റിലീജിയസ് ഫ്രീഡം: ആരോപണ മുനയിൽ പാശ്ചാത്യ രാജ്യങ്ങൾ

പാശ്ചാത്യ രാജ്യങ്ങളുടെ പ്രതികരണം വാക്കുകളിൽ മാത്രം

0
1140

ന്യൂയോർക്ക്: ലോകമെമ്പാടുമായി 32.7 കോടി ക്രൈസ്തവർ മതപീഡനത്തിന് ഇരയാകുന്നുവെന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചർച്ച് ഇൻ നീഡി’ന്റെ റിപ്പോർട്ട് പാശ്ചാത്യ ഭരണകൂടങ്ങൾക്കുമേൽ സമ്മർദം ശക്തമാക്കുമോ? ന്യൂനപക്ഷ വിരുദ്ധപീഡനങ്ങളിൽ വാക്കുകൾക്കപ്പുറം പ്രതികരിക്കാൻ പാശ്ചാത്യഭരണകൂടങ്ങൾക്ക് കഴിയുന്നില്ലെന്ന റിപ്പോർട്ടിലെ പരാമർശം ഇതിനകംതന്നെ ചർച്ചയായിട്ടുണ്ട്.

ഭവനരഹിതരായവർക്കും സ്വന്തം ദേശത്തേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്കും ആവശ്യ സഹായങ്ങൾ ലഭ്യമാക്കുന്നതിൽപോലും പാശ്ചാത്യ ഭരണകൂടങ്ങളിൽ ഭൂരിഭാഗവും പരാജയപ്പെട്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. 196 രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചശേഷമാണ് ‘റിലീജിയസ് ഫ്രീഡം ഇൻ ദി വേൾഡ് 2018 റിപ്പോർട്ട്’ നിഗമനത്തിൽ എത്തിച്ചേർന്നത്.

ആഗോളതലത്തിൽ മതസ്വാതന്ത്ര്യം കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്നും, രണ്ടു വർഷം കൂടുമ്പോൾ പുറപ്പെടുവിക്കുന്ന ‘റിലീജിയസ് ഫ്രീഡം ഇൻ ദി വേൾഡ്’ റിപ്പോർട്ട് വ്യക്തമാക്കുന്നു. മതസ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങൾ തടസപ്പെടുകയോ, നിഷേധിക്കപ്പെടുകയോ ഇല്ലായ്മചെയ്യപ്പെടുകയോ ചെയ്ത രാഷ്ട്രങ്ങളിലാണ് ലോക ജനസംഖ്യയുടെ 61%വും താമസിക്കുന്നത്. 32.7 കോടി ക്രൈസ്തവർ മതപീഡനം നേരിട്ടാണ് ജീവിക്കുന്നത്. 17.8 കോടി ക്രൈസ്തവർ യേശുവിലുള്ള വിശ്വാസംമൂലം ഏതെങ്കിലും വിധത്തിലുള്ള വിഭാഗീയതകൾക്ക് ഇരയാകുന്നുണ്ട്.

കഴിഞ്ഞ 25 മാസത്തെ കണക്കുകൾ പരിശോധിച്ചാൽ, എടുത്തുപറയത്തക്കവിധം മതപീഡനം നടക്കുന്ന 38 രാജ്യങ്ങളിൽ 18 രാജ്യങ്ങളിലെ സ്ഥിതി കൂടുതൽ വഷളായെന്നും റിപ്പോർട്ട് പറയുന്നു. 19 വർഷക്കാല ചരിത്രത്തിൽ ഇതാദ്യമായി റഷ്യ, കിർഗിസ്ഥാൻ എന്നിവ ‘വിഭാഗീയത’യുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഭരണകൂടങ്ങളും സംഘടനകളും പുലർത്തുന്ന ആക്രമണോത്സുക ദേശീയതയാണ് ഇന്ത്യ, ചൈന, പാക്കിസ്ഥാൻ, മ്യാന്മർ എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം വർദ്ധിക്കാനുള്ള പ്രധാന കാരണം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മതപരമായ പ്രചാരണങ്ങൾ പ്രശ്‌നത്തിന്റെ ആക്കം കൂട്ടി.

2016- 18 കാലഘട്ടത്തിൽ ഇസ്ലാമികതീവ്രവാദത്തിന്റെ കാര്യത്തിൽ ഐസിസിന്റെയും അനുകൂല സംഘടനകളുടെയുംമേൽ മാധ്യമങ്ങൾ ശ്രദ്ധ പതിപ്പിച്ചു. എന്നാൽ, അക്കാലഘട്ടത്തിൽആഫ്രിക്ക, മധ്യപൂർവേഷ്യ, ഏഷ്യ എന്നിവിടങ്ങളിൽ വർദ്ധിച്ചുകൊണ്ടിരുന്ന ഇസ്ലാമിക തീവ്രവാദങ്ങൾ അവഗണിക്കപ്പെട്ടു. ഇസ്ലാമിലെ തന്നെ വിഭാഗീയതയാണ് ഇസ്ലാമിക തീവ്രവാദം വർദ്ധിക്കാനുള്ള പ്രധാനകാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.