യൂറോപ്പിൽ സുവിശേഷാഗ്‌നി പടർത്തി ‘ശാലോം മിഷൻ ഫയർ’

348

യു.കെ: ദൈവസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന സ്‌കോട്ടിഷ് മലനിരകളിൽ ജനം ഏറ്റുപാടി^അത്യുന്നത ദൈവംസർവശക്തൻ… അവന്റെനാമം പരിശുദ്ധം… പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിനു പ്രതിഷ്~ിക്കപ്പെട്ട വിശുദ്ധ അന്ത്രയോസിന്റെ നാട്ടിൽ ഇദംപ്രഥമായി സംഘടിപ്പിച്ച ശാലോം മിഷൻ ഫയർ യൂറോപ്പിന്റെ സുവിശേഷീകരണത്തിന് പുതിയ മിഷണറിമാരെ സംഭാവനചെയ്യുമെന്നുതന്നെ പ്രതീക്ഷിക്കാം, പുനഃസുവിശേഷവൽക്കരണത്തിന്റെ കിരണങ്ങൾ വിശ്വാസ പ്രതിസന്ധി നേരിടുന്ന യൂറോപ്പിന്റെ മണ്ണിൽ പുതിയ വിശ്വാസവെളിച്ചം പകരാൻ കാരണമാകട്ടെയെന്ന് പ്രാർത്ഥിക്കാം.

അനുഗൃഹീതം ഇടയ സാന്നിധ്യം

ആടുകളുടെ ചൂടും ചൂരും അറിയുന്നവനാണ് യഥാർത്ഥ ഇടയൻ. ശാലോം മിഷൻ ഫയറിന്റെ തുടക്കംമുതൽ ഒടുക്കംവരെ ആൾക്കൂട്ടത്തിൽ ഒരുവനായിരുന്ന് ഓരോശുശ്രൂഷയിലും സശ്രദ്ധം പങ്കെടുത്ത ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എല്ലാവരിലും അത്ഭുതവും ആദരവും ഉളവാക്കി. ദിവ്യബലിമധ്യേ നടത്തിയ പ്രസംഗത്തിൽ ശാലോമിനെ ആധുനിക ലോകത്തിനു ദൈവം നൽകിയ സമ്മാനമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈശോ യഥാർത്ഥ ദൈവമാണെന്ന് എല്ലാ മനുഷ്യരോടും പറയുക എന്നത് ശാലോമിന്റെ ലക്ഷ്യമാവണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

യു.കെയിലെ ശാലോം ശുശ്രൂഷകളെ ഇവിടുത്തെ സീറോ മലബാർ സഭാധ്യക്ഷനെന്ന നിലയിൽ താൻ വലിയ തുറവിയോടെയാണ് സ്വീകരിക്കുന്നതെന്ന വാക്കുകളും ശ്രദ്ധേയമായി. ആഴമേറിയ ആധ്യാത്മികതയുടെയും അഗാധമായ എളിമയുടെയും ഉടമയായ സ്രാമ്പിക്കലിന്റെ സാന്നിധ്യം ശാലോം മിഷൻ ഫയറിൽ പങ്കെടുത്തവർക്ക് വലിയ ഉണർവും പ്രത്യാശയുമാണ് പകർന്നത്. അദ്ദേഹത്തിന്റെ സെക്രട്ടറി ഫാ. ഫാൻസ്വാ പത്തിലും ചെറുപ്പത്തിന്റെ അഗ്‌നിയും ഊർജവുമായി മിഷൻ ഫയറിൽ ആദ്യാന്തം സന്നിഹിതനായിരുന്നു.

ലോകത്തെ ഒരുക്കണം, അതിവേഗം

കർത്താവിന്റെ പുനരാഗമനത്തിനായി ഈ ലോകത്തെ ഒരുക്കുക എന്നതാണ് ശാലോം ശുശ്രൂഷകളുടെ ആത്യന്തിക ലക്ഷ്യമെന്ന്, സ്‌കോട്ട്‌ലൻഡിന്റെ സ്വർഗീയ മധ്യസ്ഥൻകൂടിയായ വിശുദ്ധ അന്ത്രയോസിനെ അനുസ്മരിച്ച് ആമുഖ പ്രസംഗത്തിൽ ഷെവലിയർ ബെന്നി പുന്നത്തറ പറഞ്ഞു. അനേകം വിശുദ്ധർ ജീവിച്ചു മരിച്ച പുണ്യഭൂമിയാണ് സ്‌കോട്ട്‌ലൻഡ്. ഈ ദേശത്തിന്റെ ഉണർവും അത്മീയ നവീകരണവും സാധ്യമാക്കുക ശാലോം ശുശ്രൂഷകരുടെ ദൗത്യമാണെന്നും ബെന്നിപുന്നത്തറ ഓർമിപ്പിച്ചു.

