യേശുവിന്റെ ശക്തി ഇനിയും തിരിച്ചറിയാനുണ്ട്

376

സ്‌നാപകയോഹന്നാനിൽനിന്ന് സ്‌നാനം സ്വീകരിച്ച യേശുവിനെ പിശാച് മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പരീക്ഷിച്ചു. പരീക്ഷകളെയെല്ലാം അതിജീവിച്ച യേശു ആത്മാവിന്റെ ശക്തിയോടുകൂടി ഗലീലിയിലേക്ക് മടങ്ങിപ്പോയി. തുടർന്ന് യേശു സുവിശേഷം പ്രസംഗിക്കാനും അത്ഭുതങ്ങൾ ചെയ്യാനും തുടങ്ങി. അതോടെ യേശുവിന്റെ കീർത്തി സമീപ പ്രദേശങ്ങളിലെല്ലാം വ്യാപിച്ചു. അങ്ങനെയിരിക്കെ യേശു ഒരിക്കൽ താൻ വളർന്ന സ്ഥലമായ നസറത്തിൽ വന്നു.

പതിവുപോലെ ഒരു സാബത്തുദിവസം ദേവാലയത്തിൽ പോയി. പഴയനിയമവായന, അതിനെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം, പ്രാർത്ഥന എന്നിവയൊക്കെയാണ് സിനഗോഗിൽ നടക്കുക. യേശുവാണ് അന്ന് പഴയനിയമം വായിച്ച് പ്രസംഗിച്ചത്. ഏശയ്യാ പ്രവാചകന്റെ പുസ്തകമാണ് അന്നത്തെ വായനയ്ക്കായി യേശുവിന് നൽകിയത്. പുസ്തകം തുറന്ന യേശുവിന് കിട്ടിയത് 61-ാം അധ്യായം ഒന്നുമുതലുള്ള വചനങ്ങളാണ്. അത് ഇപ്രകാരമാണ്: ദൈവമായ കർത്താവിന്റെ ആത്മാവ് എന്റെമേലുണ്ട്. പീഡിതരെ സദ്വാർത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.

ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കാനും തടവുകാർക്ക് മോചനവും ബന്ധിതർക്ക് സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കർത്താവിന്റെ കൃപാവത്സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവർക്ക് സമാശ്വാസം നൽകാനും എന്നെ അയച്ചിരിക്കുന്നു. സീയോനിൽ വിലപിക്കുന്നവർ കർത്താവ് നട്ടുപിടിപ്പിച്ച നീതിയുടെ ഓക്കുമരങ്ങൾ എന്ന് വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീർത്തിക്കപ്പെടാനും വേണ്ടി അവർക്ക് വെണ്ണീറിനു പകരം പുഷ്പമാല്യവും വിലാപത്തിനു പകരം ആനന്ദത്തിന്റെ തൈലവും തളർന്ന മനസിനു പകരം സ്തുതിയുടെ മേലങ്കിയും നൽകാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു (ഏശയ്യ 61:1-3).

വായനക്കാരെയും വായിച്ചു കേൾക്കുന്നവരെയും എവിടെയൊക്കെയോ സ്പർശിക്കുന്ന വചനങ്ങളാണ് ഏശയ്യാ പ്രവാചകൻ വഴി ദൈവം എഴുതിപ്പിച്ചത്. ഈ വചനങ്ങൾ പക്ഷേ, ആരെ ഉദ്ദേശിച്ചാണ്? പീഡിതരെ സദ്വാർത്ത അറിയിക്കുന്നവൻ ആരാണ്? ആരാണ് ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കാൻ കഴിവുള്ളവൻ? തടവുകാരെ മോചിപ്പിക്കാൻ ശക്തിയുള്ള ഈ വ്യക്തി ആരാണ്? ബന്ധിതരെ സ്വതന്ത്രരാക്കാൻ കഴിവുണ്ട് എന്ന് പറയപ്പെടുന്ന ഈ വ്യക്തി ആരാണ്? എവിടെയുണ്ട്? വിലപിക്കുന്നവരെ സമാശ്വസിപ്പിക്കുന്ന ഈ ആൾ എവിടെയാണ്? ആർക്കും ഉത്തരം അറിയില്ലായിരുന്നു.

