യു.കെയിൽ വോട്ടെടുപ്പ് ജൂൺ എട്ടിന്; ‘മാധ്യമതന്ത്രം’ നേരിടാൻ കാംപെയ്ൻ

സ്ഥാനാർത്ഥിയുടെ മനസറിയാൻ പ്രൊ ലൈഫ് സംഘടന

222

ലണ്ടൻ: ജൂൺ എട്ടിന് യു.കെ വീണ്ടും വോട്ടെടുപ്പിലേക്ക് നീങ്ങുമ്പോൾ ലോകം മുഴുവൻ ഉറ്റുനോക്കുന്നത് വിജയ പരാജയങ്ങൾക്കപ്പുറം പുതിയ ഭരണകൂടത്തിനു മുന്നിലുണ്ടാകുന്ന വെല്ലുവിളികളിലേക്കാണ്. ബ്രക്‌സിറ്റ് നടപടി ക്രമങ്ങളുടെ പൂർത്തീകരണം മുതൽ ആരോഗ്യമേഖലയിലെ പ്രതിസന്ധികൾവരെയുള്ള അസംഖ്യം കാര്യങ്ങൾ തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിക്കാട്ടുമ്പോഴും പ്രോ ലൈഫ് വിഷയങ്ങളിൽ തന്ത്രപരമായ മൗനത്തിലാണ് മുഖ്യധാരാ മാധ്യമങ്ങൾ.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്ന ഗർഭച്ഛിദ്ര ബിൽ, അസിസ്റ്റഡ് സൂയിസൈഡ് ബിൽ എന്നീ വിഷയങ്ങളിലുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ നേരിടുന്നതിനൊപ്പം ഇക്കാര്യത്തിൽ സ്ഥാനാർത്ഥിയുടെ നിലപാട് അറിയാനുമുള്ള ക്യാംപെയ്‌ന് തുടക്കം കുറിച്ചു കഴിഞ്ഞു. യു.കെയിലെ പ്രമുഖ പ്രോ ലൈഫ് സംഘടനയായ ‘സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചിൽഡ്രൻസ്’ (എസ്.പി.യു.സി).

പുതിയ നിയമം വലിയ വെല്ലുവിളി

‘അബോർഷൻ ആക്ട് 1967’ലെ നിബന്ധനകൾ എടുത്തുമാറ്റി പ്രസവത്തിനുമുമ്പ് ഏതുസമയത്തും ഏതുസാഹചര്യത്തിലും നിയമസംരക്ഷണത്തോടെ ഗർഭച്ഛിദ്രം അനുവദിക്കണമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. ലേബർ എം.പി ഡയാന ജോൺസൺ മാർച്ച് 13ന് അവതരിപ്പിച്ച ബില്ലിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ 142നെതിരെ 172 എം.പിമാരാണ് അനുകൂല നിലപാടെടുത്തത്. അമ്മയ്‌ക്കോ കുഞ്ഞിനോ അതീവഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാനിടയുണ്ടെങ്കിൽ നിബന്ധനകളോടെ ഗർഭച്ഛിദ്രം അനുവദിക്കുന്നതാണ് ‘അബോർഷൻ ആക്ട് 1967’.

രണ്ട് ഡോക്ടർമാരുടെ സമ്മതപത്രത്തോടെ 24 ആഴ്ചവരെ പ്രായമുള്ള ഗർഭധാരണം ഗർഭച്ഛിദ്രത്തിന് വിധേയമാക്കാൻ അനുവാദമുണ്ട്. ഗർഭിണിയുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലങ്ങൾ പരിഗണിച്ച് പ്രത്യേക സാഹചര്യങ്ങളിൽ ഡോക്ടർമാർക്ക് ഗർഭച്ഛിദ്രം അനുവദിക്കാനുള്ള വകുപ്പും പ്രസ്തുത നിയമത്തിലുണ്ട്. ജനനശേഷം കുഞ്ഞിന് മാനസിക, ശാരീരിക പ്രശ്‌നങ്ങളോ സ്ഥിരമായ അംഗവൈകല്യങ്ങളോ ഉണ്ടാവാനിടയുണ്ടെങ്കിൽ ഗർഭാവസ്ഥയുടെ ഏതു സമയത്തും ഡോക്ടറുടെ അനുവാദത്തോടെ ഗർഭച്ഛിദ്രം നടത്താമെന്ന ഭേദഗതിയും 1990ൽ ബ്രിട്ടീഷ് പാർലമെന്റ് കൂട്ടിച്ചേർത്തു.

