റെക്കോർഡ് സൃഷ്ടിക്കാൻ ‘ക്രൈസ്റ്റ് ഓഫ് പീസ്’; പിന്നണിയിൽ ഹോളിവുഡ് നടൻ

0
1360

മെക്സിക്കോ: ഈശോയുടെ ഏറ്റവും വലിയ പ്രതിമ നിർമ്മിക്കാൻ ഒരുങ്ങി പ്രോ ലൈഫ് പ്രവർത്തകനും ഹോളിവുഡ് നടനുമായ എഡ്യുയാർഡോ വെരാസ്തെഗി. 172 അടി ഉയരമുള്ള പോളണ്ടിലെ ‘ദി ക്രൈസ്റ്റ് കിങി’ന്റെ റെക്കോർഡ് മറികടക്കുന്നതാണ്‌
252 അടി ഉയരമുള്ള ‘ക്രൈസ്റ്റ് ഓഫ് പീസ്’ എന്ന രൂപം. മെക്സിക്കോയിലെ റ്റമോലിപാസ് എന്ന സംസ്ഥാനത്താണ് ഈ പ്രതിമ സ്ഥാപിക്കുന്നത്. സാമുഹ്യ പ്രാധാന്യമുള്ള നിരവധി വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കുകയും ഗർഭച്ഛിദ്രം പോലെയുള്ള നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്ന ഒരു പ്രൊ ലൈഫ് പ്രവർത്തകനാണ് വെരാസ്തെഗി.

മെക്സിക്കൻ ശില്പിയായ ഫെർണാഡോ റോമേറോ ആണ് പ്രതിമ രൂപകല്പന ചെയ്യുന്നത്. സമാധാനവും സ്നേഹവും പ്രതീക്ഷയും വിശ്വാസവും ഒക്കെ പ്രതിനിധീകരിക്കുന്ന ഈ ശില്പം ലോകാത്ഭുദങ്ങളിൽ ഒന്നായി മാറുമെന്നും അഭിപ്രായമുണ്ട്. പ്രതിമയോട് ചേർന്ന് 10, 000 പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഒരു ദൈവാലയവും നിർമ്മിക്കുന്നുണ്ട്. കൂടാതെ കോൺഫ്രൻസ് ഹാൾ, ഹോട്ടൽ, ലോഡ്ജ്, പാർക്കിങ് ഏറിയ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുന്നതും ആലോചനയിലുണ്ട്. പ്രതിമ നിർമ്മിക്കുന്നതിനെക്കുറിച്ച് അടുത്തുതന്നെ ഫ്രാൻസിസ് പാപ്പയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗായകനും മോഡലും നടനുമായ വെരാസ്തെഗി 1990ലാണ് സംഗീത നാടകങ്ങളിലൂടെ കലാരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. പിന്നീട് 2002ൽ അമേരിക്കയിലേയ്ക്ക് ചേക്കേറി സംഗീതത്തിലും അഭിനയത്തിലും തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് മെറ്റാണോ ഫിലിംസ് എന്ന നിർമ്മാണ കമ്പനി ആരംഭിക്കുകയും ക്രൈസ്തവ മുല്യങ്ങൾ ഉയർത്തിക്കാട്ടുന്ന നിരവധി സിനിമകൾ നിർമ്മിക്കുകയും ചെയ്തു. ഈ മേഖലയിൽ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.