യുവജനങ്ങളുടെ പങ്കാളിത്തം തിരുനാളിൽ മാത്രം ഒതുങ്ങരുത്: മാർ ആലപ്പാട്ട്

330
കൊപ്പേൽ: സഭയിൽ യുവജനങ്ങളുടെ പങ്കാളിത്തം തിരുനാൾ ആഘോഷങ്ങളിൽമാത്രം ഒതുങ്ങരുതെന്നും  യുവജനങ്ങൾ യേശുവിനു സാക്ഷികളാകാൻ  തുടർന്നും നയിക്കപ്പെടേണ്ടവരാണെന്നും ചിക്കാഗോ സീറോ മലബാർ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്. കൊപ്പേൽ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ അർപ്പിച്ച തിരുനാൾ ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിൽ ജനിച്ചു വളരുന്ന 36 യുവജങ്ങൾ ഇത്തവണത്തെ തിരുനാൾ പ്രസുദേന്തിമാരായ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഓർമപ്പെടുത്തൽ.
യേശുവിന്റെ അടുത്തെത്താൻ വിശുദ്ധ അൽഫോൻസാമ്മ സ്വീകരിച്ച സ്‌നേഹപൂർവമായ സഹനങ്ങൾ  യുവജനങ്ങൾക്ക്  അനുകരണീയ മാതൃകയാണ്. കൊപ്പേൽ ഇടവകയിലെ യുവജനങ്ങളുടെ പങ്കാളിത്തവും പ്രവർത്തനവും  ചിക്കാഗോ രൂപതയിലെ മുഴുവൻ ഇടവകകൾക്കും  മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   വികാരി ഫാ.ജോൺസ്റ്റി തച്ചാറ, ഫാ. ജോഷി എളമ്പാശ്ശേരിൽ, ഫാ. തോമസ് തെന്നാടിയിൽ, ഫാ. ജോസ് കട്ടേക്കര, ഫാ. എബ്രഹാം തോമസ്, ഫാ. റോജോ പാലാട്ടികൂനത്താൻ എന്നിവർ സഹകാർമികരായി.
തുടർന്ന്, തിരുസ്വരൂപം വഹിച്ച് നടത്തിയ   പ്രദക്ഷിണത്തിൽ വിശ്വാസീസമൂഹം ഒന്നടങ്കം പങ്കുകൊണ്ടു. പരിശുദ്ധ കുർബാനയുടെ ആശീർവാദം വിശ്വാസികൾക്ക് ആത്മീയ ഉണർവേകി. അൽഫോൻസാമ്മയുടെ മാധ്യസ്ഥം യാചിച്ചും അനുഗ്രഹങ്ങൾക്ക് കൃതജ്ഞതയർപ്പിച്ചും  നൂറുകണക്കിന് വിശ്വാസികളാണ് ടെക്‌സാസിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തിരുനാളിൽ പങ്കെടുക്കാനെത്തിയത്.
തിരുനാൾ ദിനത്തിൽ അർപ്പിച്ച റാസയ്ക്ക്  ഭദ്രാവതി രൂപതാ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത് മുഖ്യകാർമിത്വം വഹിച്ചു. ഫാ. അഗസ്റ്റിൻ കുളപ്പുരം, റവ.പോൾ ചാലിശ്ശേരി, ഫാ.പോൾ പൂവത്തുങ്കൽ സിഎംഐ, ഫാ.ജോസ് ചിറപ്പുറത്ത്, ഫാ. ലൂയീസ് രാജ് തുടങ്ങി വൈദികർ വിവിധ ദിനങ്ങളിലെ തിരുനാൾ തിരുക്കർമങ്ങളിൽ മുഖ്യകാർമികരായി.
അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ദിനത്തിൽ സ്ഥാപിച്ച ദൈവാലയമെന്ന സവിശേഷതയും കോപ്പൽ സെന്റ് അൽഫോൻസ സീറോ മലബാർ ദൈവാലയത്തിനുണ്ട്.തിരുശേഷിപ്പും പാപ്പ ആശീർവദിച്ച വിശുദ്ധയുടെ തിരുസ്വരൂപവും ദൈവാലത്തിൽ പ്രതിഷ്~ിച്ചിട്ടുണ്ട്.   യൂത്ത് കോർഡിനേറ്റർമാരായ സോയ് ജോസഫ്, ലീന ജേക്കബ്, കൈക്കാരന്മാരായ ഫ്രാങ്കോ ഡേവിസ്, ഡെന്നി ജോസഫ്, ലിയോ ജോസഫ്, പോൾ ആലപ്പാട്ട്, സെക്രട്ടറി ജെജു ജോസഫ് തുടങ്ങിയവർ  നേതൃത്വം വഹിച്ചു.
മാർട്ടിൻ വിലങ്ങോലിൽ