നാം ആദ്യം ഒരുങ്ങിയാൽ മാത്രമേ മറ്റുള്ളവരെ ഈശോയുടെ വരവിനായി ഒരുക്കാൻ സാധിക്കൂ. ഉല്ലാസത്തിലും ആഘോഷങ്ങളിലും കഴിയുന്ന ഒരു ജനതയ്ക്ക് ക്രിസ്തുവിനെ കാണിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരോടു നാം ചെയ്യുന്നത് വലിയ അപരാധമായിരിക്കും. രണ്ടാം ദിവസത്തെ പ്രഭാഷണത്തിൽ, അത്മവിശുദ്ധീകരണത്തിന്റെ ആവശ്യകതയെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ‘ശുശ്രൂഷാമേഖലയിലെ ചില തടസങ്ങൾക്കു കാരണം നമ്മുടെ വിശുദ്ധിയുടെ കുറവാണ്. ദൈവം വിളിച്ചവർ ലോകത്തിലെ എല്ലാ സൗഭാഗ്യങ്ങളും ആസ്വദിക്കാൻ പാടില്ല. ആത്മീയ പോരാട്ടം നടത്തുന്നവർ ഇപ്പോഴും ജാഗ്രത ഉള്ളവരായിരിക്കണം. യൂറോപ്പിലെ സഭയ്ക്ക് പുത്തൻ ഉണർവു ലഭിക്കാൻ നാം കൂടുതൽ എളിമയും വിശുദ്ധിയും ഉള്ളവരാകണം,’ അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വസ്തതരാവണം എല്ലായ്‌പ്പോഴും

‘സ്വകാര്യ ജീവിതത്തിൽ ദൈവത്തോട് വിശ്വസ്തത പുലർത്തുന്നവരെയാണ് ദൈവം മാനിക്കുന്നത്. പലപ്പോഴും അവരുടെ ഭൗതിക ജീവിതം സുഖ സമ്പുഷ്ടമായിരിക്കണമെന്നില്ല. എന്നാലും ദൈവം അവർക്കായി നീതിയുടെ കിരീടം ഒരുക്കിവെച്ചിരിക്കുന്നു,’ ദൈവരാജ്യത്തിനുവേണ്ടി ത്യാഗങ്ങൾ സഹിക്കുന്ന നിരവധിപ്പേർക്ക് പ്രതീക്ഷയുടെ വചനങ്ങളായി ശാലോം ശുശ്രൂഷകളുടെ ആത്മീയപിതാവ് റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ പറഞ്ഞ ഈ വാക്കുകൾ.

ലോകത്തിനുവേണ്ടി ദൈവസന്നിധിയിൽ നിലവിളിക്കുന്നവരെയാണ് ഈ കാലഘട്ടത്തിൽ സഭയ്ക്കാവശ്യം. വിലകൊടുക്കാത്ത സ്‌നേഹമൊന്നും സ്‌നേഹമല്ല, ഇതുവരെ നാം ഈശോക്കുവേണ്ടി എന്തെങ്കിലും നഷ്ടപ്പെടുത്തിയിട്ടില്ലെങ്കിൽ നാം ഈശോയെ സ്‌നേഹിച്ചിട്ടില്ല എന്ന അദ്ദേഹത്തിന്റെ ഉദ്‌ബോധനം പലർക്കും വലിയൊരു തിരിച്ചറിവിന്റെ വചനങ്ങളായി. ആത്മീയ യുദ്ധത്തിൽ പിശാചിനെ പരാജയപ്പെടുത്താനുള്ള മാർഗങ്ങൾ വചനങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും വ്യക്തമാക്കിയതും ശ്രദ്ധേയമായി.

