഓടും, ചിലപ്പോൾ വേഷം മാറും, ഒടുവിൽ അവർ പള്ളിയിലേക്ക് ഓടി.

വികാരിയച്ചൻ പള്ളിയിൽ മുട്ടുകുത്തി നിന്ന് തീ ക്ഷ്ണമായി പ്രാർത്ഥിക്കുകയായിരുന്നു. എന്തു ചെയ്യണമെന്ന് ഒരു തീരുമാനം കിട്ടാൻ. വലിയ പരീക്ഷണങ്ങളുടെ അവസരങ്ങളിൽ ദൈവം അബ്രാഹത്തോടും മോശയോടും സംസാരിച്ചല്ലോ. അതുപോലെ എന്താണു ചെയ്യേണ്ടതെന്ന് അദ്ദേഹം ദൈവത്തോടു യാചിച്ചു പ്രാർത്ഥിച്ചു.

ദേവാലയത്തിന്റെ ജനശൂന്യമായ നിശബ്ദതയിൽ അദ്ദേഹം പെട്ടെന്ന് കേട്ടു ”പുറത്തേക്കു ചെന്ന് കുട്ടികളെ രക്ഷിക്കൂ.”

വ്യക്തമായ ആ സന്ദേശം കേട്ട് സ്തബ്ധനായ അദ്ദേഹം പെട്ടെന്ന് എഴുന്നേറ്റ് പള്ളിയുടെ പിൻഭാഗത്തെ വാതിലിലേക്ക് ഓടിച്ചെന്നു. അദ്ദേഹം കതകു തുറന്നപ്പോൾ അതാ വരുന്നു ആ കുട്ടികൾ ഓടിക്കിതച്ച്. ‘സഹായിക്കണേ അച്ചാ, ദയവായി സഹായിക്കണേ’ എന്നു പറഞ്ഞു കരഞ്ഞുകൊണ്ട് അവർ അച്ചന്റെ അടുത്തെത്തി.

അച്ചൻ അവരെ പെട്ടെന്ന് അടുത്തുള്ള മുറിയിലേക്കു കൊണ്ടുപോയി. പോലിസ് ഏതു നിമിഷത്തിലും എത്തും. കുട്ടികളോട് പരിപൂർണ്ണ നിശബ്ദത പാലിക്കാൻ ആവശ്യപ്പെട്ടശേഷം അദ്ദേഹം പുറത്തുപോയി, കാത്തുനിന്നു. അതാ ഓടിവരുന്നു മൂന്നു പോലിസുകാർ പളളിയിലേക്ക്. ‘വേഗം പറയൂ നി ങ്ങൾ ആ കുട്ടികളെ കണ്ടോ?’ എന്നവർ കിതച്ചുകൊ ണ്ടു ചോദിച്ചു.”ഉവ്വ്” കുട്ടികളെ എന്തു വില കൊടുത്തും രക്ഷിക്കാനുള്ള തീരുമാനത്തോടുകൂടി അദ്ദേഹം പറഞ്ഞു.

എന്നാൽ എവിടെ എന്ന് ചോദിക്കാതെ അവർ കുട്ടികളുടെ വീടുകളുള്ള സ്ഥലത്തേക്ക് പാഞ്ഞു. അവർ ദൃഷ്ടിയിൽ നിന്നു മറയുന്നതുവരെ അച്ചൻ നോക്കിനിന്നു. പിന്നെ അദ്ദേഹം മുറിക്കകത്ത് പ്രവേശിച്ചു. ഭയചകിതരും ക്ഷീണിച്ച് അവശരുമായ ആ ദർശനികരെ അദ്ദേഹം ആശ്വസിപ്പിച്ചു. അവർക്ക് ഭക്ഷിക്കാൻ കൊടുത്തു.

