യേശുവാണ് പുതിയനിയമത്തിലെ ഏക മുഖ്യപുരോഹിൻ: ഫ്രാൻസിസ് പാപ്പ

0
130

വത്തിക്കാൻ: കർത്താവായ യേശുവാണ് പുതിയനിയമത്തിലെ ഏക മുഖ്യപുരോഹിതനെന്നും യേശുവിലൂടെ ദൈവജനം മുഴുവനും പുരോഹിതജനമായി മാറിയിരിക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പ. ഉയിർപ്പുകാലം നാലാം ഞായറാഴ്ചയിലെ, നല്ലിടയന്റെ തിരുനാളിൽ ഇന്ത്യയിൽ നിന്നുള്ള മൂന്നുപേർക്കുൾപ്പടെ 16 ഡീക്കന്മാർക്ക് തിരുപ്പട്ടം നൽകുകയായിരുന്നു പാപ്പ.

“നമ്മുടെ ഈ മക്കൾ, പൗരോഹിത്യത്തിലേയ്ക്കു വിളിക്കപ്പെട്ടിരിക്കുകയാണ്. പിതാവിനാൽ ക്രിസ്തു അയക്കപ്പെട്ടത് കൊണ്ടുതന്നെ ക്രിസ്തുവും അവിടുത്തെ അപ്പസ്‌തോലന്മാരെയും മെത്രാന്മാരെയും പിൻഗാമികളായി ലോകത്തിലേയ്ക്കയക്കുന്നു. പക്വമായ വിചിന്തനത്തിനും പ്രാർഥനയ്ക്കും ശേഷം, നമ്മുടെ ഈ സഹോദരരെ പൗരോഹിത്യത്തി ലേയ്ക്കുയർത്തുകയാണിപ്പോൾ. പൗരോഹിത്യത്തിലേയ്ക്ക് ഉയർത്തപ്പെടുന്നവർ ക്രിസ്തുവാകുന്ന ഏകനാഥൻറെ ദൗത്യത്തിൽ പങ്കുകാരാണ്. ദൈവവചനം പങ്കുവയ്ക്കുന്നവരാകുവിൻ. വിശ്വാസസത്യങ്ങളാൽ നിങ്ങൾ ദൈവജനത്തെ പരിപോഷിപ്പിക്കുമ്പോൾ, അതു ലളിതമായ ഭാഷയിലായിരിക്കട്ടെ, കർത്താവു സംസാരിച്ചപോലെ അതു ജനങ്ങളുടെ ഹൃദയത്തിലേയ്ക്കു പ്രവേശിക്കുന്നതായിരിക്കട്ടെ. നിങ്ങളുടെ സന്തോഷം, വിശ്വാസികളുടെ സന്തോഷവും അവരെ ശുശ്രൂഷിക്കുന്നതുമായിരിക്കട്ടെ. അതുകൊണ്ട് ചെയ്യുന്നതെന്താണെന്ന തിരിച്ചറിവോടുകൂടിയതായിരിക്കട്ടെ നിങ്ങളുടെ പ്രവർത്തനങ്ങൾ. കർത്താവിൻറെ മരണവും ഉത്ഥാനവുമാകുന്ന രഹസ്യങ്ങളുടെ അനുഷ്ഠാനം നിങ്ങൾ ജീവിതത്തിൽ അനുകരിക്കുന്നവരാകുവിൻ”; പാപ്പ പറഞ്ഞു.

“മാമ്മോദീസായിലൂടെ നിങ്ങൾ ദൈവജനത്തോടു പുതിയ വിശ്വാസികളെ ഒന്നിച്ചുചേർക്കുന്നു. അനുരഞ്ജനകൂദാശയിലൂടെ നിങ്ങൾ ക്രിസ്തുവിൻറെയും സഭയുടെയും നാമത്തിൽ പാപങ്ങൾ ക്ഷമിക്കുന്നു. വിശുദ്ധ തൈലത്താൽ നിങ്ങൾ രോഗികൾക്ക് ആശ്വാസമേകുന്നു. അനുദിനം വിവിധ മണിക്കൂറുകളിലെ വിശുദ്ധ കൂദാശാ പരികർമത്തിലൂടെയും, സ്തുതികളിലൂടെയും പ്രാർഥനകളിലൂടെയും നിങ്ങൾ ദൈവജനത്തിൻറെയും മാനവകുലം മുഴുവൻറെയും സ്വരമായിത്തീരുകയാണ്. വിശ്വസ്തതയോടെ, നിഷ്‌ക്കളങ്കമായ ആനന്ദത്തോടെ ക്രിസ്തുവിൻറെ പുരോഹിതജോലി നിർവഹിക്കുക. നിങ്ങളെത്തന്നെയോ, മനുഷ്യരേയോ പ്രസാദിപ്പിക്കാത്ത, മറ്റു താല്പര്യങ്ങളേതുമില്ലാത്ത, ദൈവത്തെ പ്രസാദിപ്പിക്കുന്നതിൽ മാത്രം ലക്ഷ്യം വയ്ക്കുന്ന പുരോഹിതരായിരിക്കട്ടെ നിങ്ങൾ. സുരക്ഷിതത്വം തേടാതെ, നഷ്ടപ്പെട്ടതിനെ തേടുകയും രക്ഷിക്കുകയും ചെയ്യുന്നതിനായി പുറത്തേയ്ക്ക് ഇറങ്ങുന്നവരായിരിക്കുവിൻ”; പാപ്പ പറഞ്ഞു.