മെത്രാൻ സിനഡിന് മുന്നോടിയായി വത്തിക്കാനിൽ ആഗോള യുവജനസമ്മേളനം

0
369

വത്തിക്കാൻസിറ്റി: അടുത്ത വർഷം ഒക്ടോബറിൽ നടത്താനിരിക്കുന്ന ബിഷപ്പുമാരുടെ സിനഡിനു മുന്നോടിയായി വത്തിക്കാനിൽ ആഗോള യുവജനസമ്മേളനം നടത്താൻ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം. സിനഡ് സെക്രട്ടേറിയറ്റിനാണ് സമ്മേളനം നടത്താനുള്ള ചുമതല. ഇതിൻ പ്രകാരം 2018 മാർച്ച് 19 മുതൽ 24 വരെയാണ് യുവജന സമ്മേളനം സംഘടിപ്പിക്കുമെന്ന് സിനഡ് സെക്രട്ടേറിയറ്റ് അറിയിച്ചു.

കത്തോലിക്കാ സഭാംഗങ്ങൾക്കു പുറമേ ഇതര ക്രൈസ്തവ സഭകളിലെയും മറ്റു മതങ്ങളിലെയും യുവജന പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും. യുവജനതയുടെ ശബ്ദവും വിശ്വാസവും സംശയങ്ങളും സഭയ്ക്ക് കേൾക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.അടുത്ത വർഷം ഒക്ടോബറിൽ നടക്കുന്ന ബിഷപ്പുമാരുടെ സിനഡിന്റെ പ്രധാന ചർച്ചാ വിഷയം യുവജനതയാണ്.

സിനഡിനു മുന്നോടിയായി വിവിധ സഭകളിലും മതവിശ്വാസങ്ങളിലും പെട്ടവരുടെ പ്രതീക്ഷകളും സംശയങ്ങളും ആകുലതകളും പങ്കുവയ്ക്കാനുള്ള അവസരമാണ് ആഗോള യുവജനസംഗമമെന്ന് സിനഡ് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. യുവജനസമ്മേളനം അവസാനിക്കുന്ന മാർച്ച് 24നു പിറ്റേന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പയുടെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകളിൽ പങ്കെടുക്കാൻ സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് അവസരം ലഭിക്കും.