ദർശനങ്ങൾ പള്ളിയിൽ

അന്നു വൈകുന്നേരം ദർശനം നടന്നത് ആ ഇടവക പള്ളിയിലാണ്. വികാരിയച്ചൻ പറഞ്ഞതുകൊണ്ട് ഇടവകജനങ്ങളെല്ലാം അവിടെ ഉണ്ടായിരുന്നു. ദർശനങ്ങളെപ്പറ്റി ജോസോ അച്ചന് എന്തെങ്കിലും സംശ യം അവശേഷിച്ചിട്ടുണ്ടായിരുന്നെങ്കിൽ അതെല്ലാം പെട്ടെന്ന് മാറി. വിസ്മയസ്തബ്ധനായി, കുട്ടികളെപ്പോലെ തന്നെ പരിശുദ്ധ കന്യകയെ കാണാൻ അദ്ദേഹത്തിനു സാധിച്ചു. അപ്പോൾ മുതൽ അദ്ദേഹമായിരുന്നു ദർശനങ്ങളുടെ ശക്തനായ വക്താവ്. പക്ഷേ ഇത് 18 മാസത്തെ കഠിനതടവ് അദ്ദേഹത്തിന് നേടിക്കൊടുത്തു. ഈ ദർശനങ്ങൾ പള്ളി അടച്ചു നിർത്തിയില്ല എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം.

ജനങ്ങൾക്ക് ആവശ്യമായത് കൊടുക്കുവാൻ അച്ച ൻ തീരുമാനിച്ചു. വൈകുന്നേരം ആറുമണിക്ക് ഒരു കുർബാനയും അതിനുമുമ്പായി ജപമാലയും നടത്തുവാൻ അദ്ദേഹം സ്രിങ്കോ അച്ചനോട് പറഞ്ഞു. കുറച്ചുകഴിഞ്ഞ് പള്ളിയിൽ ചെന്നപ്പോൾ അദ്ദേഹം കണ്ട കാഴ്ച പള്ളിനിറഞ്ഞ് ആളുകൾ തിങ്ങി നിൽക്കുന്നതാണ്. മദ്ബഹായിൽ പോലും ആളുകൾ കയറി നിൽപ്പുറപ്പിച്ചിരുന്നു. പള്ളിയിൽ കുർബാനയ്ക്കും കുമ്പസാരത്തിനും ആളുകൾ വരാത്തതുകൊണ്ട് ദർശനങ്ങളുടെ യാഥാർത്ഥ്യത്തെപ്പറ്റി സംശയിച്ച വികാരിയച്ചന് ഇപ്പോൾ കൈവിരിച്ചു പിടിച്ചു കുർബാന ചൊല്ലാൻ തന്നെ സ്ഥലം മതിയാകാതെവന്നിരിക്കുന്നു. മനുഷ്യർ വെറും കാഴ്ചക്കാരായി നിൽക്കുകയല്ല അവർ ഈ അപൂർവ്വ സംഭവങ്ങളിൽ പങ്കുകാരായി തീർന്നിരുന്നു.

അന്നത്തെ ശുശ്രൂഷ പിന്നീടുള്ള ദൈനംദിന പരിപാടിയുടെ ഒരു മാതൃകയായിത്തീർന്നു. ദർശനങ്ങൾ കുട്ടികൾ ഒന്നിച്ചോ തനിച്ചോ എവിടെല്ലാമുണ്ടായി. രുന്നോ അവിടെയൊക്കെ സംഭവിച്ചിരുന്നു. അതിനാൽ അൾത്താരയുടെ വലത്തുഭാഗത്തുള്ള സങ്കീർ ത്തി മുറിയിൽ ഒന്നിച്ചു കൂടാൻ കുട്ടികളോട് ജോസോ അച്ചൻ നിർദ്ദേശിച്ചു. നേരത്തെ രാത്രിയാകുന്നതു വരെ ജോലി ചെയ്തിരുന്ന ആ ഇടവകക്കാർ ഇ പ്പോൾ അഞ്ചുമണി ആകുമ്പോഴേക്കും പള്ളിയിൽ വന്നു നിറഞ്ഞിരുന്നു. കൊന്തയുടെ പതിനഞ്ചു രഹസ്യങ്ങൾ ചൊല്ലിക്കഴിഞ്ഞ് ഒരാശീർവാദവും തുടർന്ന് ഒരു രോഗശാന്തി ശുശ്രൂഷയും കൂട്ടിച്ചേർത്തു. കുർബാനയുടെ സമയം കൂടി കണക്കിലെടുത്താൽ പലരും വൈകുന്നേരം മൂന്നുമണിക്കൂർ സമയം പള്ളിയിൽ ആയിരുന്നു. മെഡ്ജ്ജുഗൊറേയുടെ മാനസാന്തരം ആരംഭിച്ചുകഴിഞ്ഞു.

