യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇന്റർനാഷണൽ വിമൺ ഓഫ് കറേജ് പുരസ്‌കാരം സിസ്റ്റർ മരിയ എലോനയ്ക്ക്

0
337

വാഷിങ്ടൺ: ആഫ്രിക്കയിലെ യുദ്ധം തകർത്ത പ്രദേശങ്ങളിൽ ശുശ്രൂഷ ചെയ്ത കന്യാസ്ത്രീക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഇന്റർനാഷണൽ വിമൺ ഓഫ് കറേജ് പുരസ്‌കാരം ലഭിച്ചു. മരിയ എലോന എന്ന ഇറ്റാലിയൻ കന്യാസ്ത്രിയാണ് അവാർഡിന് അർഹയായത്. വാഷിങ്ടണിലെ ഡീൻ അച്ച്‌സൺ ഓഡിറ്റോറിയത്തിൽ വെച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വക്താവായ ഹെതർ നൊവാർട്ടാണ് സിസ്റ്ററിന് പുരസ്‌കാരം കൈമാറിയത്.

അനീതിക്കും യുദ്ധഭീകരതകൾക്കും വെറുപ്പിനുമെതിരെ നടത്തിയ പ്രവർത്തനങ്ങളാണ് സിസ്റ്ററിനെ അവാർഡിനർഹയാക്കിയതെന്ന് ഹെതർ നൊവാർട്ട് പറഞ്ഞു. യുദ്ധത്താൽ ചിതറിപ്പോയവർക്ക് സിസ്റ്റർ അഭയകേന്ദ്രം നൽകി. സെൻ്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സമാധാനം സ്ഥാപിക്കാൻ അവർ അക്ഷീണം ശ്രമിക്കുകയും ചെയ്തു. ഹെതർ കൂട്ടിച്ചേർത്തു.

സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജീയന്നെ അന്തിദേ തൗരേട് സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ മരിയ എലോന 1944 ലാണ് ജനിച്ചത്. അനുകമ്പയുടേയും സേവനത്തിന്റെയും മനോഭാവം വളരെ ചെറുപ്പത്തിലേ സിസ്റ്റർ വളർത്തിയെടുത്തിരുന്നു. പതിനഞ്ചാം വയസിൽ പഠനമുപേക്ഷിച്ച അവൾ തന്റെ കുടുംബത്തെ സഹായിക്കാൻ ഒരു വസ്ത്രനിർമ്മാണ ഫാക്ടറിയിൽ ജോലിക്ക് പോയിത്തുടങ്ങി. ദൈവവിളി തിരിച്ചറിഞ്ഞതിനെ തുടർന്ന് തന്റെ പത്തൊൻപതാം വയസിൽ നിത്യവ്രതം സ്വീകരിച്ച അവൾ മതത്തിലും വിദ്യാഭ്യാസത്തിലും ഗവേഷണം നടത്താൻ ആരംഭിച്ചു. ആഫ്രിക്കയിൽ ശുശ്രൂഷ ചെയ്യാൻ താത്പര്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് സദാസമയം ആക്രമണയുദ്ധഭീഷണിയുള്ള ചാഡിലെ ഗ്രാമപ്രദേശങ്ങളിലെ ആളുകളെ പഠിപ്പിക്കാൻ 1972 ൽ സിസ്റ്റർ അയയ്ക്കപ്പെട്ടു. അന്ന് മുതൽ ഇന്നുവരെ ആഫ്രിക്കയിലെ ജനങ്ങൾക്ക് സിസ്റ്ററുടെ നിസ്തുല സേവനം ലഭിക്കുന്നുണ്ട്.

ഹോണ്ടൂറാസിലെ ഫോറൻസിക് പാതോളജിസ്റ്റായ ജുലിസ വില്ലാനുവ, റുവാണ്ടയിൽ സമാധാനത്തിനായി പരിശ്രമിക്കുന്ന ഗോഡലീവ് മുകാസർസി, ഇസ്മിക് സ്‌റ്റേറ്റിന്റെ കണ്ണിൽപ്പെടാതെ നിരവധി ഇറാഖി മിലിട്ടറി ട്രൂപ്‌സിനെ ഒളിപ്പിച്ച അലിയാഹ് ഖലാഫ് സലേഹ്, കസാഖിസ്ഥാനിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന ലൈംഗീക ചൂഷണത്തിനെതിരെ പോരാടുന്ന ഐമാൻ ഉമറോവയും വിമൻ ഓഫ് ദ കറേജ് പുരസ്‌കാരത്തിനർഹരായി.