യുഎസിലെ മെത്രാന്മാരുടെ ധ്യാനം പുരോഗമിക്കുന്നു; നേതൃത്വം നൽകുന്നത് പേപ്പൽ ധ്യാനഗുരു

0
1252

ചിക്കാഗോ: യുഎസിലെ മെത്രാന്മാർക്കുവേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ഒരാഴ്ചനീണ്ടുനിൽക്കുന്ന ധ്യാനം ചിക്കാഗോയിൽ പുരോഗമിക്കുന്നു. പേപ്പൽ ധ്യാനഗുരുവും സുപ്രസിദ്ധ വാഗ്മിയുമായ റവ. ഡോ. റെനേറോ കന്തലമെസ്സെയാണ് ധ്യാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. ചിക്കാഗോയുടെ പ്രാന്തപ്രദേശത്ത് സ്ഥാപിതമായിരിക്കുന്ന മൊണ്ടലയിൻ സെമിനാരിയിലാണ് ധ്യാനം നടക്കുന്നത്. ജനുവരി 2ന് ആരംഭിച്ച ധ്യാനം 8നാണ് അവസാനിക്കുന്നത്.

ലൈംഗിക വിവാദങ്ങൾ, ബിഷപ്പുമാരുടെ രാജിവെക്കൽ, ധാർമിക അപജയങ്ങളെ മറച്ചുപിടിക്കാൻ നടത്തിയ അധാർമിക വഴികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ചർച്ചകളും പഠനറിപ്പോർട്ടുകളും നവംബർ 12മുതൽ 14വരെ നടന്ന ബിഷപ്പുമാരുടെ സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു. ഈ ചർച്ചകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ സഭയിലെ പ്രതിസന്ധികളെ പ്രാർത്ഥനാപൂർവം നേരിടണമെന്ന് പാപ്പ നിർദേശവും നൽകിയിരുന്നു. അതുകൊണ്ടുതന്നെ പാപ്പതന്നെയാണ് പേപ്പൽ ധ്യാനഗുരുവിനെ അമേരിക്കയിലേക്ക് അയച്ചതും.

പാപ്പയുടെ പ്രത്യേക കരുതലിനും സ്‌നേഹത്തിനുമുള്ള നന്ദിയും കടപ്പാടും കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ഡാനിയേൽ ഡിനാർഡോ പ്രത്യേകം തയാറാക്കിയ പത്രക്കുറിപ്പിൽ അറിയിക്കുകയും ചെയ്തു. തനിക്കുവേണ്ടിയും ഒപ്പമുള്ള മറ്റ് വൈദികർക്കുവേണ്ടിയും ധ്യാനത്തിലുടനീളം പരിശുദ്ധാത്മാവിനെ സ്വീകരിക്കാനുള്ള കൃപ ലഭിക്കുന്നതിനായി പ്രാർത്ഥിക്കണമെന്ന് സഭാവിശ്വാസികളോടും വൈദികരോടും കർദിനാൾ അഭ്യർത്ഥിക്കുകയും ചെയ്തു.

പ്രതിസന്ധികളിൽ പതറുകയല്ല, പ്രാർത്ഥനാപൂർവം പോരാടുകയാണ് വേണ്ടത് എന്നത് സഭയുടെ എക്കാലത്തേയും മാർഗമാണ്. അമേരിക്കൻ സഭയുടെ ചുവടുവെയ്പ്പ് മറ്റു സഭകൾക്കും മാതൃകാപരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നതും.