പ.അമ്മ നൽകിയ അടിസ്ഥാനപരമായ സന്ദേശം യേശുവിന്റെ വഴികളിലേക്ക് മനസ്സു തിരിയുക എന്നതാണ്. മാനസാന്തരത്തിനുള്ള മാർഗ്ഗം പ്രാർത്ഥനയും ഉപവാസവും പ്രായശ്ചിത്തവുമാണെന്ന് അവൾ പറഞ്ഞു. ഇവ ഹൃദയപരിവർത്തനത്തിലേക്കും വ്യക്തിപരമായ സമാധാനത്തിലേക്കും നയിക്കുന്നതാണ്. മെഡ്ജ്ജുഗൊറേയിലെ ജനങ്ങൾ സന്ദേശം അനുസരിച്ച് ജീവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

വികാരിയെ അറസ്റ്റ് ചെയ്തു

വിശുദ്ധിയുടെ ആദ്യകാലാനുഗ്രഹം എന്നും അവർ ക്ക് നിലനിന്നില്ല. ആഗസ്റ്റ് 18-ന് അവരുടെ വികാരിയെ ഭിന്നിപ്പുണ്ടാക്കുന്നെന്നും പറഞ്ഞു അറസ്റ്റു ചെയ്തു. അദ്ദേഹം പള്ളിപ്രസംഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഗവൺമെന്റിന് എതിരാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഈ ദർശനങ്ങളെല്ലാം തീർക്കാമെന്ന പ്രതീക്ഷയിൽ ഗവൺമെന്റ് ഭാഗത്തുനിന്നുണ്ടായ അവസാന ശ്രമമായിരുന്നു അത്. അങ്ങനെ അവിടേക്കുള്ള ജനക്കൂട്ടത്തിന്റെ ഒഴുക്ക് അവസാനിപ്പിക്കാമെന്ന് അവർ വ്യാമോഹിച്ചു. ജോസോ അച്ചൻ അതു പ്രതീക്ഷിച്ചിരുന്നതാണ്. അവർ അദ്ദേഹത്തെ അറസ്റ്റു ചെയ്യാൻ വന്നപ്പോൾ അദ്ദേഹം റെഡിയായിരുന്നു. എന്നാൽ തുടർന്ന് സംഭവിച്ചത് അദ്ദേഹമോ ഇടവകക്കാരോ പ്രതീക്ഷിച്ചിരുന്നതല്ല. ദേവാലയം കൊള്ളയടിക്കപ്പെട്ടു. മതപരമായ സാധനങ്ങൾ വലിച്ചെറിയപ്പെട്ടു. പള്ളി പൂട്ടിയതായി പ്രഖ്യാപിച്ചു.

എന്നാൽ മണിയടിച്ചപ്പോൾ അധികാരികളുടെ ഉത്തരവ് കാറ്റിൽ പറത്തിക്കൊണ്ട് പള്ളി ജനങ്ങളെക്കൊ ണ്ടു നിറഞ്ഞു. ദേവാലയത്തിൽ വരുത്തിയ നാശങ്ങൾ കണ്ടപ്പോൾ ഒരു മരിച്ച വീടുപോലെ എല്ലാവരും ശോകമൂകരായി. അപ്പോൾ സ്രിങ്കോ അച്ചൻ അൾത്താരയിലേക്ക് കയറി ജോസോ അച്ചനെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചു. ഗദ്ഗദത്തോടുകൂടി അദ്ദേഹം പറഞ്ഞു, എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ദിവസമാണിത്. ദേവാലയം കരച്ചിൽ കൊണ്ട് മുഖരിതമായി.

