യു.കെയിൽ ഉയരണം പുൽക്കൂടുകൾ

* പ്രതിഷേധം ഫലിച്ചു; ക്രിബ്ബുകൾക്ക് ഇടമൊരുങ്ങി * ഭവന രഹിതർ വർദ്ധിക്കുന്നു: കരം കോർക്കാം, ഇടമൊരുക്കാം

0
1317

യു.കെ: ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുന്ന യു.കെയുടെ മനസിൽ ‘ഇടം ലഭിക്കേണ്ട’ രണ്ട് വാർത്തകൾ: ഒന്ന് സദ്വാർത്തയും, മറ്റൊന്ന് സങ്കടവാർത്തയും. ‘നേറ്റിവിറ്റി ക്രിബ്ബി’ന് അനുമതി നിഷേധിച്ച ഷോപ്പിംഗ് മാൾ അധികാരികൾ വിശ്വാസികളുടെ പ്രതിഷേധത്തിനുമുന്നിൽ മുട്ടുമടക്കിയതാണ് സദ്വാർത്ത. യു.കെയിൽ ഭവനരഹിതരുടെ എണ്ണം വർദ്ധിക്കുന്നു എന്നതാണ് സങ്കടവാർത്ത-ക്രിസ്മസ് ദിനത്തിൽ യു.കെയിലെ തെരുവുകളിൽ കൊടും തണുപ്പിൽ 24,000 പേർ അന്തിയുറങ്ങുന്നു.

സ്‌കോട്‌ലൻഡിലെ തിരക്കേറിയ ഷോപ്പിംഗ് സെന്ററുകളിൽ ഒന്നായ ‘സ്റ്റെർലിംഗ് ത്രൈസിൽ’ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് വിശ്വാസീസമൂഹത്തിന്റെ സമാധാനപരമായ പ്രതിഷേധത്തിനൊടുവിൽ ‘നേറ്റിവിറ്റി ക്രിബ്ബ്’ ഉയർന്നത്. തീവ്ര സെക്കുലറിസത്തിന്റെ അധിപ്രസരത്താൽ രണ്ടു ഡസനിൽപ്പരം ഷോപ്പിംഗ്മാളുകളിൽ ‘നേറ്റിവിറ്റി ക്രിബ്ബി’ന് അനുമതി നിഷേധിച്ചു എന്നറിയുമ്പോഴേ, ‘സ്റ്റെർലിംഗ് ത്രൈസിൽ സംഭവ’ത്തിന്റെ പ്രസക്തി മനസിലാകൂ. വിശ്വാസീസമൂഹം രംഗത്തിറങ്ങിയാൽ ഷോപ്പിംഗ് കോംപ്ലക്‌സ് അധികാരികൾക്കുമുന്നിൽ വിട്ടുവീഴ്ചയല്ലാതെ മറ്റ് മാർഗമില്ലെന്ന് തെളിയിക്കുന്നു ‘സ്റ്റെർലിംഗ് ത്രൈസിൽ’ സദ്വാർത്ത.

എഡിൻബർഗിലെ ഹെറോയിറ്റ് വാറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പ~നങ്ങളാണ് യു.കെയിൽ ഭവനരഹിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന വിവരം വെളിപ്പെടുത്തുന്നത്. ‘നേറ്റിവിറ്റി ക്രിബ്ബ്’ സ്ഥാപിക്കാനുള്ള ‘ഇടം’ ലഭിക്കാൻ പ്രകടിപ്പിച്ച അതേ തീക്ഷ്ണത ഇവരുടെ കാര്യത്തിലും ഉണ്ടാവണം. പ്രതിഷേധമല്ല, ഭവനരഹിതർക്ക് സുരക്ഷിത ‘ഇടം’ ഒരുക്കാൻ പ്രകടമാകേണ്ടത് കരുണയാണ്. നസ്രത്തിലെ കുടുംബത്തിന് അന്തിയുറങ്ങാൻ ഇടം ലഭിക്കാതെ പോയ അവസ്ഥ ആവർത്തിക്കപ്പെടാതിരിക്കാൻ കാരണമാവണം ഈ സങ്കടവാർത്ത.

സ്റ്റെർലിംഗ് ഒരു മോഡൽ!