ദൈവസ്‌നേഹത്തെപ്രതി ശുശ്രൂഷ ചെയ്യണം

ദൈവത്തോടുള്ള സ്‌നേഹത്തെപ്രതി തങ്ങളുടെ സ്വകാര്യ സ്വപ്‌നങ്ങൾ ബലി കഴിച്ചവരുടെ കൂട്ടായ്മയാണ് ശാലോം പീസ് ഫെല്ലോഷിപ്പെന്ന് ശാലോം മീഡിയ യു.എസ്.എയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സാന്റോ തോമസ് വ്യക്തമാക്കി. ശാലോമിന്റെ ദർശനങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ‘ശാലോം വേൾഡ് ടി.വി’ ശുശ്രൂഷയെ ദൈവം അത്ഭുതകരമായി വഴിനടത്തുന്നതിനുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ശാലോമിനെ കുറിച്ചുള്ള ദൈവഹിതം ഓർമിപ്പിച്ചപ്പോൾ കൈയടിയോടെയാണ് കേൾവിക്കാർ അത്‌സ്വീകരിച്ചത്.

പ്രാർത്ഥനയും തങ്ങളുടെ തുച്ഛമായ വരുമാനത്തിന്റെ ഒരു വിഹിതവും നൽകി ശാലോം ശുശ്രൂഷകളെ പിന്തുണയ്ക്കുന്ന ആയിരക്കണക്കിനു ശാലോം പീസ് ഫെല്ലോഷിപ്പ് അംഗങ്ങളെക്കുറിച്ചു കേട്ടപ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞു. ആഗോള സഭ കേരള കത്തോലിക്കാസഭയെ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ കാലഘട്ടത്തിൽ ശാലോമിന് ലോക സുവിശേഷവൽക്കരണത്തിൽ വലിയൊരു പങ്കുവഹിക്കാനുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകൾ വലിയ ആവേശമാണ് പങ്കെടുത്തവരിൽ സൃഷ്ടിച്ചത്.

ആത്മാവിൽ അഗ്‌നിയുമായി സമൂഹത്തിലേക്ക്

ഭൗതികതയുടെ നടുവിൽ വിശ്വാസ ജീവിതംനേരിടുന്ന പ്രതിസന്ധികളെഎങ്ങനെ അതിജീവിക്കാം? യൂറോപ്പ്യൻ രാജ്യങ്ങളിൽ എങ്ങനെ ക്രിസ്തുവിന്റെ സുവിശേഷ വാഹകരാകാം? അനുദിന ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ എങ്ങനെയൊക്കെ ഉപയോഗിക്കാം? നിത്യജീവിതത്തിനുവേണ്ടി എങ്ങനെ ഒരുങ്ങാം? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന അപൂർവ ധ്യാനാനുഭവമായിരുന്നു ‘ശാലോം മിഷൻ ഫയർ’ എന്ന് നിരവധിപ്പേർ സാക്ഷ്യപ്പെടുത്തി. പ്രവാസജീവിതത്തിന്റെ സങ്കീർണതകൾക്കിടയിൽ തളർന്നുപോകുന്നവർക്കും ആവർത്തനവിരസമായ ദിനചര്യകളിൽ മനം മടുത്തവർക്കും ആത്മീയ സംഘർഷങ്ങളിൽ കഴിയുന്നവർക്കും പുതിയ ഉൾക്കാഴ്ചകളും ബോധ്യങ്ങളും നേടാൻ ഈ ധ്യാനം തീർച്ചയായും ഉപകരിക്കും എന്നതിൽ സംശയമില്ല.

ഒരു സംസ്‌കാരത്തെ എങ്ങനെ സുവിശേഷവൽക്കരിക്കാം എന്ന സ്വപ്‌നം പങ്കുവെക്കപ്പെട്ടപ്പോൾ അത്മാക്കൾക്കുവേണ്ടിയുള്ള യേശുവിന്റെ ദാഹത്തെ ഹൃദയത്തിലേറ്റി സുവിശേഷത്തിന്റെ അഗ്‌നി യൂറോപ്പിൽ പടർത്താൻ അനേകർ തയാറാവുന്ന കാഴ്ചയും ശാലോം മിഷൻ ഫയറിൽ കാണാൻ കഴിഞ്ഞു. നിരവധി പ്രതിസന്ധികൾക്കു നടുവിലും തളരാതെ നടത്തിയ അക്ഷീണ പരിശ്രമത്തിന്റെയും പ്രാർത്ഥനയുടെയും ഫലംകൂടിയായിരുന്നു ശാലോം മിഷൻ ഫയർ 2017ന്റെ വിജയം.

മനോജ് മാത്യു