കുർബാന ആരംഭിച്ചു. ജനങ്ങൾ പ്രാരംഭഗാനം ആലപിക്കാൻ ആരംഭിച്ചപ്പോൾ വാക്കുകൾ അവരുടെ തൊണ്ടയിൽ തടഞ്ഞു. മറ്റു പ്രാർത്ഥനകൾക്കും അ ങ്ങനെതന്നെയായിരുന്നു. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലിയപ്പോൾ ‘ഞങ്ങൾ ക്ഷമിച്ചതുപോലെ’ എന്ന വാക്കുകൾ സ്രിങ്കോ അച്ചൻ പല പ്രാവശ്യം ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടാണു അവർ അതു ചൊല്ലിയത്.

കുർബാന കഴിഞ്ഞു സാധാരണ ചെയ്യുന്നതുപോലെ ദർശനക്കാർ ഏഴ് കർത്തൃപ്രാർത്ഥനയും ഏഴ് നന്മനിറഞ്ഞ മറിയവും ഏഴു ത്രിത്വസ്തുതിയും ചൊല്ലാൻ ആരംഭിച്ചു. പെട്ടെന്ന് അവർ പ്രാർത്ഥന നിറുത്തി. അൾത്താരയുടെ സമീപത്തുള്ള മുറിയിലേക്ക് ഓടി. ”അവരെ പ.കന്യക അങ്ങോട്ടു വിളിച്ചിരിക്കുകയാണെന്ന്” അച്ചൻ ജനങ്ങളോടു പറഞ്ഞു. പെട്ടെന്ന് ഒരു നിശ്ശബ്ദത. എല്ലാ കണ്ണുകളും ആ മുറിയുടെ വാതിൽക്കലേക്ക് തിരിഞ്ഞു. പയ്യനായ യാക്കോവ് പിന്നീടു മറ്റുള്ളവരോടുകൂടി പുറത്തുവന്നു. അവൻ മൈക്കിൽക്കൂടി പറഞ്ഞു. ”നമ്മുടെ അമ്മ ഞങ്ങളെ ആ മുറിയിലേക്ക് വിളിച്ചു. അവിടെ അവൾ ഞങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. ഭയപ്പെടേണ്ടെന്നും നമ്മൾ സന്തോഷമുള്ളവരായിരിക്കുകയും നമ്മുടെ മുഖത്ത് സന്തോഷം സ്ഫുരിക്കുകയും ചെയ്യണമെന്നും ജോസോ അച്ചനെ അവൾ സംരക്ഷിച്ചുകൊള്ളുമെന്നും നിങ്ങളോടു പറയാൻ അവൾ ഞങ്ങളോടു ആവശ്യപ്പെട്ടിരിക്കുകയാണ്.”

ഒരു നിമിഷത്തെ ഞെട്ടലിനുശേഷം പെട്ടെന്ന് സന്തോഷത്തിന്റെ പൊട്ടിത്തെറി ഉണ്ടായി. വലിയ സ ന്തോഷത്തോടെ അവർ പാട്ടുപാടി. പ്രാർത്ഥന പെ ട്ടെന്ന് അവസാനിച്ചു. എന്നാൽ പലരും പിരിഞ്ഞുപോകാൻ മടിച്ച് പള്ളിയിൽ കുറെ സമയം കൂടി നിന്നു.

