യു.എസ് വാഗ്ദാനം നടപ്പാകുമോ? പ്രതീക്ഷയോടെ മധ്യപൂർവേഷ്യ

മധ്യപൂർവേഷ്യയിലെ ക്രൈസ്തവർക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നേരിട്ട് നൽകും

0
486

ന്യൂയോർക്ക്: ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ മധ്യപൂർവേഷ്യയിൽ ഐക്യരാഷ്ട്രസഭയുടെ സഹായപദ്ധതികൾ ഫലപ്രദമല്ല, മേഖലയിൽ കാര്യക്ഷമമായ സഹായം ലഭ്യമാക്കാൻ ബദൽ മാർഗം സ്വീകരിക്കും എന്നീ അമേരിക്കൻ വാഗ്ദാനങ്ങളെ പ്രതീക്ഷാപൂർവം ഉറ്റുനോക്കുകയാണ് അവിടുത്തെ ജനത. വാഗ്ദാനം സാധ്യമായാൽ, ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ പോരാടുന്ന മധ്യപൂർവേഷ്യൻ ജനതയ്ക്ക് വിശിഷ്യാ, ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് വലിയ കരുത്താകുമത്.

ന്യൂയോർക്കിലെ മാരിയട്ട് ഹോട്ടൽ വേദിയായ ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്ത്യൻ സോളിഡാരിറ്റി’ കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തവേയാണ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഇക്കാര്യങ്ങൾഅറിയിച്ചത്. ‘ഐക്യരാഷ്ട്ര സഭയുടെഒട്ടും ഫലപ്രദമല്ലാത്ത ദുരിതാശ്വാസ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായംനിർത്തലാക്കാൻ പ്രസിഡന്റ് യുഎസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. അതിനു പകരം ഐസിസിന്റെ ക്രൂരതകൾക്കിരയായ ക്രിസ്ത്യാനികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സഭകളെയും സംഘടനകളെയും ‘യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് സഹായിക്കും,’ എന്നായിരുന്നു പെൻസിന്റെ വാക്കുകൾ.

അമേരിക്ക നേരിട്ട് സഹായിക്കുമ്പോൾ പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികൾക്ക് ഇനിമുതൽ വിവിധ രാഷ്ട്രങ്ങളിലെ സംഘടനകളുടെ സഹായത്തെ ആശ്രയിച്ചുമാത്രം ജീവിക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലെ ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള ക്രൈസ്തവ വിശ്വാസത്തിന്റെ നിലനിൽപ്പിനും വംശഹത്യക്കിരയായിക്കൊണ്ടിരിക്കുന്ന യസീദികൾക്കും ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.

‘കളിയുടെ ഗതിമാറ്റുന്ന’ പ്രഖ്യാപനമെന്നാണ് ഇൻ ഡിഫൻസ് ഓഫ് ക്രിസ്ത്യൻ സോളിഡാരിറ്റി വൈസ് പ്രസിഡന്റും മുതിർന്ന നയതന്ത്ര ഉപദേശകനുമായ ആൻഡ്ര്യൂ ഡോരാൻ പ്രഖ്യാപനത്തെ വിലയിരുത്തിയത്. ‘നൈറ്റ്‌സ് ഓഫ് കൊളംബസും’ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകഴിഞ്ഞു. ‘വിശ്വാസത്തിനു വേണ്ടി നിലകൊള്ളുന്ന നമ്മുടെ സഹോദരീസഹോദരന്മാരുടെ സംരക്ഷണത്തിനായുള്ള തീരുമാനം ഏറെ ഫലം ചെയ്യും,’ നൈറ്റ്‌സ് ഓഫ് കൊളംബസ് സുപ്രീം ക്‌നൈറ്റ് തലവൻ കാൾ ആൻഡെഴ്‌സൻ പറഞ്ഞു.

ലോകമാകമാനം അടിച്ചമർത്തപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്നതിൽ ഏറ്റവും മുന്നിലുള്ള സന്നദ്ധസംഘടനയായ നൈറ്റ്‌സ് ഓഫ് കൊളംബസ്, എയിഡ് ടു ദി ചർച്ച് ഇൻ നീഡ്, കത്തോലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ തുടങ്ങിയ കത്തോലിക്കാ സംഘടനകളുടെ സഹായമാണ് നിലവിൽ മധ്യപൂർവേഷ്യയിലെ ക്രൈസ്തവർക്ക് ലഭിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഭാഗത്തുനിന്ന് മധ്യപൂർവേഷ്യയ്ക്ക് കാര്യമായ സഹായമൊന്നും ലഭിച്ചിട്ടില്ല എന്ന ആരോപണം വരും ദിനങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമാകുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടൽ.