എന്നാൽ, ഇങ്ങനെയുള്ള ഒരാളുടെ സാന്നിധ്യവും സഹായവും എല്ലാവർക്കും വേണംതാനും. കാരണം, ഓരോ വ്യക്തിയും ഏതെങ്കിലും ഒരു കാര്യത്തിലെങ്കിലും ബന്ധനത്തിലാണ്. അത് രോഗങ്ങളുടെ തടവറയാകാം. ആന്തരിക മുറിവുകളുടെ തടവറയാകാം. പാപത്തിന്റെ ബന്ധനമാകാം. നിരാശയുടെ തടവറയാകാം. നിസഹായതയുടെ, ഏകാന്തതയുടെ, അവഗണനയുടെ, കുറ്റബോധത്തിന്റെ, പരാജയബോധത്തിന്റെ, അപകർഷതാബോധത്തിന്റെ, ആത്മഹത്യാ പ്രവണതയുടെ, വാശിയുടെ, പകയുടെ, പ്രതികാരചിന്തയുടെ, കൊലപാതകം നടത്തണം എന്ന ചിന്തയുടെ, ധനാസക്തിയുടെ, അഹന്തയുടെ തടവറയാകാം. ഇത്തരം തടവറയിൽ കിടക്കുന്നവർ പലവിധത്തിലാണ് പ്രതികരിക്കുന്നത്.

ചിലർ മോചനം ആഗ്രഹിക്കുന്നു. പക്ഷേ, അതിനായി ഒന്നും ചെയ്യില്ല. മറ്റൊരു കൂട്ടർ മോചനം ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നെങ്കിലും മോചനം അവർക്ക് കിട്ടുന്നില്ല. മൂന്നാമതൊരു കൂട്ടർ ഇത്തരം തടവറ അനുഭവങ്ങളോട് പൊരുത്തപ്പെട്ട് മോചനം വേണമെന്ന ആഗ്രഹംപോലും ഇല്ലാതെ ജീവിക്കുന്നു. ഇനിയും വേറൊരു കൂട്ടരുണ്ട്. തടവറയിലാണെന്നോ മോചനം ഉണ്ടെന്നോ ഇതിനെക്കാൾ മെച്ചമായ ജീവിതം ഉണ്ടെന്നോപോലും അവർക്ക് അറിയില്ല. ഇങ്ങനെ വ്യത്യസ്തരായ ആത്മീയ-മാനസിക-ശാരീരിക അവസ്ഥയിൽ ഉള്ളവരാണ് സിനഗോഗിൽ സമ്മേളിച്ചിരുന്നത്. വായന പൂർത്തിയാക്കി യേശു ആ ജനത്തോട് പറഞ്ഞു: ഈ വചനങ്ങളിൽ പറഞ്ഞിരിക്കുന്ന ഒരാൾ ഉണ്ടല്ലോ. ബന്ധനങ്ങൾ അഴിക്കുന്ന, മുറിവുകൾ വച്ചുകെട്ടുന്ന, രോഗങ്ങൾ സുഖപ്പെടുത്തുന്ന, സങ്കടങ്ങൾ മാറ്റി സന്തോഷം നൽകുന്ന വ്യക്തി.