താരതമ്യേന കർക്കശമായ നിബന്ധനകളുണ്ടായിരുന്ന 1967ലെ നിയമത്തിലെ വകുപ്പുകളെല്ലാം തള്ളിക്കളയുന്നതാണ് പുതിയ ബില്ല്. ഗർഭാവസ്ഥയുടെ ഏതുസമയത്തും ഗർഭച്ഛിദ്രം നിയമ വിധേയമാക്കുക, രണ്ടു ഡോക്ടർമാരുടെ സമ്മതപത്രം വേണമെന്ന നിബന്ധന എടുത്തു മാറ്റുക, ഡോക്ടർമാരുടെ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ നഴ്‌സുമാർക്കും ഗർഭച്ഛിദ്രം നടത്താനുള്ള നിയമപരിരക്ഷ ഉറപ്പാക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ വലിയ ദുരന്തത്തിലേക്ക് രാജ്യത്തെ തള്ളിവിടും.

1967ലെ ഗർഭച്ഛിദ്ര നിയമപ്രകാരം ദിവസവും 500ൽപ്പരം ഗർഭച്ഛിദ്രം രാജ്യത്ത് നടക്കുമ്പോൾ, ബിൽ നിയമമാക്കിയാലുണ്ടാവുന്ന അപകടം പ്രവചനാതീതമായിരിക്കും അപ്പുറമായിരിക്കും. രണ്ട് വർഷംമുമ്പ് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച് പരാജയപ്പെട്ട ‘അസിസ്റ്റഡ് സൂയിസൈഡ് ബിൽ’ പുതിയ ഭാവത്തിൽ സമീപ ഭാവിയിൽ വീണ്ടും വരാനുള്ള സാധ്യതകളും നിലനിൽക്കുന്നുവെന്ന് റിപ്പോർട്ടുണ്ട്.

സ്ഥാനാർത്ഥിയുടെ മനസറിയാൻ

ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പ്രോ ലൈഫ് നിലപാട് മനസിലാക്കാനും അതിൽപ്രകാരം തിരഞ്ഞെടുപ്പിനെ നേരിടാനും സമൂഹത്തെ ഒരുക്കുക എന്നതാണ് ഓൺലൈൻ കാംപെയിന്റെ ലക്ഷ്യം. എസ്.പി.യു.സി വെബ് സൈറ്റിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മത്സരാർത്ഥികൾക്ക് മുമ്പിൽ അവതരിപ്പിക്കേണ്ട ചോദ്യങ്ങൾ ലഭിക്കും. മത്സരാർത്ഥികളുടെ ഇ മെയിലിലേക്ക് ഇത് അയച്ച്‌കൊടുത്ത് അവരുടെ നിലപാട് മനസിലാക്കാം. ഓരോ പാർലമെന്റ് മണ്ഡലങ്ങളുടെയും വെബ്‌സൈറ്റിൽനിന്ന് മത്സരാർത്ഥികളുടെ ഇ മെയിൽ ലഭിക്കും. യു.കെയിലാകമാനം മത്സരിക്കുന്ന മത്സരാർത്ഥികളുടെ ജീവസംരക്ഷണത്തിലുള്ള നിലപാടിന്റെ ഒരു വിവരശേഖരണം നടത്തുക എന്നതും ഇതിലൂടെ സംഘടന ലക്ഷ്യം വെക്കുന്നു. ശാപമായി മാറിയേക്കാവുന്ന ഈ നിയമനിർമാണശ്രമങ്ങളിൽ പ്രതിഷേധവും ഉത്കണ്~യുമുള്ള വലിയ ജനവിഭാഗമുണ്ടെന്ന വസ്തുത മത്സരാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ബോധ്യപ്പെടുത്തിക്കൊടുക്കാൻ പ്രചരണ പരിപാടി സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഈ വലിയ സംരംഭം വിജയം കൈവരിക്കാൻ ജീവനെ സ്‌നേഹിക്കുന്ന സമൂഹങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് എസ്.പി.യു.സി സംഘടന ഓർമിപ്പിച്ചു. വളരെ ചെറിയ കാര്യമായി തോന്നാമെങ്കിലും ഭാവിയിൽ വലിയ മാറ്റത്തിന് വഴിതെളിച്ചേക്കാവുന്ന ലളിതമായ കാൽവെപ്പായി ഇതുമാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജീവസംരക്ഷണത്തിന്റെ സന്ദേശം വ്യക്തമാക്കുന്ന ലഘുലേഖകൾ ആവശ്യപ്പെടുന്നവർക്ക് ലഭ്യമാക്കുന്നതിലും ബദ്ധശ്രദ്ധരാണ് എസ്.പി.യു.സി. നമ്മുടെ സമൂഹത്തിലും ദൈവാലയങ്ങളിലും മറ്റും ഇത്തരം ലഘുലേഖകൾ വിതരണം ചെയ്ത്, മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവെച്ചിരിക്കുന്ന അതീവഗുരുതര വിഷയങ്ങളിലേക്ക് പൊതുജനശ്രദ്ധ തിരിക്കാൻ മലയാളികളും ജാഗരൂകരാകണം.

ബിജു നീണ്ടൂർ