ചിത്രങ്ങളിലും രൂപങ്ങളിലും മാത്രം കണ്ടിട്ടുള്ള ‘കന്യാകാമേരിയും ജോസഫും ഉണ്ണിയേശുവും’ ഇതാ കൺമുന്നിൽ! സ്‌കോട്‌ലൻഡിലെ സ്റ്റെർലിംഗ് ത്രൈസിൽ ഷോപ്പിംഗ് കോംപ്ലക്‌സിലെ അപൂർവ കാഴ്ച കണ്ട് അമ്പരന്ന ജനങ്ങൾക്കു മുമ്പിൽ ജോസഫ് സ്വയം പരിചയപ്പെടുത്തി. കൂടെയുള്ള മേരിയേയും ഉണ്ണിയേശുവിനെയും പരിചയപ്പെടുത്തിയതിനൊപ്പം പരിഭവവും പങ്കുവെച്ചു. രണ്ടായിരം വർഷംമുമ്പ് ബേത്‌ലഹേമിൽ അനുഭവിച്ച തിരസ്‌ക്കാരം ഇന്ന് ഈ ഷോപ്പിംഗ് സെന്ററിലും ആവർത്തിച്ചതിന്റെ ഹൃദയ നൊമ്പരം.

യൂറോപ്പിലെവിടെയും ക്രിസ്മസ് ദിനങ്ങളിൽ വാണിജ്യ സമുച്ഛയങ്ങളുടെ ഹൃദയഭാഗത്ത് ‘നേറ്റിവിറ്റി ക്രിബ്ബുകൾ’ പ്രദർശിപ്പിക്കുന്നത് പതിവാണ്. എന്നാൽ, സ്‌കോട്‌ലൻഡിലെ സ്റ്റെർലിംഗ് ത്രൈസിൽ ഷോപ്പിംഗ് കോംപ്ലക്‌സ് ഇത്തവണ അനുമതി നിഷേധിച്ചതാണ് സ്‌കോട്‌ലൻഡിലെ ‘സാന്റാ ഫാമിലായാ മീഡിയ’യിലെ ജോൺ മല്ലോണിന്റെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രതിഷേധ സമരത്തിന് കാരണമായത്.

സ്റ്റെർലിംഗ് സെന്റ് മേരീസ് ദൈവാലയത്തിലെ ലീജിയൻ ഓഫ് മേരിപ്രവർത്തകർ ‘നേറ്റീവിറ്റി ക്രിബ്ബ്’ തയാറാക്കാൻ സന്നദ്ധരായെങ്കിലും ഷോപ്പിംഗ് കോംപ്ലക്‌സ് മാനേജ്‌മെന്റ് അനുമതി നിഷേധിക്കുകയായിരുന്നു. തങ്ങളുടെ സ്ഥാപനം ജാതി, മത, രാഷ്ട്രീയ വിഷയങ്ങളിൽ നിഷ്പക്ഷ നിലപാട് കൈക്കൊള്ളുന്നു എന്നതായിരുന്നു അവരുടെ ന്യായീകരണം. സ്ഥലം എം.പി സ്റ്റാഫൻ കെർ മുഖാന്തിരം വീണ്ടും സമീപിച്ചെങ്കിലും മാനേജ്‌മെന്റ് നിലപാടിൽ ഉറച്ച് നിന്നു.

ഇതിനെ തുടർന്നാണ് സെന്റ് ആൻഡ്രൂസ് ആൻഡ് എഡിൻബർഗ് അതിരൂപതയും നിരവധി സംഘടനകളും വ്യക്തികളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിൽ ഏറെ ശ്രദ്ധേയമായിരുന്നു ‘സാന്റാ മരിയ മീഡിയ’യുടെ നേതൃത്വത്തിലുള്ള ലൈവ് ക്രിബ്. ഏതാണ്ട് 10 മിനിറ്റുമാത്രമേ പ്രതിഷേധിക്കാൻ അവസരം ലഭിച്ചുള്ളു. അതിനുള്ളിൽ അവരെ ഷോപ്പിംഗ് കോംപ്ലക്‌സിൽനിന്ന് പുറത്താക്കി. പക്ഷേ, അവർ യൂ ടൂബിലൂടെ പുറത്തുവിട്ട വീഡിയോ മണിക്കൂറുകൾക്കകം പതിനായിരങ്ങളാണ് കണ്ടത്.