മധ്യപൂർവേഷ്യയിലെ ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കാൻ സമ്മർദ ശക്തിയാവുക എന്ന ലക്ഷ്യവുമായി 2014ലാണ് ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്’ പ്രഥമ സമ്മിറ്റ് നടന്നത്. ഐസിസ് തീവ്രവാദികൾ അഴിച്ചുവിടുന്ന ഭീകരതാണ്ഡവത്തിന്റെ പശ്ചാത്തലത്തിലാണ് മധ്യപൂർവേഷ്യയിലെ ക്രൈസ്തവസഭകളുടെ തലവന്മാരെയും പൗരസ്ത്യസഭകളോട് ആഭിമുഖ്യമുള്ള മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രതന്ത്രജ്ഞർ, ജനപ്രതിനിധികൾ, നയതന്ത്രജ്ഞർ എന്നിങ്ങനെയുള്ള പ്രമുഖരെയും ഒരൊറ്റ ഗണമായി അണിനിരത്തിയ ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ് സമ്മിറ്റ്’ സംഘടിപ്പിച്ചത്.

പുതിയ പ്രഖ്യാപനം: കാരണം ‘പാത്രിയർക്കൽ എഫെക്ട് ‘

മധ്യ പൂർവേഷ്യൻ പ്രശ്‌നങ്ങളിൽ ട്രംപ് ഭരണകൂടത്തിന്റെ ഇടപെടൽ പൊടുന്നനെ ഉണ്ടാകാൻ കാരണം അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് യൂസഫ് യൗനാൻ ബാവ ഇക്കഴിഞ്ഞ ആഴ്ച ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ വാക്കുകളാണോ? നിരീക്ഷകർ അതേക്കുറിച്ച് മൗനം പാലിക്കുമ്പോഴും ‘പാത്രിയർക്കൽ എഫക്ടി’ന് അതിൽ നിർണായക പങ്കുണ്ടെന്ന് വിശ്വസിക്കാനാണ് മധ്യപൂർവേഷ്യൻ ക്രൈസ്തവർക്ക് ഇഷ്ടം.

മതപീഡനങ്ങൾക്കിരയാവുന്ന ക്രൈസ്തവർക്കുവേണ്ടി ഹംഗേറിയൻ ഭരണകൂടത്തിന്റെ പിന്തുണയോടെ ബുഡാപെസ്റ്റിൽ നടന്ന കോൺഫറൻസിൽ പങ്കെടുത്തശേഷമായിരുന്നു അദ്ദേഹത്തിന്റെ അഭിമുഖം. സഹായ അഭ്യർത്ഥനയ്ക്കപ്പുറം ഓർമപ്പെടുത്തൽ സ്വഭാവത്തോടെയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികൾ ഇറക്കുമതി ചെയ്യപ്പെട്ടവരല്ല, മറിച്ച് ആയിരത്തിൽപരം വർഷങ്ങളായി അവിടെ താമസിച്ചു വരുന്ന സ്വദേശീയർ തന്നെയാണ്. ക്രൈസ്തവരെ അമേരിക്കൻ ഭരണകൂടം സഹായിക്കേണ്ടത് വാക്കുകൾകൊണ്ടല്ല, പ്രവർത്തികൊണ്ടാവണം.’

ഈ അഭിമുഖം പുറത്തുവന്ന് ദിനങ്ങൾക്കുള്ളിലായിരുന്നു അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനം ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്ത്യൻ സോളിഡാരിറ്റി’ കോൺഫറൻസിൽ മൈക്ക് പെൻസ് പ്രഖ്യാപിച്ചത്. ഇസ്ലാമിക ഭീഷണിയുണ്ടെങ്കിൽ മാത്രം ഇടപെടുന്ന പാശ്ചാത്യ രാജ്യങ്ങളെ വിമർശിച്ചുകൊണ്ട് പശ്ചിമേഷ്യയിൽ മതസ്വാതന്ത്ര്യം കൊണ്ടുവരുന്നതിനാണ് പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മതപീഡനത്തിനിരയാവുന്ന ക്രിസ്ത്യാനികൾക്കുവേണ്ടി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുന്ന ഫ്രാൻസിസ് പാപ്പയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും സിറിയൻ സഭാ തലവൻ മറന്നില്ല. പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്കുവേണ്ടി സർക്കാർ സഹായത്തോടെ ആദ്യമായി സംഘടിപ്പിക്കപ്പെട്ട കോൺഫറൻസിൽ വിവിധ രാജ്യങ്ങളിൽനിന്ന് 300ലേറെ പ്രതിനിധികളാണ് പങ്കെടുത്തത്.