‘യുണൈറ്റ്’ കോൺഫ്രൻസിന് തുടക്കം; യുവശക്തിയാർജ്ജിക്കാൻ ‘മെൽബൺ’

0
547

മെൽബൺ: സീറോ മലബാർ ഓസ്‌ട്രേലിയയുടെ പ്രഥമ ദേശീയ യുവജന കൺവെൻഷൻ ‘യുണൈറ്റി’ന് മെൽബണിൽ തിരിതെളിഞ്ഞു. ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ്പ് അഡോൾഫൊ ടിറ്റൊ യലാനയാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂറും സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാനും കോട്ടയം അതിരൂപത സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിയും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.

ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് രൂപതാ യൂത്ത് അപ്പോസ്റ്റലേറ്റും സീറോ മലബാർ യൂത്ത് മൂവ്മെന്റും ചേർന്നാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ഡിസംബർ ഏഴുമുതൽ 10വരെയുള്ള കൺവെൻഷന് ഫിലിപ്പ് ഐലൻഡിലെ ‘അഡ്വെഞ്ചർ റിസോർട്ടാണ് വേദി ഒരുക്കുന്നത്.

ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമായി നിരവധി യുവജനങ്ങളാണ് നാലു ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുന്നത്. 15 മുതൽ 30 വയസുവരെയുള്ള യുവജനങ്ങൾക്കായി സ്‌കൂൾ, യൂണിവേഴ്സിറ്റി, വർക്കിങ്ങ് പ്രൊഫഷണൽസ് എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

മെൽബൺ അതിരൂപത സഹായമെത്രാൻ മാർക്ക് എഡ്വേർഡ്സ്, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ കത്തോലിക്കാ സംഗീതജ്ഞൻ ഫാ. റോബ് ഗലയാ, മെൽബൺ സീറോ മലബാർ രൂപത വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, അമേരിക്കയിൽ ജനിച്ച് വളർന്ന തലമുറയിൽനിന്ന് ചിക്കാഗോ സീറോ മലബാർ രൂപതക്കുവേണ്ടി ആദ്യമായി തിരുപ്പട്ടം സ്വീകരിച്ച ഫാ. കെവിൻ മുണ്ടയ്ക്കൽ, ഓസ്ട്രേലിയയിലെ പ്രശസ്ത കത്തോലിക്കാ സംഗീതജ്ഞ ജെനിവീവ് ബ്രയന്റ്, ഓസ്ട്രേലിയൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ് യൂത്ത് ഓഫീസ് ഡയറക്ടർ മാൽക്കം ഹാർട്ട്, യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, യൂത്ത് അപ്പോസ്റ്റലേറ്റ് ചാപ്ലൈൻ ഫാ. സാബു ആടിമാക്കിൽ, എം.ജി.എൽ സന്യാസ സഭാംഗം ഫാ. ബൈജു തോമസ് എന്നിവരാണ് കൺവെൻഷനിലെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.

മെൽബൺ സീറോ മലബാർ എപ്പാർക്കിയുടെ വെബ്സൈറ്റായ syromalabar.org.au ൽ ഉൾപ്പെടുത്തിയ ‘ശാലോം മീഡിയാ ഗാലറി’യിലൂടെയും ശാലോം മീഡിയാ ഫേസ്ബുക് പേജിലൂടെയും shalommedia.org/Autsrelia എന്ന വെബ് ലിങ്കിലൂടെയും തത്സമയ സംപ്രേഷണം ക്രമീകരിച്ചിട്ടുണ്ട്. ആപ്പിൾ ടി.വി, ആൻഡ്രോയിഡ് ടി.വി, റോക്കു, സോണി, ഫിലിപ്സ്, ഓപ്പറ, ആമസോൺ ഫയർ, സാംസംഗ് ഉൾപ്പെടെയുള്ള സ്മാർട് ടി.വികളിലും തത്സമയ സംപ്രേഷണം ലഭ്യമാണ്.