മെഡ്ജ്ജുഗൊറേക്ക് അതിന്റെ വീതം കുഴപ്പങ്ങൾ തുടർന്നും ഉണ്ടായിക്കൊണ്ടിരിക്കും. എന്നാൽ ആ ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം പ.അമ്മയാണ് എല്ലാം നിയന്ത്രിക്കുന്നത്. ദർശനക്കാർ മാതാവിനെ കാണുന്നത് സാധാരണ ഒരാളെ കാണുന്നതുപോലെ ത്രിമാനത്തിലാണ് -പടം പോലെയല്ല. കുട്ടികൾ പരി.ജനനിയെ കൃത്യമായി വിവരിക്കുന്നുണ്ടെങ്കിലും ഇതേവരെ ഒരു കലാകാരനും കൃത്യമായ ആകാരമോ, നിറമോ വരയ്ക്കാൻ സാധിച്ചിട്ടില്ല. ദർശനക്കാർ പറയുന്നത് അവർ കാണുന്നത് ഉദ്ദേശം 25 വയസ്സുള്ള ശരാശരി പൊക്കമുള്ള ഒരു സ്ത്രീയെ ആണെന്നാണ്. അവൾ പതിഞ്ഞ സ്വരത്തിൽ അവരുടെ മാതൃഭാഷയായ ക്രൊയേഷ്യനിൽ സംസാരിക്കുന്നെന്നും ശാന്തമായ മണി ശബ്ദമാണ് അവളുടേതെന്നുമാണ് അവർ പറയുന്നത്.

ആദ്യ അവസരങ്ങളിൽ ദർശനങ്ങൾ നാൽപ്പതു മിനിറ്റുവരെ നീണ്ടുനിന്നിട്ടുണ്ട്. പിന്നീട് ഒന്നു രണ്ടുമിനിട്ടു മാത്രം ദൈർഘ്യമുള്ള ദർശനങ്ങളും ഉണ്ടായിട്ടുണ്ട്. ദർശനങ്ങളുടെ ഇടയ്ക്ക് ദർശനക്കാർക്ക് സമയത്തെപ്പറ്റി ഒരു ഗ്രാഹ്യവുമില്ല. അവർക്കു ചുറ്റും എന്താണ് നടക്കുന്നതെന്ന് അവർ ഗ്രഹിക്കുന്നില്ല. സ്ഥലത്തെപ്പറ്റിയും ആ സമയത്ത് അവർക്ക് ബോധ്യമില്ല. അവർ മറ്റെവിടെയോ ആണെന്ന് അവർ ചിന്തിച്ചുപോകുന്നു.

സന്ദേശങ്ങൾ

പ.കന്യകാമറിയം എല്ലാ ദിവസവും ദർശനക്കാരോട് സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഉദാഹരണത്തിനായി ഏതാനും സന്ദേശങ്ങൾ :

ഡിസംബർ 25, 1987
പ്രിയ കുഞ്ഞുങ്ങളേ, എന്നോടുകൂടെ സന്തോഷിക്കുക. ഈശോയെ പ്രതി എന്റെ ഹൃദയം സന്തോഷിക്കുന്നു. ഇന്ന് ഈശോയെ നിങ്ങൾക്കു തരുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഓരോരുത്തരും തന്റെ ഹൃദയം ഈശോയ്ക്കായി തുറക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു; ഞാൻ സ്‌നേഹത്തോടെ നിങ്ങൾക്ക് അവനെ തരും. അവൻ നിങ്ങളിൽ മാറ്റം വരുത്തണമെന്നും നിങ്ങളെ പഠിപ്പിക്കണമെന്നും സംരക്ഷിക്കണമെന്നുമാണ് എന്റെ ആഗ്രഹം. ഇന്നേദിവസം ഞാൻ നിങ്ങൾ ഓരോരുത്തർക്കുംവേണ്ടി പ്രത്യേക വിധം പ്രാർത്ഥിക്കുന്നുണ്ട്. ഞാൻ നിങ്ങളെ ദൈവത്തിനു സമർപ്പിക്കുകയാണ്. അവിടുന്ന് തന്നെത്തന്നെ നിങ്ങൾക്ക് വെളിപ്പെടുത്തുന്നതിനുവേണ്ടി നിങ്ങളുടെ ഓരോ പ്രാർത്ഥനയും ദൈവവുമായുള്ള ഒരു കണ്ടുമുട്ടൽ ആകുന്നതിനുവേണ്ടി ഞാൻ നിങ്ങളെ ഹൃദയം കൊണ്ടുള്ള പ്രാർത്ഥനയ്ക്കായി ക്ഷണിക്കുന്നു. നിങ്ങളുടെ ജോലിയിലും നിങ്ങളുടെ അനുദിന ജീവിതത്തിലും ദൈവത്തിന് ഒന്നാം സ്ഥാനം നൽകുക. എന്നെ അനുസരിക്കാനും ഞാൻ നിങ്ങളെ നിയോഗിക്കുന്നതനുസരിച്ച് പ്രവർത്തിക്കാനുമായി ഇന്നു ഞാൻ നിങ്ങളെ താൽപര്യത്തോടെ വിളിക്കുന്നു. എന്റെ വിളി സ്വീകരിച്ചതിനു നന്ദി.