വിഷയം പൊതുസമൂഹത്തിൽ ചർച്ചയാവുകയും പ്രതിഷേധം വ്യാപിക്കുകയും ചെയ്തതോടെ ത്രൈസിൽ ഷോപ്പിംഗ് സെന്റർ മാനേജ്‌മെന്റ് തീരുമാനം പിൻവലിക്കുകകയായിരുന്നു. ‘ലീജിയൻ ഓഫ് മേരി’ പ്രവർത്തകരെ ‘നേറ്റീവിറ്റി ക്രിബ്ബ്’ തയാറാക്കാൻ നേരിട്ട് ക്ഷണിക്കുകയും ചെയ്തു. ക്രിസ്തുവിനെ ഒഴിവാക്കി ക്രിസ്മസ് ആഘോഷിക്കാനുള്ള മതേതര ശക്തികളുടെ നീക്കത്തിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ക്രിസ്മസ് സീസണിൽ ഷോപ്പിംഗ് സെന്ററുകളിൽ ചെലവഴിക്കുന്നവർക്ക് ക്രിസ്മസിന്റെ യഥാർത്ഥ സന്ദേശം പകരുന്നതിൽ ‘ക്രിബ്ബു’കൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. മാത്രമല്ല, കുഞ്ഞുങ്ങളുടെ ഇളംമനസിലേക്ക് ക്രിസ്മസ് ചിന്തകളും അറിവുകളും പകരാനും സഹായകമാണ്. ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ പതിവാകുന്ന ക്രിബ്ബിന് അനുമതി നിഷേധത്തിനെതിരെ പ്രതികരിക്കാൻ വിശ്വാസീ സമൂഹത്തിന് സ്‌കോട്‌ലൻഡിലെ ഈ മുന്നേറ്റം കൂടുതൽ കരുത്തു പകരും എന്നതിൽ സംശയമില്ല.

കൂട്ടു ചേരാം, കൂടൊരുക്കാം

ബ്രിട്ടണിലെ ഭവനരഹിതർക്കുവേണ്ടി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയുടെ നിർദേശ പ്രകാരം ഹെറോയിറ്റ് വാറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പ~നങ്ങളാണ് നടുക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. ബ്രിട്ടനിലെ ഭവനരഹിതരുടെ എണ്ണം 24,000 കവിയുന്നു എന്ന് രേഖകൾ സൂചിപ്പിക്കുന്നു. ഇതിൽ 12,300ൽപ്പരം പേർ തെരുവിൽ അന്തിയുറങ്ങുമ്പോൾ 11,950 പേർകാറുകളിലും ട്രെയിനിലും ബസുകളിലും ടെന്റുകളിലുമാണ് രാത്രി ചെലവിടുന്നത്. ഇത് ഭരണകൂടം പുറത്തുവിട്ട കണക്കുകളുടെ ഇരട്ടിയാണെന്നതാണ് വൈരുദ്ധ്യം.

2012 മുതൽ 2017 വരെയുള്ള കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ ഭവനരഹിതരുടെ എണ്ണം 120%വും വെയിൻസിൽ 63%വും വർദ്ധിച്ചെന്നും പ~നം വ്യക്തമാക്കുന്നു. സ്‌കോട്‌ലൻഡിൽ ആറ് ശതമാനം താഴ്ന്നു എന്നതുമാത്രമാണ് ആശ്വാസം. സന്നദ്ധസംഘടനകളും സന്നദ്ധ പ്രവർത്തകരും പൊതുസമൂഹത്തിൽ നേരിട്ടുനടത്തിയ പ~നങ്ങളിലൂടെയാണ് ഭവന രഹിതരുടെ സ്ഥിതി വിവര കണക്കുകൾ ശേഖരിച്ചത്.

അതീവ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ഈ വലിയ വിഭാഗത്തെ മറന്നുകൊണ്ടുള്ള ആഘോഷം യഥാർത്ഥ ക്രിസ്മസ് സന്ദേശത്തിനെതിരാണെന്ന് ഓർമിപ്പിക്കുന്നു, പ്രമുഖ ചാരിറ്റി സംഘടനയായ ‘ഹോംലെസ് ക്രൈസിസ് ചാരിറ്റി ‘ചീഫ്എക്‌സിക്യൂട്ടീവ് ജോൺ സ്പാർക്കർ. ‘വരും ദിനങ്ങളിൽ, അവഗണിക്കപ്പെട്ട ഭവനരഹിതരുടെ വിഷയം പൊതുസമൂഹത്തിലും സർക്കാർ സംവിധാനങ്ങളിലും ശക്തമായി എത്തിക്കാൻ കൂടുതൽ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും മുന്നിട്ടിറങ്ങണം. അപ്രകാരം നമുക്ക് ക്രിസ്മസ് അർത്ഥപൂർണമായി ആഘോഷിക്കാം,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജു നീണ്ടൂർ