ഞാൻതന്നെയാണ് ആ വ്യക്തി. ആ വ്യക്തി ഞാൻ തന്നെയാണെന്ന് യേശു പറഞ്ഞപ്പോൾ കേൾവിക്കാർ പലവിധത്തിൽ പ്രതികരിച്ചു. എല്ലാവരും യേശുവിനെ പ്രശംസിച്ചു. എല്ലാവരും യേശുവിനെ ഓർത്ത് അത്ഭുതപ്പെട്ടു. എന്നാൽ, യേശു തുടർന്നു പറഞ്ഞ ഏതാനും വചനങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ അവരെല്ലാം കോപാകുലരായി. മലയുടെ മുകളിൽനിന്ന് താഴ്‌വാരത്തേക്ക് തള്ളിയിട്ട് കൊല്ലുവാനായി അവർ യേശുവിനെ മലമുകളിലേക്ക് കൊണ്ടുപോയി. എന്നാൽ, അവർക്ക് അങ്ങനെ യേശുവിനെ കൊല്ലുവാൻ കഴിഞ്ഞില്ല.

ആ വ്യക്തി ഞാൻ തന്നെയാണെന്ന യേശുവിന്റെ അവകാശവചനങ്ങൾ കേട്ട് യേശുവിനെ പ്രശംസിക്കുകയും അത്ഭുതപ്പെടുകയും ചെയ്ത ജനങ്ങൾ ആ പ്രശംസയും അത്ഭുതവും നിലനിർത്തിയിരുന്നെങ്കിൽ യേശു അവകാശപ്പെട്ട കാര്യങ്ങൾ യേശുവഴി അവരുടെ ജീവിതത്തിൽ സംഭവിക്കുമായിരുന്നു. യേശു അവരുടെ ബന്ധനങ്ങൾ അഴിക്കുമായിരുന്നു. ദുഃഖിതരെ ആശ്വസിപ്പിക്കുമായിരുന്നു. രോഗികളെ സുഖപ്പെടുത്തുമായിരുന്നു. പാപികളെ സൗഖ്യത്തിലേക്കും പാപമോചനത്തിലേക്കും കൊണ്ടുവരുമായിരുന്നു. പക്ഷേ, പെട്ടെന്ന് കോപാകുലരായി യേശുവിന് എതിരാവുകയും യേശുവിനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഇതൊന്നും അവർക്ക് നേടാനായില്ല. എന്നാൽ, കോപം തണുത്ത്, യേശുവിന്റെ ശക്തി മനസിലാക്കി പിന്നീട് മോചനത്തിനായി ധാരാളംപേർ തനിച്ചും കൂട്ടമായും യേശുവിന്റെ അടുത്ത് ചെന്നിട്ടുണ്ട്. അവർക്കെല്ലാം യേശു ആന്തരികമുറിവുകളിൽനിന്നും രോഗങ്ങളിൽനിന്നും പാപത്തിൽനിന്നുമെല്ലാം മോചനം നൽകിയിട്ടുമുണ്ട്. യേശുവിന്റെ ശക്തി മനസിലാക്കിയവരാണ് മോചനത്തിനുവേണ്ടി യേശുവിനെ സമീപിച്ചത്; സൗഖ്യം നേടിയത്. സൗഖ്യം ആവശ്യമായിരുന്ന മറ്റുള്ളവർക്ക് യേശുവിലൂടെ വിമോചനം കിട്ടിയില്ല.

നമ്മളിൽ എല്ലാവരുംതന്നെ ഓരോരോ കാര്യത്തിൽ സൗഖ്യവും വിടുതലും ആവശ്യമുള്ളവരല്ലേ? നമ്മളിൽ കുറെപ്പേർ യേശുവിനെ സമീപിച്ച് അവ നേടുന്നുമുണ്ട്. എന്നാൽ, ധാരാളം പേർ അതിന് തയാറല്ല. തടവറയിൽ ആയിരിക്കാനും അവർ ഇഷ്ടപ്പെടുന്നു.നമ്മെ സ്വതന്ത്രരാക്കാനുള്ള ശക്തിയും അഭിഷേകവും യേശുവിനുണ്ടെന്ന് തിരിച്ചറിയാം. ആ ശക്തി പരമാവധി ഉപയോഗപ്പെടുത്താം. ഇതിനേക്കാൾ മെച്ചപ്പെട്ട ജീവിതം നമുക്ക് നയിക്കാം.

ഫാ.ജോസഫ് വയലിൽ സി.എം.ഐ