ജനുവരി 25, 1991
പ്രിയ കുഞ്ഞുങ്ങളേ, മറ്റെല്ലാ ദിവസത്തേക്കാളുപരിയായി ഇന്നു ഞാൻ നിങ്ങളെ പ്രാർത്ഥനയ്ക്കായി ക്ഷണിക്കുന്നു. നിങ്ങളുടെ പ്രാർത്ഥന സമാധാനത്തിനുള്ള ഒരു പ്രാർത്ഥനയായിരിക്കണം. സാത്താൻ ശക്തനാണ്. അവൻ മനുഷ്യജീവൻ മാത്രമല്ല, പ്രകൃതിയേയും നിങ്ങൾ അധിവസിക്കുന്ന ഭൂമിയെത്തന്നെയും നശിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ പ്രിയ കുഞ്ഞുങ്ങളേ, ദൈവത്തിന്റെ സമാധാനത്തിന്റെ അനുഗ്രഹത്തോടുകൂടി പ്രാർത്ഥനകൊണ്ട് സ്വയം സംരക്ഷിതരാകുവാൻ ശ്രദ്ധിക്കുക.
നിങ്ങളെ സഹായിക്കുവാൻ വേണ്ടിയാണ് ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നത്. നിങ്ങൾ അതിന് ആഗ്രഹിക്കുന്നെങ്കിൽ ജപമാല എടുക്കുക. ജപമാലയ്ക്ക് മാത്രമാണ് ലോകത്തിലും നിങ്ങളുടെ ജീവിതത്തിലും അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ സാധിക്കുന്നത്. ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. ദൈവം തിരുമനസ്സാകുന്നിടത്തോളം ഞാൻ നിങ്ങളുടെകൂടെ ഉണ്ടായിരിക്കും. എന്റെ ഇവിടുത്തെ സാന്നിധ്യം നിങ്ങൾ നിരർത്ഥകമാക്കാത്തതിൽ ഞാൻ നിങ്ങൾക്കു നന്ദി പറയുന്നു.

