രണ്ടാം ശനിയാഴ്ച കൺവെൻഷൻ: ഇനി റവ. ഡോ. അരങ്ങാശേരിയും

408
ലണ്ടൻ: ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ സെഹിയോൻ യൂറോപ്പ് എല്ലാം രണ്ടാം ശനിയാഴ്ചയും ഒരുക്കുന്ന കൺവെൻഷന്റെ വചനവേദിയിലേക്ക് ഷ്രൂസ്ബറി രൂപതാ സീറോ മലബാർ ചാപ്ലൈൻ റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയും എത്തുന്നു. ഇന്ത്യയുടെ നാനാഭാഗങ്ങളിലും ജർമനി, ഇറ്റലി, അമേരിക്ക, അൽബേനിയ, ഓസ്‌ട്രേലിയ എന്നിടങ്ങളിലും സ്തുത്യർഹ സേവനം അനുഷ്~ിച്ചശേഷം ഇപ്പോൾ യു.കെയിൽ ശുശ്രൂഷ ചെയ്യുന്ന അദ്ദേഹം ഇപ്പോൾ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ലിറ്റർജി കമ്മീഷൻ ചെയർമാനുമാണ്.
വിശുദ്ധ കുർബാനയുടെ ആഴങ്ങളിലേക്ക് നയിക്കുന്ന പരിശുദ്ധാത്മ പ്രഭാഷണമായിരിക്കും ബൈബിൾ പണ്ഡിതനും വാഗ്മിയുമായ അദ്ദേഹത്തിന്റെ സെഷനുകൾ. കൂടാതെ വിടുതൽ ശുശ്രൂഷകളിലൂടെ പ്രസിദ്ധിയാർജിച്ച ഫാ. ആൻജലാസ് ഹാളിന്റെ സാന്നിധ്യവും കൺവെൻഷന്റെ മറ്റൊരു സവിശേഷതയാകും. ഫ്രാൻസിസ്‌കൻ സഭയുടെ ഭാഗമായ ‘കോററ്റ് ല്യൂമൻ ക്രിസ്റ്റി കമ്യൂണിറ്റി’യിൽ പ്രവർത്തിക്കുകയാണ് ഇപ്പോൾ അദ്ദേഹം.
ഇംഗ്ലീഷിലും മലയാളത്തിലും രണ്ടു സെക്ഷനിലായി നടത്തുന്ന കൺവെൻഷനിൽ ദേശഭാഷ വ്യത്യാസമില്ലാതെ യു.കെയുടെ നാനാഭാഗങ്ങളിൽനിന്നായി അനേകർ എത്തുന്നുണ്ട്. കുട്ടികൾക്കും യുവജനങ്ങൾക്കുമായി വെവ്വേറ സെക്ഷനുകളും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ആത്മീയ വളർച്ച ലക്ഷ്യംവെച്ച് പ്രസിദ്ധീകരിക്കുന്ന ‘കിംഡം റവലേറ്റർ’ മാഗസിൻ സൗജന്യമായാണ് എല്ലാ മാസവും ലഭ്യമാക്കുന്നത്.
കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യമുണ്ട്. വിവിധ ഭാഷക്കാർക്ക് കുമ്പസാരം നടത്താനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 8.00 മുതൽ വൈകിട്ട് 4.00വരെയാണ് കൺവെൻഷൻ. ദൈവം നയിച്ചുകൊണ്ടിരിക്കുന്ന ഈ ശുശ്രൂഷയെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ദൈവം അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു. എന്നതിന്റെ അടയാളമാണ് ഇവിടെനിന്ന് ഉണ്ടാകുന്ന സാക്ഷ്യങ്ങൾ.
മറിയമ്മ ജോഷി