യേശുസന്ദേശം ജീവിതത്തിലൂടെ  പകരണം: ബിഷപ്പ് നവാരസ്

ഫീനിക്‌സിന് നവ്യാനുഭവം പകർന്ന് മിഷൻ ഫയർ

228
ഫീനിക്‌സ്: പ്രഥമ മിഷണറിയായ ക്രിസ്തുവിനെ പിൻതുടരുന്നവരെല്ലാം യേശുസന്ദേശം ജീവിതത്തിലൂടെ സമൂഹത്തിനു പകർന്നുനൽകാൻ നിയോഗിക്കപ്പെട്ടവരാണെന്ന് ഫീനിക്‌സ് രൂപതാ സഹായമെത്രാൻ എഡ്വേർഡ് നവാരസ്. ആത്മാവിൽ നിറഞ്ഞ് അഭിഷേകം ചെയ്യപ്പെടുമ്പോഴാണ് ക്രൈസ്തവവിശ്വാസം പൂർണമാകുന്നതെന്നും ബിഷപ്പ് പറഞ്ഞു. ഫീനിക്‌സിൽ സംഘടിപ്പിച്ച ശാലോം മിഷൻ ഫയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവിക ദൗത്യം നിറവേറ്റാൻ പ്രത്യേകം നിയോഗിക്കപ്പെട്ടവരാണ് മിഷനറിമാർ. പിതാവായ അബ്രഹാം മുതൽ പ്രവാചകന്മാരും പുതിയ നിയമത്തിൽ വിശുദ്ധ യൗസേപ്പും മേരിയുമെല്ലാം രക്ഷാകര ദൗത്യം നിറവേറ്റാൻ ദൈവത്താൽ നിയോഗിക്കപ്പെട്ടവരാണ്. സ്വർഗാരോഹണസമയത്ത് ക്രിസ്തു ശിഷ്യരോട് ആവശ്യപ്പെട്ടതും സുവിശേഷം ലോകത്തെങ്ങും അറിയിക്കുക എന്ന
താണ്. നമ്മെയും ദൈവം ചുമതലപ്പെടുത്തിയ ആ ദൗത്യം വിശ്വസ്തതാപൂർവം നിർവഹിക്കാൻ ജാഗരൂകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസ തീക്ഷണതയിൽ കത്തിപ്പടർന്ന് ‘മിഷൻ ഫയർ’ അഭിഷേക മഴയായി പെയ്തിറങ്ങിയപ്പോൾ അതൊരു പുത്തൻ ആത്മീയാനുഭവമായി ഫീനിക്‌സ് നിവാസികൾക്ക്. ശാലോം പീസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ അരിസോണയിലെ വിവിധ അപ്പസ്‌തോലിക സഭകളുടെ സഹകരണത്തോടെയാണ് ശാലോം മിഷൻ ഫയർ ഫീനിക്‌സിൽ സംഘടിപ്പിച്ചത്. വെളിപാടിന്റെ പുസ്തകത്തിലെ ‘ഇതാ ഞാൻ വേഗം വരുന്നു’ എന്ന തിരുവചനമാണ് ഇത്തവണത്തെ ധ്യാന വിഷയം.
പ്രശസ്ത വചനപ്രഘോഷകരായ റവ. ഡോ. റോയ് പാലാട്ടി സി.എം. ഐ, ഫാ. പൗലോസ് പാറേക്കര, ഫാ. ജിൽറ്റോ സി.എം.ഐ എന്നിവർ ധ്യാനം നയിച്ചു. ദിവ്യകാരുണ്യാരാധന, ദിവ്യബലിയർപ്പണം എന്നിവ ധ്യാനപരിപാടികൾ കൂടുതൽ അനുഗ്രഹദായകമാക്കി. മുതിർന്നവർക്കും യുവജനങ്ങൾക്കും കുട്ടികൾക്കും വെവ്വേറെയായിരുന്നു ശുശ്രൂഷകൾ.  സെഹിയോൻ യൂത്ത് മിനിസ്ട്രി ടീമിലെ ഐനീഷ ഫിലിപ്പ് യുവജന ധ്യാനത്തിനു നേതൃത്വം നൽകി.
മാത്യു ജോസ്