സമാപനം
മെഡ്ജുഗൊറേയിൽ അത്ഭുതകരമായ അനേകം രോഗശാന്തികളും ഇതിനോടകം നടക്കുകയുണ്ടായി. വിവിധ രാജ്യങ്ങളിൽ നിന്നും വിവിധ സാംസ്‌കാരിക തലങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിനാളുകൾ അവിടം സന്ദർശിച്ചുകൊണ്ടിരുന്നു. അവരിൽ അനേകർ വ്യത്യസ്ത സഭകളിലും മതങ്ങളിലും പെട്ടവരാണ്. എന്നാൽ ദൈവമാതാവ് നേരിട്ട് സംസാരിക്കുന്നതുപോലെ അവർക്കവിടെ അനുഭവപ്പെടുന്നു. വെറും കാഴ്ച കാണാൻ അവിടെ എത്തുന്നവർ തീർത്ഥാടകരായും സാക്ഷികളായും വിശ്വാസത്തിന്റെ പ്രേഷിതരായും മാറുന്നു. മെഡ്ജുഗൊറേയിൽ പാപികൾ ശുദ്ധീകരിക്കപ്പെടുന്നു. അന്ധർക്ക് കാഴ്ച ലഭിക്കുന്നു. ബലഹീനർ ശക്തി പ്രാപിക്കുന്നു. രോഗികൾ സുഖമാക്കപ്പെടുന്നു. മന്ദോഷ്ണർ തീക്ഷ്ണതയുള്ളവരായിത്തീരുന്നു. ആത്മീയമായി മൃതരായവർ നവജീവൻ പ്രാപിക്കുന്നു. ലക്ഷക്കണക്കിനാളുകൾ പാപസങ്കീർത്തനം നടത്തുന്നു. വി.കുർബാന സ്വീകരിക്കുന്നു.

പത്തും ഇരുപതും നാൽപതും വർഷങ്ങൾക്കുശേഷം കൂദാശകൾ സ്വീകരിക്കാൻ വരുന്ന ആയിരക്കണക്കിനു മനുഷ്യരുണ്ട്. മെഡ്ജുഗൊറേയിലെ വരപ്രസാദത്തിന്റെ പ്രവാഹം ലോകം മുഴുവൻ പ്രസരിക്കുന്നതുപോലെ അനുഭവപ്പെടുന്നു. ഇതിനുമമ്പ് ഇരുന്നൂറ് കൊല്ലങ്ങളായിട്ട് മെഡ്ജുഗൊറേയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ജീവിതത്തിന് കാര്യമായ ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. എന്നാൽ പ.അമ്മ പ്രത്യക്ഷപ്പെട്ടതിനുശേഷം അത്ഭുതകരമായ വ്യതിയാനമാണ് അവരുടെ എല്ലാവരുടെയും ജീവിതത്തിൽ കാണപ്പെടുന്നത്. അവിടെ എല്ലാവരും ഞായറാഴ്ച കൂടാതെ ആഴ്ചയിലെ വേറൊരു ദിവസം കൂടിയെങ്കി ലും ദിവ്യബലിയിൽ സംബന്ധിക്കുന്നു. മതപഠനത്തിന് പോകാത്ത കുട്ടികൾ ഇല്ല. കുമ്പസാരത്തിനും കുർ ബാന സ്വീകരണത്തിനും ജനങ്ങൾ കൂടെക്കൂടെ അണയുന്നു. മുതിർന്ന തലമുറയും യുവതലമുറയും തമ്മിലുള്ള വിടവ് അവിടെ ഇല്ലാതായിത്തീർന്നിരിക്കുന്നു.

യുഗോസ്ലാവിയായിലെ സഭയ്ക്ക് ആകമാനം ഉ ണ്ടായിട്ടുള്ള ഒരു വലിയ വ്യതിയാനത്തിന്റെ തുടക്കം മെഡ്ജുഗൊറേയിലെ ദർശനങ്ങളാണ്. മാതാവിന്റെ പ്രത്യക്ഷപ്പെടലിൽ നിന്ന് അത്യധികമായ ശക്തിയാണ് പുറപ്പെട്ടുകൊണ്ടിരിക്കുന്നത്. ജീവിതത്തിന് പുതിയ അർത്ഥം ഉണ്ടായിരിക്കുന്നു. വിശ്വാസം സുകൃതത്തിലേക്ക് നയിക്കുന്നു. വ്യക്തിപരമായ മാനസാന്തരങ്ങൾ വഴി സമാധാനത്തിലേക്കുള്ള പാത തുറന്നിരിക്കുകയാണ്.

ഫാ. സി.ജെ. വർക്കി